മുംബൈ: രാജ്യത്തെ മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്ന കേന്ദ്രസര്‍ക്കാറിനും ബിജെപിക്കുമെതിരെ വിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുളള. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ രാജ്യത്തെ ജനങ്ങളെ ഒന്നിച്ചുനിര്ത്തണമെന്നും ഇന്ത്യ എല്ലാവര്ക്കും അവകാശപ്പെട്ടതാണെന്നും ഫാറൂഖ് അബ്ദുളള പറഞ്ഞു. എന്‍സിപിയുടെ മുതിര്‍ന്ന നേതാവ് ഛഗന്‍ ബുജ്പലിന്റെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ഞങ്ങള്‍ നിങ്ങളോടൊപ്പമാണുളളത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാജ്യത്തെ ഒന്നിച്ചുനിര്‍ത്തണം. ഞാന്‍ മുസ്ലീമാണ്. പക്ഷേ ഇന്ത്യന്‍ മുസ്ലീമാണ്. ചൈനീസ് മുസ്ലീമല്ല. എല്ലാവരും വ്യത്യസ്തരാണ്. എന്നാല്‍ നമുക്ക് ഒരുമിച്ച് ഈ രാജ്യം കെട്ടിപ്പടുക്കാം. അതിനെയാണ് സൗഹൃദമെന്ന് വിളിക്കുന്നത്. മതങ്ങള്‍ പരസ്പരം വെറുക്കാന്‍ ആളുകളെ പഠിപ്പിക്കുന്നില്ല. ഇത് ഹിന്ദുസ്ഥാന്‍ ആണ്. ഇവിടം എല്ലാവര്ക്കും അവകാശപ്പെട്ടതാണ്'- ഫാറൂഖ് അബ്ദുളള പറഞ്ഞു.
അടുത്തിടെ ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ മുസ്ലീങ്ങളെ സമ്പൂര്‍ണ്ണമായി ബഹിഷ്കരിക്കണമെന്ന് ബിജെപി നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫാറൂഖ് അബ്ദുളളയുടെ പ്രതികരണം.