അനുസരണയുടെ രാജ്യതന്ത്രം ഒരു പ്രവേശിക- മെഹജൂബ് എസ് വി

'അനുസരണയുടെ രാജ്യതന്ത്രം' എന്ന തലക്കെട്ടിൽ പ്രിയ സുഹൃത്ത് ടി വി മധു (Prof and Head of the dept of philosophy, Calicut University) നടത്തിയ പ്രഭാഷണത്തെ അതിൻ്റെ രാഷ്ട്രീയ പ്രാധാന്യം മുൻനിർത്തി ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്.

അനുസരണയെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ ആദ്യം അത് എന്താണ് എന്നും ആ വാക്കിൻ്റെ ഉൽപത്തി എവിടെ നിന്നാണ് എന്നും വിശദീകരിക്കുന്നുണ്ട്. ഇതാണ് തത്വശാസ്ത്ര വിശകലന രീതിയുടെ സ്വഭാവമെന്ന് പ്രഭാഷണ മധ്യേ അദ്ദേഹം വ്യക്തമാക്കുന്നുമുണ്ട്.

സരണം = ഒഴുക്ക്, സഞ്ചാരം.

അനു - സരണം = ഒപ്പം ഒഴുകുക അല്ലെങ്കിൽ സഞ്ചരിക്കുക.

ഇംഗ്ലീഷിൽ വിവർത്തനം  എന്ന രീതിയിൽ Obedience എടുക്കുകയും പിരിച്ചു പറഞ്ഞ് അതിൻ്റെ ലാറ്റിൻ ചാർച്ച വിശദീകരിക്കുകയും ചെയ്യുന്നു. Obedience ലെ ഒബെക് എന്ന മുൻപാതിക്ക് പ്രത്യേക ദിശയിലേക്ക് എന്നും രണ്ടാം പാതിക്ക് 'ശബ്ദത്തിന് ചെവിയോർക്കുക ' എന്നുമാണ് അർത്ഥം. അങ്ങനെ വരുമ്പോൾ Obedience ന് ഒരു പ്രത്യേക ദിശയിലെ ശബ്ദത്തിന് ചെവി കൂർപ്പിക്കുക എന്ന അർത്ഥം കിട്ടും. 'അനുസരണ'യിൽ 'ചെവി ക്കുള്ള അമിത ഊന്നലിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ ഈ ലാറ്റിൻ പദ വിശേഷണത്തിന് കഴിഞ്ഞു.

അനുസരണക്കേടിനെ സൂചിപ്പിക്കാൻ സംഭാഷണമധ്യേ പ്രയോഗിക്കാറുള്ള  'ചെവിക്കൊള്ളുന്നില്ല', "പറഞ്ഞതു കേൾക്കുന്നില്ല", "ഒരു കാതിലൂടെ കേട്ട് മറു കാതിലൂടെ വിടും" തുടങ്ങിയവയൊക്കെ ഈ വ്യവഹാരത്തിൽ ചെവിക്കുള്ള പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. ഒന്നും കാണാതിരിക്കാൻ കണ്ണടയ്ക്കാം, മിണ്ടാതിരിക്കാൻ വായടയ്ക്കാം. എന്നാൽ കേൾക്കാതിരിക്കാൻ ചെവിയടയ്ക്കാനാവില്ല. അത് എപ്പോഴും തുറന്നിരിക്കുകയും ആവശ്യവും അനാവശ്യവും തമ്മിലുള്ള വ്യവഛേദം സാധ്യമാകാത്ത വിധം എല്ലാ ശബ്ദങ്ങളേയും അകത്തേക്ക് കയറ്റി വിടുകയും ചെയ്യുന്ന ഇന്ദ്രിയമാണ്. ഈ ശബ്ദ പാരാവാരത്തിൽനിന്ന് ആവശ്യള്ളത് എന്ന് തോന്നുന്നതിന് മാത്രമാണ് ഒരാൾ ശ്രദ്ധ കൊടുക്കുന്നത്. അതുകൊണ്ടുതന്നെ അനുസരണയുടെ പര്യായമായി "ചെവികൊടുക്കുക " അല്ലെങ്കിൽ " ചെവിക്കൊള്ളുക " എന്നൊക്കെപ്പറയുന്നതിന് സാംഗത്യമുണ്ടായി വരുന്നു എന്ന് മധു വളരെ മനോഹരമായി വിശദീകരിക്കുന്നു.

