രാജീവന്‍ തുടരും, പൂര്‍ണ്ണ വിരാമമില്ലാതെ- ദിലീപ് രാജ്

തലസ്ഥാന നഗരിയിൽ സുഹൃത്തുക്കൾക്കൊപ്പം ബുക്ക് പോർട്ട് പുസ്തകശാല നടത്തുന്ന കാലം. വൈകിട്ടൊരു പരിപാടി എന്ന നിലയ്ക്ക് സ്റ്റാച്യുവിൽ  ഒരു പൈന്റ് വാങ്ങാൻ ക്യൂ നിൽക്കുന്നു. പ്രീമിയം കൗണ്ടർ എന്ന മനുഷ്യോചിതമായ സംവിധാനമൊന്നും നിലവിൽ വന്നിട്ടില്ല. പെട്ടെന്ന് പുറകിൽ നിന്നും ഒരു കൈസ്പർശം.: ."എന്നാ പിന്നെ ഞാൻ വാങ്ങേണ്ടല്ലോ !" കുപ്പിയുമായി കരിമ്പനാൽ ജംക്ഷനിൽ ഡി സി ബുക്സിന് പുറകിലായുള്ള ലോഡ്ജിൽ മൂപ്പരുടെ മുറിയിലേക്ക്. ആ കൂടിയിരുപ്പിലാണ് ക്യൂ നിന്ന് കുപ്പി വാങ്ങുന്നതുമായി ബന്ധപ്പെട്ട തമാശ പങ്കുവെച്ചത്.

ടി പി രാജീവൻ അന്ന് കേരള ഗവണ്മെന്റിന്റെ സാംസ്കാരികോപദേഷ്ടാവാണ്. അങ്ങനെയുള്ള ആൾ പരസ്യമായി ക്യൂ നിന്ന് കള്ളു വാങ്ങുന്നു എന്ന പരാതി കോൺഗ്രസ്സുകാർ അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രിയായ കെ സി ജോസെഫിന്റെയടുത്ത് പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. " ടി.പി.രാജീവൻ തിരുവനന്തപുരത്തുള്ളത് അദ്ദേഹത്തിന്റെ കള്ളുകുടി നിർത്താൻ വേണ്ടിയല്ല. കേരള ഗവൺമെന്റിനെ സാംസ്‌കാരിക കാര്യങ്ങളിൽ ഉപദേശിക്കാൻ വേണ്ടിയാണ് !" അക്കാലത്ത് ബെൻ ഓക്രി തിരുവനന്തപുരത്തു വന്നപ്പോൾ ഞങ്ങളുടെ പുസ്തകശാല ഗംഭീരമായ ഒരു സെഷൻ സംഘടിപ്പിച്ചത് രാജീവന്റെ പിന്തുണയിലായിരുന്നു.

>>>>>

ഉപഭോക്താക്കൾ എന്ന നിലയ്ക്ക് കള്ളു വാങ്ങുന്നവരുടെ അവകാശങ്ങൾക്കു വേണ്ടി പരസ്യമായി വാദിച്ചു ലേഖനമെഴുതിക്കണ്ടിട്ടുള്ള ഒരേയൊരാൾ രാജീവനാവണം. മാതൃഭൂമിയിലോ മനോരമയിലോ മിഡിൽ പീസായിട്ടായിരുന്നു. സർക്കാർ ഔട്ട്ലെറ്റുകൾ മനുഷ്യരായി പോലും പരിഗണിക്കാത്ത തരത്തിലുള്ള മോറലിസത്തെ നിശിതമായി വിമർശിക്കാനുള്ള ആംപിയർ അദ്ദേഹത്തിണ്ടായിരുന്നു. മലയാളികളിൽ വെച്ച്, പ്രത്യേകിച്ചും മലയാളി എഴുത്തുകാരിൽ വെച്ച് താരതമ്യേന ലോകാനുഭവവും അത് വഴിയുള്ള തുറസ്സും അദ്ദേഹത്തിന് കൂടുതലായുണ്ടായിരുന്നു എന്നതാവാം ഇതിനുള്ള ഒരു കാരണം.

