മുംബൈ: രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന രാഷ്ട്രീയ നേതാവും എന്‍ സി പി ദേശീയ അധ്യക്ഷനുമായ ശരത് പവാറിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം 82 കാരനായ പവാറിന് നവംബര്‍ രണ്ടാം തിയ്യതിയോടെ പവാറിന് ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലും ശരത് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
നേരത്തെ നിശ്ചയിച്ച പരിപാടികള്‍ പ്രകാരം നവംബര്‍ ആദ്യവാരത്തില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്പുകളില്‍ പവാര്‍ പങ്കെടുക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇതില്‍ മാറ്റമുണ്ടാകില്ല എന്ന പ്രതീക്ഷയാണ് എന്‍ സി പി രുത്തങ്ങള് പങ്കുവെയ്ക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം പങ്കുചേരും എന്ന് അറിയിച്ചിരുന്നു. ഇതിലും മാറ്റമുണ്ടാകില്ല എന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്. ഭാരത് ജോഡോ യാത്രയില്‍ ചേരണമെന്ന രാഹുല്‍ ഗാന്ധിയുടെ ക്ഷണം പവാര്‍ സ്വീകരിച്ചതായി മഹാരാഷ്ട്രാ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോല അറിയിച്ചു.
മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രിയായ ശരത് പവാര്‍ കേന്ദ്ര പ്രതിരോധ മന്ത്രി, കൃഷി മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായ പവാര്‍ 1999 ലാണ് കോണ്‍ഗ്രസ് വിട്ട് എന്‍ സി പി രൂപീകരിച്ചത്. ഇക്കഴിഞ്ഞ മഹാരാഷ്ട്ര തെരെഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ബിജെപി ശിവസേന സഖ്യത്തില്‍ ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ഉപയോഗപ്പെടുത്തി എന്‍ സി പി, കോണ്‍ഗ്രസ് പിന്തുണയോടെ ശിവസേന സഖ്യ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നേതാവാണ് ശരത് പവര്‍. അടുത്ത ലോക്സഭാ തെരഞ്ഞടുപ്പില്‍ ബിജെപി വിരുദ്ധ മുന്നണിയുടെ മുന്നണിയില്‍ ഉണ്ടാകും എന്ന് കരുതപ്പെടുന്ന നേതാവുകൂടിയാണ് ശരത് പവാര്‍