സുധാകരന്‍ ഈ നാക്കുപിഴയുമായി എത്രനാള്‍ അധ്യക്ഷ പദവിയില്‍ തുടരും- ക്രിസ്റ്റിന കുരിശിങ്കല്‍

സാംസ്കാരിക, രാഷ്ട്രീയ എകാധിപത്യത്തിനെതിരെ ഇടതടവിലാതെ പടവെട്ടുന്ന രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിക്ക് കേരളത്തിലെ അദ്ധ്യക്ഷന്‍റെ നാവും നിലപാടും തലവേദന സൃഷ്ടിക്കുകയാണ്. ഒന്നും രണ്ടും തവണയല്ല സുധാകരന്‍റെ നാവിന്‍ തുമ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കും തൂങ്ങിയാടേണ്ടി വരുന്നത്. ദേശിയ തലത്തില്‍ മോദിയുടെയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെയും വര്‍ഗീയ ഫാസിസ്റ്റ് നയസമീപനങ്ങളോട് ഏറ്റുമുട്ടുക എന്ന കടമ നിറവേറ്റാനാണ് തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. അതിന്‍റെ ഭാഗമായാണ് 'ഒന്നിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന ഭാരതം എന്ന മുദ്രാവാക്യം' ഉയര്‍ത്തി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഭാരത് ജോഡോ യാത്ര നടക്കുന്നത്. ഈ യാത്ര ദേശിയ തലത്തില്‍ കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജം പ്രധാനം ചെയ്തിട്ടുണ്ട്  എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ദുര്‍ബ്ബലമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് തങ്ങളുടെ പ്രതിഛായ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അത്തരം പരിശ്രമങ്ങളെ മുഴുവന്‍ നിഷ്പ്രഭമാക്കുന്ന സമീപനം കെ സുധാകരനില്‍ നിന്നുമുണ്ടാകുന്നത്. ഇത് 2024 ന്‍റെ പ്രതീക്ഷകളെ പ്രതികൂലമായി ബാധിക്കും എന്ന് നിസ്സംശയം പറയാം. ഇടതടവില്ലാതെ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന കെ സുധാകരന് എല്ലാം നാക്കു പിഴയാണെന്ന് പറഞ്ഞൊഴിയാന്‍ കഴിയില്ല. പുതിയ കാലത്തിന്റെ സാംസ്കാരിക യുക്തികളിലേക്ക് വളരാന്‍ കഴിഞ്ഞിട്ടില്ലാത്തതിന്റെ പ്രശ്നവും സംഘപരിവാര്‍ രാഷ്ട്രീയത്തോട് കണക്കുതീര്‍ത്ത് എതിര് നില്‍ക്കാന്‍ കഴിയും വിധമുള്ള രാഷ്ട്രീയ ദാര്‍ഢൃമില്ലായ്മയും സുധാകരന്റെ രാഷ്ട്രീയ നിലപാടുകളെ ദുര്‍ബ്ബലപ്പെടുത്തുന്നുണ്ട് എന്ന് നിസ്സംശയം പറയാന്‍ കഴിയും. കോണ്‍ഗ്രസുകാര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടാകാമെങ്കിലും  'കെ സുധാകരന്‍ കുറച്ചുകൂടി കാര്യങ്ങള്‍ പഠിക്കാനും മനസിലാക്കാനും ശ്രമിക്കണം' എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്‍റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വളരെ പ്രസക്തമാണ്.