മതപരമായ ശാസനകളെല്ലാം 'കേൾവി "യിൽ ഊന്നുന്നുണ്ട്. "ആദിയിൽ വചനമുണ്ടായി", "ദൈവം വചനമാണ് " എന്നതൊക്കെ ഇതുമായി ചേർത്തു വായിക്കാവുന്നതാണ്. ബൈബിളിൽ ഏറ്റവുമധികം ആവർത്തിച്ചു വരുന്ന പദമാണ് Obey എന്നത്. 'മനുഷ്യൻ ഒരു വളർത്തുമൃഗമാണ്' എന്ന പ്രസ്താവന വഴി 'അനുസരണ' യുടെ dynamics വിശദീകരിക്കുന്നു. വളർത്തുക എന്ന പ്രക്രിയയിൽ തന്നെ അനുസരണയുണ്ട്. അനുസരിച്ചും അനുസരിപ്പിച്ചുമാണ് മനുഷ്യർ രൂപപ്പെടുന്നത്.

അനുസരണം അഥവാ കൂട്ടത്തിൽ ഒഴുകുക എന്നത് അനുസരണമല്ല. ഒരു വസ്തു മുകളിലേക്കിട്ടാൽ താഴോട്ടുവരുന്നു എന്നത്, ഒരു വസ്തു ഒഴുക്കിൽ പെട്ട് ഒഴുകിപ്പോകുന്നു എന്നത് ആ വസതുവിൻ്റെ അനുസരണയെ സൂചിപ്പിക്കുന്നില്ല. അത് പ്രകൃതി നിയമം മാത്രമാണ്. അതിൽ choice ഇല്ല, അല്ലെങ്കിൽ തീരുമാനമില്ല. അനുസരണക്കേടിൻ്റെ സാധ്യത നിലനിൽക്കുമ്പോൾ മാത്രം പ്രവർത്തനക്ഷമമാകുന്ന ഒന്നാണ് അനുസരണ.

ഒരാൾ free will ഓടുകൂടി തീരുനിക്കുന്ന കാര്യമാണ് അനുസരിക്കുക എന്നത്. കൊല്ലപ്പെടാതിരിക്കാനുള്ള സാധ്യതയെ നിരസിച്ച് മരണം തെരഞ്ഞെടുക്കുന്ന സോക്രട്ടീസിൻ്റെ തീരുമാനം ഇവിടെ ഉദാഹരിക്കപ്പെടുന്നുണ്ട്. സോക്രട്ടീസിനെ വിഷം കൊടുത്ത് കൊല്ലുന്നതിന് മുൻപ് ഭരണകൂടത്തിൽ സ്വാധീനമുള്ള ധനികനായ ശിഷ്യൻ അദ്ദേഹത്തിന് മുന്നിൽ ഒരു ഓഫർ വെക്കുന്നുണ്ട്. "തെറ്റായ ചിന്തകളാൽ ജനങ്ങളെ വഴിതെറ്റിക്കുന്നു" എന്ന ഭരണകൂട ആരോപണത്തെ മറികടക്കാൻ ഒരു ദ്വീപിലേക്ക് രക്ഷപ്പെടുത്താമെന്നും പിന്നീട് ഇത്തരം കാര്യങ്ങളിൽ ഇടപെടരുത് എന്നുമാണ് സോക്രട്ടീസിന് മുന്നിൽ വെയ്ക്കുന്ന ഉപാധി.

