കൊച്ചി: വിനീത് ശ്രീനിവാസന് നായകനായെത്തിയ മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് റീമേയ്ക്കിംഗിന് ഒരുങ്ങുന്നു. തമിഴിലെ രണ്ട് മുൻനിര പ്രൊഡക്ഷൻ കമ്പനികൾ ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കാൻ അണിയറപ്രവർത്തകരെ സമീപിച്ചുവെന്ന് സംവിധായകൻ അഭിനവ് സുന്ദർ നായക് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. സിനിമ പലഭാഷകളിലേക്ക് റീമേയ്ക്കിംഗ് ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം 11- നാണ് മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് റിലീസ് ചെയ്തത്. സിനിമയുടെ ആദ്യദിനം മുതല്‍ വിനീത് ശ്രീനിവാസന് വളരെ പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ കഴിഞ്ഞ ചിത്രം കൂടിയായിരുന്നു മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്.
അതേസമയം, മുകുന്ദന് ഉണ്ണി അസോസിയേറ്റ്സിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് ശ്രീനിവാസന് ആരാധകരോട് പറഞ്ഞിരുന്നു. സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് വിനീത് ശ്രീനിവാസന് മുകുന്ദന് ഉണ്ണി അസോസിയേറ്റ്സിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന പ്രതീക്ഷ ആരാധകരുമായി പങ്കുവെച്ചത്. 'രണ്ടാം ഭാഗത്തിന്റെ ഐഡിയ അഭി എന്നോട് പറഞ്ഞപ്പോള്‍ അതില്‍ ഒരു കൗതുകം തോന്നി. ഞങ്ങള്‍ അത് വര്‍ക്ക് ചെയ്യുകയാണ്. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' രണ്ടാം ഭാഗം 2024ലായിരിക്കും എന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. ഇതിനിടയിലാണ് സിനിമ റീമേയ്ക്കിംഗിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡോക്ടര്‍ അജിത് ജോയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് നിര്‍മിച്ചത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. ഡാർക്ക് കോമഡി, ഡ്രാമ, ത്രില്ലർ വിഭാഗങ്ങളിലെല്ലാം ഉൾപ്പെടുത്താവുന്ന ചിത്രമാണ് 'മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്' എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. വിനീത് ശ്രീനിവാസനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, ആർഷ ചാന്ദിനി ബൈജു, നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരാണ് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.