മുന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ അനിഷേധ്യനായ നേതാവുമായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റു വര്‍ഗ്ഗീയ ഫാസിസത്തോടുപോലും സന്ധി ചെയ്ത നേതാവാണ്‌ എന്ന ജനങ്ങളെ നടുക്കുന്ന പ്രസ്താവനയാണ് കെ പി സി സി പ്രസിഡന്‍റ് ഏറ്റവും ഒടുവില്‍ നടത്തിയത്. നെഹ്രുവിന്റെ മനസ്സിന്റെ വിശാലത വ്യക്തമാക്കുക എന്നതായുന്നുവത്രേ ഈ മണ്ടന്‍ പ്രസ്താവനയിലൂടെ അദ്ദേഹം ഉദ്ദേശിച്ചത്. കാര്യം മനസ്സിലായതോടെ രായ്ക്കുരാമാനം മാപ്പപേക്ഷയുമായി മണിക്കൂറുകള്‍ക്കകം തന്നെ പത്രക്കുറിപ്പിറക്കി. കെ സുധാകരന്‍ മാപ്പ് പറഞ്ഞതിനാല്‍ ആ അധ്യായം അവസാനിപ്പിക്കണമെന്നാണ് കെ സി വേണുഗോപാലിന്‍റെ നിര്‍ദ്ദേശം. എ ഐ സി സി ജനറല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശമായതിനാല്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുധാകരന്‍റെ പ്രസ്താവന വിട്ടുകളഞ്ഞു കാണും. എന്നാല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി വര്‍ഗീയ ഫാസിസ്റ്റുകളോട് പോലും സന്ധി ചെയ്യാന്‍ മനുസുള്ളയാളാണെന്ന കെ സുധാകരന്‍റെ പ്രസംഗം കേരളത്തിലെ നിക്ഷ്പരായ കുറെയധികം ആളുകളുടെ മനസ്സില്‍ ഇങ്ങനെ മായാതെതന്നെ  കിടക്കും. ഇത്തരത്തില്‍ രാഷ്ട്രീയ കേരളം ഓരോ കാര്യത്തെയും അത്രമേല്‍ ആഴത്തിലാണ് വിശകലനം ചെയ്യുന്നത് എന്ന് മനസ്സിലാക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് കഴിയേണ്ടതാണ്. 

സുധാകരന്‍ കെ പി സി സി അധ്യക്ഷ സ്ഥാനത്തു തുടരണോയെന്ന ചോദ്യം കോണ്‍ഗ്രസുകാര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചു തുടങ്ങിയിട്ടുണ്ട്. മാപ്പപേക്ഷ കൊണ്ട് പ്രശ്നം തീരില്ല എന്നായിരുന്നു മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ മുരളീധരന്റെ ആദ്യ പ്രതികരണം. വിഷയത്തില്‍ തങ്ങളുടെ അണികള്‍ക്കിടയില്‍ ഉണ്ടാകാന്‍ ഇടയുള്ള മുറുമുറുപ്പ് മുന്നില്‍കണ്ട് ഉന്നതാധികാര സമിതി ചേരാന്‍ തീരുമാനിച്ച ലീഗും അയഞ്ഞു. കെ സുധാകരന്‍റെ പ്രസ്താവന മറക്കാനും പൊറുക്കാനും അദ്ദേഹത്തെ മതേതരവാദിയാക്കാനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നു. 'തനിക്ക് തോന്നിയാല്‍ താന്‍ ബിജെപിയിലേക്ക് പോകും'  എന്ന് മുന്‍പൊരിക്കല്‍ പറഞ്ഞ സുധാകരന്‍ അങ്ങനെ ചെയ്തുകളയുമൊ എന്ന ഭയാശങ്കയാണ് ഇവരുടെയെല്ലാം ചടുല നീക്കങ്ങള്‍ക്ക് പിന്നില്‍ എന്ന് കൂടി സംശയിക്കേണ്ടിയിരിക്കുന്നു. 

സുധാകരന്‍ അടുത്തിടെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ 

  • ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാല്‍ പോകും
  • നെഹ്‌റു വര്‍ഗീയ ഫാസിസ്റ്റുകളോട് പോലും സന്ധി ചെയ്തു
  • ചെത്തുകാരന്‍റെ മകന്‍
  • തരൂരിനെതിരെയുള്ള ട്രെയിനി പരാമര്‍ശം
  • തെക്ക് വടക്ക് പരാമര്‍ശം 
  • ആര്‍ എസ് എസ് ശാഖയ്‌ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ട്
  • നെഹ്‌റു വര്‍ഗീയ ഫാസിസ്റ്റുകളോട് പോലും സന്ധി ചെയ്തു

ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാല്‍ പോകും

ബിജെപിയിലേക്ക് പോകാന്‍ തോന്നിയാല്‍ പോകുമെന്ന കെ സുധാകരന്‍റെ പ്രസ്താവന വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ''ചില ദൂതര്‍ എന്നെ കാണാനെത്തിയിരുന്നു എന്നത് സത്യമാണ്. ചില ബി.ജെ.പി. നേതാക്കള്‍ അമിത് ഷായെ കാണാന്‍ താത്പര്യമുണ്ടോ എന്നു ചോദിച്ചു. ബി.ജെ.പിയുമായി യോജിച്ചു പോകാന്‍ കഴിയുമെന്ന് എനിക്ക് തോന്നിയാല്‍ 'I will go with BJP'. അത് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യം എനക്കില്ല''- എന്നാണ് ഒരു അഭിമുഖത്തില്‍ സുധാകരന്‍ പറഞ്ഞത്. ഇതുവലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. കെ സുധാകകരന്‍ കെ പി സി സി പ്രസിഡന്റ് ആയി സ്ഥാനമേറ്റെടുത്തപ്പോള്‍ ഇടതുപക്ഷം ഈ പരാമര്‍ശം ലൈവായി നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