'പരിശോധിക്കപ്പെടാത്ത ജീവിതം ജീവിതയോഗ്യമല്ല' എന്ന തത്വത്തിൽ അടിയുറച്ച് നിൽക്കുന്ന തനിക്ക് ഈ ഉപാധി അംഗീകരിക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കുന്ന സോക്രട്ടീസ് ഒരു കാര്യം കൂടി ഊന്നിപ്പറയുന്നു. നീതിയെന്നാൽ ഒരു വ്യവസ്ഥയെ അംഗീകരിക്കലാണ്. അതിൽനിന്ന് ഒളിച്ചേടുക എന്നാൽ ആ വ്യവസ്ഥയെ അംഗീകരിക്കാതിരിക്കലോ ധിക്കരിക്കലോ ആണ്. ഒരു വ്യവസ്ഥ തെറ്റാണെങ്കിലും അതിനെ അംഗീകരിക്കലാണ് നീതിയെന്നതുകൊണ്ട് താൻ മരണം തെരഞ്ഞെടുക്കുന്നുവെന്ന് സോക്രട്ടീസ് പ്രഖ്യാപിക്കുന്നു. സോക്രട്ടീസീൻ്റെ ഈ തീരുമാനം ഒരർത്ഥത്തിൽ ആത്മഹത്യ ചെയ്യാനുള്ള തീരുമാനമായി വ്യാഖ്യാനിക്കാം. ജീവിച്ചിരിക്കാനുള്ള സാധ്യതയെ തിരസ്കരിച്ച് മരിക്കാൻ തീരുമാനിക്കുകയാണ് സോക്രട്ടീസ്. ഇത്തരത്തിൽ വ്യവസ്ഥയെ അനുസരിക്കലാണ് നീതി എന്ന ഈ ബോധ്യത്തിൽ നിന്നാണ് പാശ്ചാത്യ രാഷ്ട്രീയ വ്യവസ്ഥയുടെ അടിസ്ഥാന ധാർമ്മികത കെട്ടിപ്പടുത്തിരിക്കുന്നത് എന്ന് മധു പറയുന്നു.

നിരവധി ക്രൂരമായ കൊലപാതകങ്ങൾക്ക് നേതൃത്വം നൽകിയ ഒരു നാസി ഉദ്യോഗസ്ഥനെ വിചാരണ ചെയ്തതിനെ കുറിച്ച് അന്നാ ആറൻ്റിനെ ഉദ്ധരിച്ച് പ്രഭാഷകൻ സംസാരിക്കുന്നുണ്ട്.

വിചാരണാ വേളയിൽ താൻ നടത്തിയ കൂട്ടക്കൊലകളൊന്നും അയാളെ ബാധിക്കുന്നതായി തോന്നിയില്ല. യാതൊരു വിധ പശ്ചാത്താപവും അനുഭവിക്കാത്ത അയാൾ "എന്നെ ശിക്ഷിക്കുന്നതോ, കൊലയുടെ ഉത്തരവാദിത്തം എന്നിൽ അടിച്ചേൽപ്പിക്കുന്നതോ ശരിയല്ല, ഞാൻ തന്നിഷ്ടപ്രകാരം ഒന്നും ചെയ്തിട്ടില്ല. മുകളിൽ നിന്നുള്ള ഉത്തരവുകൾ പാലിക്കുക മാത്രമാണ് ചെയ്തത്" എന്ന് വാദിക്കുകയാണ് ചെയ്യുന്നത്. അതായത് നേരത്തെ സൂചിപ്പിച്ചത് ഒന്നുകൂടെ വിശാലമായി പറഞ്ഞാൽ ആധുനിക ജനാധിപത്യ ഭരണകൂടങ്ങളുടെ അടിത്തറയൂടെ ഭാവി നിർണ്ണയിക്കുന്ന ഒരു ഘടകമായി എങ്ങനെ അനുസരണ മാറി എന്ന് പരിശോധിക്കാൻ ഇതെല്ലാം മതിയായ ഉദാഹരണങ്ങളാണ് എന്ന് ടി വി മധു അടിവരയിടുന്നു.

അനുസരിക്കാനും അനുസരിക്കാതിരിക്കാനും ബാഹ്യസമ്മർദ്ദങ്ങളുണ്ടായിരിക്കെത്തന്നെ ഒരാൾ അനുസരിക്കാനോ അനുസരിക്കാതിരിക്കാനോ തീരുമാനിക്കുന്നത് അത്തരത്തിലൊരു തീരുമാനമെടുക്കാൻ അയാൾക്ക് free will ഉണ്ടായത് കൊണ്ടാണ്. "മനുഷ്യർ സ്വതന്ത്രരാകാൻ ശപിക്കപ്പെട്ട ജീവിയാണ്" എന്ന സാർത്ര് വചനം ഇവിടെ കോട്ട് ചെയ്യപ്പെടുന്നുണ്ട്. സ്വാതന്ത്ര്യം ത്യജിക്കാൻ തീരുമാനിക്കുന്ന ആ moment ൽ ഒരാൾ  l Should obey എന്ന് പറയും.

