ഇസ്ലാമാബാദ്: താലിബാന് വധശ്രമത്തെ അതിജീവിച്ച് പത്തുവര്‍ഷങ്ങള്‍ക്കുശേഷം പാക്കിസ്ഥാനിലെത്തി നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്സായ്. പാക്കിസ്ഥാനിലെ പ്രളയബാധിതരെ സന്ദര്‍ശിക്കാനാണ് മലാല ജന്മനാട്ടിലേക്ക് തിരിച്ചെത്തിയത്. ശക്തമായ കാറ്റും മഴയും പ്രളയവും മൂലം ബുദ്ധിമുട്ടുന്ന പാക്കിസ്ഥാന് രാജ്യാന്തര ശ്രദ്ധ ലഭിക്കാനും അതുവഴി ദുരന്തബാധിതര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കാനുമാണ് മലാലയുടെ സന്ദര്‍ശനം. പ്രളയത്തില്‍ പാക്കിസ്ഥാന് നാല്‍പ്പത് ബില്ല്യണ്‍ ഡോളറിലധികം നാശനഷ്ടമുണ്ടായതായി ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
പ്രളയം മൂലം എട്ട് ദശലക്ഷത്തിലധികം ആളുകള്‍ കുടിയൊഴിക്കപ്പെട്ടെന്നും ഇവരില്‍ പലരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിക്കാനും മാനുഷിക സഹായത്തിന്റെ ആവശ്യകത വ്യക്തമാക്കാനുമാണ് മലാല പാക്കിസ്ഥാന് സന്ദര്‍ശനം നടത്തുന്നതെന്ന് മലാലയുടെ സന്നദ്ധ സംഘടനയായ മലാല ഫണ്ട് പ്രസ്താനവയില് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പതിനഞ്ചുവയസ് മാത്രം പ്രായമുളളപ്പോഴാണ് പാക്കിസ്ഥാനില്‍വെച്ച് താലിബാന് മലാലയുടെ തലയ്ക്കുനേരെ വെടിയുതിര്‍ത്തത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചതാണ് താലിബാനെ പ്രകോപിപ്പിച്ചത്. വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായ മലാലയെ പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി ബ്രിട്ടനിലേക്ക് കൊണ്ടുപോവുകയായിരുന്നു. മലാലയുടെ തുടര്‍പഠനവും ബ്രിട്ടനിലായിരുന്നു. പിന്നീട് ആഗോളതലത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രചാരകയായി മലാല മാറി. സമാധാനത്തിനുളള നൊബേല്‍ ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞയാളാണ് മലാല.