തൃക്കാക്കരയിലെ നായ പരാമര്‍ശം

തൃക്കാക്കര തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെയായിരുന്നു കെ സുധാകരന്റെ മറ്റൊരു വിവാദ പരാമർശം. മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെ വിമര്‍ശിക്കാനാണ് സുധാകരൻ 'നായ' പരാമർശം നടത്തിയത്.

ചെത്തുകാരന്‍റെ മകന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ 'ചെത്തുകാരന്റെ മകൻ' പരാമർശവും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 'ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍' എന്നായിരുന്നു സുധാകരന്റെ പരാമർശം. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ പരിഹസിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായി ജാതീയാധിക്ഷേപമാണ് സുധാകരന്‍ നടത്തിയത് എന്ന ആരോപണമാണ്  അദ്ദേഹത്തിനെതിരെ ഉയര്‍ന്നത്. 

തരൂരിനെതിരെയുള്ള ട്രെയിനി പരാമര്‍ശം

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയ്ക്കെതിരായി മത്സരിച്ച ശശി തരൂർ എം.പിക്കെതിരേയും അദ്ദേഹത്തിന്റെ 'നാക്കുപിഴ' ഉണ്ടായി. ശശി തരൂരിനെ ട്രയ്നിനി എന്നുവിളിച്ചാണ് കെ സുധാകരന്‍ അധിക്ഷേപിച്ചത്. ഇതിനെതിരെ തരൂര്‍ തന്നെ രംഗത്തെത്തിയിരുന്നു.

തെക്ക് വടക്ക് പരാമര്‍ശം 

തെക്ക്- വടക്ക് മേഖലയിലെ രാഷ്ട്രീയക്കാരെ പരസ്പരം താരതമ്യം ചെയ്തുള്ള വിവാദപരാമര്‍ശവും വലിയ തോതിൽ ചർച്ചയായിരുന്നു. രാവണനെ വധിച്ച ശേഷം സീതയ്ക്കും ലക്ഷ്മണനുമൊപ്പം പുഷ്പക വിമാനത്തില്‍ തിരിച്ചുവരുമ്പോള്‍ ലക്ഷ്മണനും രാമനും തമ്മിലുണ്ടായ സംഭാഷണമായിരുന്നു അത്. തെക്കന്‍ കേരളത്തിലൂടെ പുഷ്പക വിമാനം സഞ്ചരിക്കുന്നതിനിടെ സീതയെ സ്വന്തമാക്കി കടന്നുകളഞ്ഞാലോ എന്ന് ലക്ഷ്മണന്‍ ചിന്തിച്ചു. എന്നാല്‍ തൃശൂര്‍ കഴിഞ്ഞപ്പോള്‍ താന്‍ ചിന്തിച്ചതില്‍ ലക്ഷ്മണന് കുറ്റബോധമുണ്ടായതെന്നും ഇത് മനസ്സിലാക്കിയ രാമന്‍ അത് ലക്ഷ്മണന്റ തെറ്റല്ല, കടന്നുവന്ന മണ്ണിന്റെ തെറ്റാണെന്നു പറഞ്ഞു' എന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്. ഇത് തെക്കുനിന്നുള്ള നേതാക്കളെക്കാള്‍ നല്ലവരാണ് വടക്കുനിന്നുള്ള നേതാക്കള്‍ എന്ന് സമര്‍ത്ഥിക്കാനാണ് സുധാകരന്‍ ഈ ഉദാഹരണം ഉപയോഗിച്ചത്.

ആര്‍ എസ് എസ് ശാഖയ്‌ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ട്

ആര്‍ എസ് എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന പ്രസ്താവനയാണ് തൊട്ടുമുന്‍പ് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയത്. എടക്കാട്, കിഴുന്ന, തോട്ടട ഭാഗങ്ങളിൽ ആർ എസ് എസ് ശാഖ തുടങ്ങിയപ്പോള്‍ സിപിഎം അത് അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ഈ സാഹചര്യത്തില്‍ തങ്ങള്‍ സംരക്ഷണം ഒരുക്കിയെന്നുമാണ്‌ സുധാകരന്‍ വെളിപ്പെടുത്തിയത്. 