സ്വതന്ത്രമായ ഇഛയുള്ള ഒരാൾ എന്തുകൊണ്ടാണ് അനുസരിക്കാൻ തയാറാകുന്നത് എന്നതിനുള്ള ഉത്തരം ഇതിലുണ്ട്. അനുസരണയെ സംബന്ധിച്ച മധുവിൻ്റെ ആലോചനകൾ മനുഷ്യരുടെ ഇഛ, സ്വാതന്ത്ര്യം, എൻലൈറ്റൻഡ്മെൻ്റ്, സ്റ്റേറ്റ് എന്നിവയിലേക്ക് കൂടുതൽ സൂക്ഷ്മതലത്തിൽ പ്രവേശിക്കുന്നതാണ് പ്രഭാഷണത്തിൻ്റെ രണ്ടാം ഭാഗത്തിൽ കാണാൻ കഴിയുക.

ഭരണകൂടത്തെ അനുസരിക്കുന്നത്  നമ്മുടെ തന്നെ പ്രതിരൂപമായി ഭരണകൂടത്തെ നാം കാണുന്നത് കൊണ്ടാണ്.

മനുഷ്യർ സ്വതന്ത്രരായാണ് ജനിക്കുന്നത്. ഇഛയും സ്വാതന്ത്ര്യവുമുള്ള മനുഷ്യർ അക്കാരണം കൊണ്ടുതന്നെ പരസ്പരം കലഹിക്കാനും മറ്റുള്ളവരുടെ choice നും free will നും വിഘാതമായി നിൽക്കാനുമുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ആ സാധ്യത സുരക്ഷിത ബോധത്തിന് ഭീഷണിയാണ്. അതുകൊണ്ട് ഭരണകൂടവുമായി വ്യക്തിയുണ്ടാക്കുന്ന ഉടമ്പടിയാണ് അനുസരണ.

സ്വതന്ത്ര്യത്തിന് പകരം സുരക്ഷ state വാഗ്ദാനം ചെയ്യുന്നു. അനുസരിക്കുമ്പോൾ ഈ ഉടമ്പടി പാലിക്കപ്പെടുകയാണ്. state ശരീരത്തിൽ പേറുന്ന വ്യക്തിയും state ഉം തമ്മിൽ വേർതിരിക്കാനാവാത്ത ബന്ധം ഇവിടെ രൂപപ്പെടുന്നു. ഒരാൾ State നെ അനുസരിക്കുമ്പോൾ അയാൾ അനുസരിക്കുന്നത് തന്നെത്തന്നെയായിത്തീരുന്നുണ്ട് എന്ന് ഇവിടെ നാം മനസ്സിലാക്കുന്നു. അനുസരിക്കുക എന്നത് ആധുനിക ജനാധിപത്യ രാഷ്ട്ര വ്യവസ്ഥയിൽ പൗരൻ്റ ഡ്യൂട്ടിയായി പരിഗണിയ്ക്കപ്പെടുന്നതും അതുകൊണ്ടാണ്.

free will നാൽ എന്തിനെയും മറികടക്കാനുള്ള മനുഷ്യരുടെ സഹജമായ സ്വാതന്ത്യബോധത്തെ, സാർത്രിന് മേൽ ഇമ്മാനുവൽ കാൻ്റിനെ കൂടി ഉദ്ധരിച്ച് വ്യക്തത വരുത്തുന്ന പ്രഭാഷകൻ അതിനനുസരിച്ച് കോലം മാറുന്ന state ൻ്റെ തന്ത്രങ്ങളെയും ശ്രോദ്ധാവിൻ്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നുണ്ട്.