>>>>>>

2017-ൽ ബാബുഭരദ്വാജിന്റെ ഒന്നാം ചരമവാർഷികത്തിന് " നറുക്കിലക്കാട്  ഓട്ടോണമസ് റിപ്പബ്ലിക്ക് "എന്ന നോവൽ പ്രകാശിപ്പിക്കാൻ രാജീവനെയാണ് വിളിച്ചത്. അവർ രണ്ടാൾക്കും പല സമാനതകളും ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം തീവ്രമായ ജീവിതാസക്തിയാണ്. ജീവിതത്തിലുള്ള, ചെറിയ ചെറിയ കാര്യങ്ങളിലടക്കമുള്ള  ഇന്റെൻസ് ആയ താൽപ്പര്യം. മറ്റൊന്ന്‌, സ്വന്തം രചനകൾക്ക് അതർഹിക്കുന്ന നിരൂപകശ്രദ്ധ കിട്ടുന്നില്ലെന്ന നിരാശ. മരിക്കുന്നതിന് മുമ്പ് ഒരു ദിവസം ബാബുവേട്ടൻ കെ ടി എൻ കോട്ടൂർ വായിച്ച് ഏറെ നേരം എന്നോട് അതിൽ ആവേശം കൊണ്ട് സംസാരിച്ചിരുന്നു. അപ്പോൾ തന്നെ രാജീവനെ വിളിച്ചും സംസാരിച്ചു. മറുഭാഗത്ത് ഉണ്ടാവുന്ന സന്തോഷവും ചിരിയും എനിക്ക് കാണാമായിരുന്നു. രചനകളെക്കുറിച്ചുള്ള അത്തരം ഫീഡ്ബാക്ക് പോലെ മറ്റൊന്നും അവരെ രണ്ടു പേരെയും സന്തോഷിപ്പിക്കുമായിരുന്നില്ല. പുസ്തക പ്രകാശനത്തിന് നടത്തിയ പ്രസംഗത്തിൽ രാജീവൻ മലയാളി കുടുസ്സു മനോഭാവത്തിനു ഒരു കിഴുക്ക് കൊടുക്കാനാണ് ശ്രമിച്ചത്. അതിൽ ഇങ്ങനെ പറഞ്ഞു: " എന്തു കൊണ്ടാണ് കവിത ഇംഗ്ലീഷിൽ എഴുതുന്നത് എന്ന ചോദ്യത്തിന് മലയാളത്തിൽ കവിതയെഴുതുന്നത് ഗുരുവായൂരമ്പലത്തിൽ തൊഴാൻ പോവുന്ന പോലെയാണെന്നാണ് മാധവിക്കുട്ടി പറഞ്ഞത്. ഭയങ്കര ചിട്ട വട്ടങ്ങളാണ്. എപ്പോ എണീക്കണം, എവിടെ പ്രവേശിക്കണം, എന്തിടണം, എന്തിടാൻ പാടില്ല എന്നൊക്കെ. മലയാള കവിതയെ കുറിച്ച് ഇത്രയും നല്ല വേറൊരു നിരീക്ഷണം ഞാൻ കണ്ടിട്ടില്ല .

വള്ളുവനാടിന്റെ കുളക്കടവിലും നിലവിളക്കിലുമൊക്കെ അഭിരമിച്ചു നിന്ന മലയാള സാഹിത്യം ഭൂമിശാസ്ത്രപരവും ചരിത്ര പരവുമായ പരിമിതികളെ മറികടന്നത് പുറത്തു പോവലുകളിലൂടെയാണ്. മാധവിക്കുട്ടിയെ പോലെ കേരളത്തിന്റെ പരിമിതികൾക്കു പുറത്തേക്കു സഞ്ചരിച്ചവരാണ് കുമാരനാശാനും സക്കറിയയും എം. മുകുന്ദനും അടങ്ങുന്ന മലയാളത്തിലെ എഴുത്തുകാർ. കൽക്കത്തയ്ക്ക് പോയില്ലായിരുന്നെങ്കിൽ ആശാനിൽ ബൗദ്ധ പശ്ചാത്തലം വരുമോ എന്നത്  സംശയമാണ് .

എഴുത്തുകാരുടെ സഞ്ചാരങ്ങൾ എഴുത്തിനെ അടിമുടി മാറ്റിത്തീർത്തു. അതിലെ വ്യതിരിക്തമായ ഒരു വഴിയാണ് പ്രവാസത്തെ തുടർന്നുള്ള ബാബു ഭരദ്വാജിന്റെ എഴുത്ത് . "

പുറപ്പെട്ടു പോവാൻ ഒരുമ്പെട്ടവരുടെ മുൻ നിരയിൽ തന്നെ രാജീവന്റെയും പേര് .

>>>>>

ഇങ്ങനെയാണെങ്കിലും ചില കാര്യങ്ങളിൽ മലയാളി മൊറലിസത്തിന്റെ മുന്നണിയിൽ നിൽക്കാനും അദ്ദേഹം തയ്യാറാവാറുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വെച്ച് ചില സമരവേളകളിൽ അപ്രതീക്ഷിതമായ ഇത്തരം നിലപാടുകൾ നിമിത്തം അദ്ദേഹവുമായി കഠിനമായി കലഹിക്കേണ്ടി വന്നിരുന്നു. വി സി ഹാരിസിനെക്കുറിച്ച് ( ഹിഗ്വിറ്റ വിമർശവേളയിൽ) മാധ്യമത്തിൽ എഴുതിയ മോശം കമന്റിനെ കഠിനമായി വിമർശിച്ച് ഒരു ലഘു കുറിപ്പ് ഞാൻ എഴുതിയിരുന്നതും ഓർക്കുന്നു.