നെഹ്‌റു വര്‍ഗീയ ഫാസിസ്റ്റുകളോട് പോലും സന്ധി ചെയ്തു

ശിശുദിനത്തോടനുബന്ധിച്ച് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ജനാധിപത്യ ബോധത്തെ വാഴ്ത്തുന്നതിനിടയിലാണ് കെ സുധാകരന്റെ പ്രസംഗം നെഹ്‌റു വിരുദ്ധവും സംഘപരിവാര്‍ അനുകൂലവുമായിത്തീര്‍ന്നത്. ജവഹര്‍ലാല്‍ നെഹ്‌റു ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തിയ വ്യക്തിയായിരുന്നു എന്ന് അമര്‍ത്തിപ്പറഞ്ഞ സുധാകരന്‍ അതിനുദാഹരണമായി ഡോ. ബി ആര്‍ അംബേദ്‌കറെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതും പ്രതിക്ഷത്തിന് ആള്‍ബലമില്ലാഞ്ഞിട്ടും എ കെ ജിയെ പ്രതിപക്ഷ നേതാവാക്കിയതും എടുത്തുപറഞ്ഞു. ഇക്കൂട്ടത്തിലാണ് ആര്‍ എസ് എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ കേന്ദ്രമന്ത്രിയാക്കിയതും അങ്ങനെ വര്‍ഗീയ ഫാസിസത്തോട് പോലും സന്ധിചെയ്തതും മഹത്തായ കാര്യമായി കെ സുധാകരന്‍ എടുത്തുകാട്ടിയത്.

കെ സുധാകരന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെല്ലാം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടുവെന്നതാണ്‌ വസ്തുത. ഇത് വരും നാളുകളില്‍ കോണ്‍ഗ്രസ്സിനും ഘടകകക്ഷികള്‍ക്കും തിരിച്ചടിയാകാന്‍ ഇടയുണ്ടെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയിലെയും ലീഗിലെയും വലിയൊരു വിഭാഗം നേതാക്കള്‍ കരുതുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങില്‍ പെട്ടവര്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ആലോചനാലേശമില്ലാതെ അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ വഴിവെക്കുമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. കെ സുധാകരന് പിന്തുണ നഷ്ടമാകുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ശശി തരൂര്‍ സ്വന്തം നിലക്ക് സംസ്ഥാനത്തെ ഘടക കക്ഷി നേതാക്കളെയും സാമുദായിക നേതാക്കളെയും കാണാന്‍ മലബാറിലടക്കം പര്യടനം നടത്തുന്നത് എന്ന വിലയിരുത്തലുമുണ്ട്. ഇതെല്ലാം തന്നെ സുധാകരന്റെ അധ്യക്ഷ പദവിയുടെ ഭാവി നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാകുമെന്ന കാര്യത്തില്‍ സംശയമില്ല. 

Contact the author

Christina Kurisingal

Recent Posts

Narendran UP 5 hours ago
Views

ടീം ഗോളടിച്ചില്ലെങ്കിലെന്ത് ഞങ്ങള്‍ ഈ ലോകകപ്പ് ആഘോഷിക്കുകതന്നെ ചെയ്യുമെന്ന് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു- യു പി നരേന്ദ്രന്‍

More
More
Narendran UP 1 day ago
Views

വഴിമുട്ടി നിന്ന അർജന്റീനക്ക് വഴികാട്ടിയായി മെസ്സി നക്ഷത്രം ഉദിച്ചു- യു പി നരേന്ദ്രന്‍

More
More
Narendran UP 3 days ago
Views

മൂന്ന് സ്ത്രീകള്‍ നിയന്ത്രിച്ച ലോകക്കപ്പിലെ ആ സുന്ദരദിനം- യു പി നരേന്ദ്രനാഥ്

More
More
Narendran UP 5 days ago
Views

മെസ്സിക്ക് മിസ്സായാലും ഗോളടിക്കാൻ ആളുണ്ടെന്ന് അർജന്റീന തെളിയിച്ചു- യു പി നരേന്ദ്രന്‍

More
More
Narendran UP 6 days ago
Views

മെസ്സിയുടെ ഗജരൂപങ്ങൾ കൊട്ടിക്കലാശം വരെ മസ്തകമുയർത്തിനിൽക്കട്ടെ- യു പി നരേന്ദ്രന്‍

More
More
Dr. Azad 6 days ago
Views

വിഴിഞ്ഞം അച്ചനെതിരെ നടപടി എടുക്കണം- ഡോ. ആസാദ്

More
More