What is enIightenment ?എന്ന ചോദ്യത്തിന് "മനുഷ്യർക്ക് ചിന്തിക്കാനുള്ള, മറ്റൊന്നിനെയും ആശ്രയിക്കാതെ നിൽക്കാനുള്ള അവസ്ഥയാണ് എന്നും enlightend ആയ വ്യക്തികൾ ഉള്ളിടത്ത് Archy (ഭരണകൂടം അഥവാ രാജകത്വം ) ആവശ്യമില്ല " എന്നുമാണ് എൻലൈറ്റൻഡ്മെൻ്റിനെ കുറിച്ചുള്ള ഇമ്മാനുവൽ കാൻ്റിൻ്റെ ഉദ്ധരണി. ഒരു ക്രമത്തിൽ അഥവാ വ്യവസ്ഥയിൽ പങ്കെടുക്കാനുള്ള duty ഒരാൾക്കില്ലാത്ത അവസ്ഥയാണ് anarchy. ഒരു ക്രമത്തിലെ Property എന്ന നിലയിൽ നിന്ന് വിടുതൽ  പ്രഖ്യാപിക്കലാണ് സ്വതന്ത്ര്യം. 

അടിമയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം എന്നത് ഒരു property യുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് എന്ന് പറഞ്ഞുവെച്ചുകൊണ്ട് പതിയെ മാർക്സിലേക്കും ഗാന്ധിയിലേക്കും മധു പ്രവേശിക്കുന്നു.

ഭരണകൂടത്തെ  ശരീരത്തിൽ നിന്ന് കുടഞ്ഞുകളയുന്നതോടെ വ്യക്തിക്ക് സ്വന്തം ശരീരത്തിൽ അവകാശം സിദ്ധിക്കുകയാണ്. അങ്ങിനെ വരുമ്പോൾ മാർക്സ് പറയുന്നതുപോലെ ഒരാളുടെ labour power അയാൾക്ക് ആർക്കു വേണമെങ്കിലും വിൽക്കാം. അത് പിന്നീട് കൂലി അടിമത്തത്തിലേക്ക് വഴി മാറുന്നു എന്ന സാധ്യതയും വിവരണത്തിൽ മധു വിട്ടു കളയുന്നില്ല.

'ഡ്യൂട്ടി ടു ഒബെ' എന്ന ആധുനിക State ൻ്റെ മൂല്യത്തെ ചോദ്യം ചെയ്തു കൊണ്ട് 'Why should we Obey?'എന്ന് ചോദിച്ച രണ്ടു വഴികളാണ് മാർക്സും ഗാന്ധിയും എന്ന് ഭരണകൂടത്തിൻ്റെ കൊഴിഞ്ഞുവീഴൽ എന്ന മാർക്സിയൻ സങ്കൽപ്പവും ഗാന്ധിയുടെ disobedience movement ഉം ഉദാഹരിച്ച് പ്രഭാഷകൻ സമർത്ഥിക്കുന്നു.

freedom അത്യന്തം സ്ഫോഡകശേഷിയുള്ള ഒന്നാണ്. Free will, Choice എന്നിവയെല്ലാം ആധുനിക വ്യക്തി ശരീരത്തിൽ സന്നിഹിതമാണ്. സ്വാതന്ത്ര്യത്തെ കൊല്ലുക എളുപ്പമല്ലാത്തതിനാൽ കൊല്ലാക്കൊല ചെയ്യുകയാണ് പുതിയ തന്ത്രം. അതിനുള്ള വഴി സ്നേഹമാണ്. കൊല്ലുന്നതിന് പകരം സ്നേഹിക്കുക. രണ്ടും ഒന്നുതന്നെയാകുന്ന ധൃതരാഷ്ട്രാലിംഗനമാണ് ആധുനിക ക്ഷേമരാഷ്ട്ര സങ്കൽപ്പം. ആധുനിക രാഷ്ട്രം നല്ല ഇടയരായി മാറുന്നു. അത് കൂട്ടം തെറ്റിയ Individul നെ തേടി പോവുന്നു. ഓരോ വ്യക്തിയുടേയും ഒരോ കാര്യവും ശ്രദ്ധിക്കലാണ് നല്ല ഇടയൻ്റെ ലക്ഷണം. പ്രജകൾക്ക് വേണ്ടി സ്വയം ത്യജിക്കാൻ സന്നദ്ധതയുള്ള സ്നേഹം അത് പ്രകടിപ്പിക്കും.