>>>>>>

വിമർശനം കൊണ്ടൊന്നും സൗഹൃദം ഇല്ലാതാവുന്ന തരമല്ല അദ്ദേഹം. ചെങ്ങന്നൂര് വെച്ച് സൗത്ത് ഇന്ത്യൻ റൈറ്റേഴ്‌സ് എൻസെംപ്ൾ നടത്തിയ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡയറക്ടറായിരുന്ന സമയത്ത് പരിപാടിയുടെ തലേന്ന് എനിക്കൊരു ഫോൺ കോൾ. " നീ രാത്രി വണ്ടി കേറി ചെങ്ങന്നൂർക്ക് പോരണം. " " ഡ്യൂട്ടി സർട്ടിഫിക്കറ്റ് തരുമോ ?" " അത് ഇപ്പോഴേ ഒപ്പിട്ടു വെച്ചേക്കാം". അവിടെ ചെന്നപ്പോൾ മുമ്പ് നിശ്ചയിച്ച രണ്ടു പാനലുകളിൽ പങ്കെടുക്കേണ്ട ദൗത്യമാണ് എന്നെ ഏൽപ്പിച്ചത്. ഒന്ന് മലയാള നിരൂപണത്തെക്കുറിച്ച് മലയാളത്തിൽ. മറ്റൊന്ന് സെക്കുലറിസത്തെക്കുറിച്ച് ഇംഗ്ളീഷിൽ.  ബ്രോഷറിൽ ടി.പി.രാജീവൻ എന്ന് വെച്ചിട്ടുള്ള പാനലുകളിലൊക്കെ പകരം ദിലീപ് എന്ന് ചേർക്കാൻ ( 'find and replace' ) ആണ് കമാൻഡ് ! അതിനു ശേഷം സ്വതഃസിദ്ധമായ നർമ / കുറുമ്പ് ഭാവത്തിലും ടോണിലും " x , y എന്നത് പോലെ ഒരു സേഫ്റ്റിക്ക് ഇട്ടു വെച്ചതാണ് ". ഒരു പ്രതിസന്ധി വന്നാൽ രണ്ടാമതാലോചിക്കാതെ വിളിക്കാനുള്ള സ്വാതന്ത്ര്യത്തിനു മേലെ  സൗഹൃദത്തിന് വേറൊരു നിർവവചനം സാധ്യമാണോ?

>>>>>

നേരിട്ട് പരിചയപ്പെടും മുമ്പാണ് "ഇ.എം.എസ്സും ഈഡിപ്പസും " പോലുള്ള ലേഖനങ്ങൾ വായിച്ചത്. രാജീവനിലെ അനുഗ്രഹീതനായ ആഖ്യാതാവ് (പിൽപ്പാട് നോവലുകൾ എഴുതുന്നതിനും മുമ്പ് തന്നെ) കോളമെഴുത്തിൽ സാന്നിധ്യമറിയിച്ചിരുന്നു. അപ്രതീക്ഷിതമായ കണ്ണി ചേർക്കലുകളും രസകരമായ ആഖ്യാനവുമാണല്ലോ കോളമെഴുത്തിന്റെ വിജയ രഹസ്യം. എം പി നാരായണപിള്ളയ്ക്കും മേതിലിനും ഡി സി കിഴക്കേമുറിക്കുമൊക്കെ ഒപ്പം കോളമെഴുത്തുകാർക്കിടയിൽ മുൻ നിരയിൽ വെക്കേണ്ട പേരുമാണ് രാജീവന്റേത്.

>>>>>

നാലു ദിവസം മുമ്പ് സി ജെ ജോർജ്ജ് വിളിച്ചപ്പോൾ രാജീവൻ ആശുപത്രിയിൽ വെച്ച് വിളിച്ച കാര്യം പറഞ്ഞു. രോഗാവസ്ഥയുടെ ഭാഗമായി ശരീരത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് സ്വയം കളിയാക്കിക്കൊണ്ട് നീങ്ങിയ സംസാരം കുറച്ചു മുന്നോട്ടു പോയി നിന്നു പോയ കാര്യം ഏറെ സങ്കടത്തോടെ ജോർജ്ജ് പറഞ്ഞു. സുഹൃത്തുക്കൾക്കറിയുന്ന രാജീവനിൽ സംസാരത്തിലുള്ള തീവ്രമായ ആവേശത്തിനും നിത്യമായ നർമത്തിനും അർധോക്തി സങ്കല്പിക്കാനാവില്ല.

സങ്കല്പിക്കാത്ത നേരത്ത് അദ്ദേഹം വിരമിക്കുന്നുവെന്ന് അപ്പോഴേ ഞങ്ങൾ ഉള്ളാലെ അറിഞ്ഞു. അസംഖ്യം സുഹൃത്തുക്കളിൽ അദ്ദേഹം തുടരുന്നു, പൂർണ വിരാമമില്ലാതെ.

ജീവിതം ജയിക്കട്ടെ !

("ഞാൻ പോയിട്ട് നീ ഒരു കവിതാശകലത്തിലും  തിരക്ക് പിടിച്ച മുക്കാൽ ഖണ്ഡികയിലും  എന്നെ ഒതുക്കിയല്ലേ "എന്ന കളിയാക്കൽ മനസ്സിൽ കണ്ടപ്പോൾ പൂർണ നീതി ചെയ്തില്ലെങ്കിലും ഇത്രയെങ്കിലും നീളത്തിൽ എഴുതണമെന്നു തോന്നി)

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More