ഈ സ്നേഹത്തിന് മുന്നിൽ നമ്മുടെ സ്വാതന്ത്ര്യത്തോടൊപ്പം സ്വകാര്യതയും നാം ത്യജിക്കും. ഒരാളുടെ സ്വകാര്യതയിലേക്ക് തുറന്നു വെയ്ക്കുന്ന CCTV അയാളെ അലോസപ്പെടുത്താതിരിക്കുന്നത് സുരക്ഷക്ക് പകരം നൽകുന്ന സ്വാതന്ത്ര്യം കൂടുതൽ കൂടുതൽ ഉദാരമാകുന്നതിൻ്റെ തെളിവാണ്. ഒരാളെ നിരീക്ഷിക്കുക എന്നത് State ൻ്റെ അവകാശമാകുമ്പോൾ നിരീക്ഷിയ്ക്കപ്പെടുക എന്നത് state നെ സ്വ ശരീരത്തിൽ വഹിക്കുന്ന വ്യക്തിയുടേയും അവകാശമായിത്തീരുകയാണ്. അതായത് ഇതുവരെ ഒരു വ്യക്തിയുടെ duty ആയിരുന്നു അനുസരിക്കുക എന്നത്. എന്നാൽ ഇനിമേൽ അത് ഒരാളുടെ right ആയിത്തീരുകയാണ്. അവിടേയ്ക്കാണ് അനുസരണയുടെ രാജ്യതന്ത്രം നീങ്ങിക്കൊണ്ടിരിക്കുന്നത്.

NB :ഇത്രയൊക്കെയാണ് Prof. T .V. Madhu വിൻ്റെ പ്രഭാഷണത്തിൽ നിന്ന് മനസ്സിലാക്കിയെടുത്തത്. എൻ്റെ മനസ്സിലാക്കലിൻ്റെ പരിമിതികൾക്ക് മധു കുറ്റക്കാരനല്ലാത്തതുകൊണ്ട് ഇത് മധുവിൻ്റെ പ്രഭാഷണത്തിൻ്റെ കുറ്റമറ്റ ചുരുക്കെഴുത്തായി പരിഗണിക്കരുതെന്ന് അപേക്ഷിക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

National Desk 5 days ago
Social Post

'പുതുമുഖങ്ങളെ സഹായിച്ച് സമയം കളഞ്ഞു, ഇനി എന്നെ കാണാന്‍ പണം നല്‍കണം'; കൂടിക്കാഴ്ച്ചയ്ക്ക് ഫീസ് നിശ്ചയിച്ച് അനുരാഗ് കശ്യപ്‌

More
More
Web Desk 1 week ago
Social Post

'സംസ്‌കാരഹീനമായ വൃത്തികെട്ട പ്രവൃത്തി' ; ജാസി ഗിഫ്റ്റിനെ അപമാനിച്ചതില്‍ ജി വേണുഗോപാല്‍

More
More
Web Desk 2 weeks ago
Social Post

വടകരയിലെ ആള്‍ക്കൂട്ടം കണ്ട് ആരും തിളയ്ക്കണ്ട, അത് ലീഗിന്റെ പണത്തിന്റെ പുളപ്പാണ്- കെ ടി ജലീല്‍

More
More
K T Kunjikkannan 1 month ago
Social Post

ഫാസിസത്തെ നാം പ്രണയം കൊണ്ട് പ്രതിരോധിക്കും- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 1 month ago
Social Post

ആ 'മഹാനെ'ത്തേടി ഭാരതരത്‌നം മലപ്പുറത്തെത്തിയാല്‍ അത്ഭുതപ്പെടാനില്ല; സാദിഖലി തങ്ങള്‍ക്കെതിരെ കെ ടി ജലീല്‍

More
More
Niveditha Menon 2 months ago
Social Post

ഒരു സംസ്കാരത്തിന്റെ മരണത്തിന്റെ കഥയാണ് അയോദ്ധ്യ - നിവേദിത മേനോൻ

More
More