ചില ഫുട്ബാൾ വിചാരങ്ങൾ- യു പി നരേന്ദ്രന്‍

ഭാഗം- 1

കുട്ടിക്കാലത്ത് പത്രം വന്നാൽ ആദ്യം നോക്കുന്നത് അവസാനപേജ്. നാലാം ക്ലാസ്സിൽ സ്കൂൾ അസംബ്ലിയിൽ പത്രം വായിക്കുന്ന പതിവുണ്ട്. മുൻ പേജിലെ വാർത്തകളാണ് അധ്യാപകർ അടയാളപ്പെടുത്തുക. പിൻപേജ് അവരുടെ ശ്രദ്ധയിൽ പെടില്ല. എന്നാൽ ഒരു ദിവസം കോഴിക്കോട് വെച്ച് നടന്ന 'ഇന്ത്യ ബർമ ഫുട്ബാൾ മത്സരം ഡ്രോ' എന്ന പ്രധാന വാർത്ത വായിക്കാൻ കഴിഞ്ഞതിന്റെ ആവേശം ഇപ്പോഴും മനസ്സിലുണ്ട്. അത് ഇന്നത്തെ പത്രത്തിന്റെ മുൻ പേജ് (പരസ്യ പേജല്ല) കണ്ടപ്പോൾ ഓർത്തു.

ഞങ്ങളുടെ മോസ്കോപാറയിലെ ചെറുകവലയിലും നാലഞ്ച് നാടുകളുടെ കൊടി പാറുന്നുണ്ട്. ബ്രസീലിന്റെയും അർജന്റീനയുടെയും ഫ്ലക്സുകൾ വേറെയും. കേരളം മലയാളികളുടെ  മാത്രമല്ല ലോകത്തെല്ലാ ടീമുകളുടെയും മാതൃഭൂമിയായി മാറുന്നു, ഈ കാൽപ്പന്തുകളിക്കാലത്ത്. നമ്മുടെ ടീമില്ലെങ്കിലും നമുക്ക് ടീമുകളുണ്ട്. ഉത്സവങ്ങളുടെ നാട് ലോകത്തിന്റെ ഉത്സവത്തിൽ മുഴുകുന്നു. ഖത്തറിൽ ഇംഗ്ലണ്ട് ടീമിനെ മലയാളികൾ വരവേറ്റത് അവർ ഇതുവരെ പ്രതീക്ഷിക്കാത്ത മട്ടിൽ. ഗാർഡിയൻ പത്രം 'ഖത്തർ സംശയ'ത്താൽ അതിനെ പണം പറ്റിയ കയ്യടി സംഘമാക്കി. മാധ്യമങ്ങൾക്കു അവരുടെ അജണ്ടകളുണ്ടല്ലോ.                       

12 വർഷത്തെ സ്റ്റേഡിയം നിർമാണങ്ങൾക്കിടയിൽ പൊലിഞ്ഞ 6500 ഓളം പേരുടെ (കൂടുതൽ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക) ജീവിതങ്ങളും കൈക്കൂലി വിവാദങ്ങളും എല്ലാം മറന്നേക്കാൻ ഫിഫ പ്രസിഡന്റ്‌ ജിയോവാനി ഇൻഫാന്റിനോ ലോകത്തോട് പറഞ്ഞുകഴിഞ്ഞു. ഒരു പോസ്റ്റ്‌ കൊളോനിയൽ പത്രസമ്മേളനത്തിലൂടെ യൂറോപ്പിന് താക്കീതും നൽകി. 211 മെമ്പർമാരുള്ള 206 രാജ്യങ്ങൾ  കളികളിൽ പങ്കാളികളാവുകയും 32 രാജ്യങ്ങൾ പങ്കെടുക്കുകയും ചെയ്യുന്ന ലോകോത്സവത്തിന് ഒന്നും തടസ്സമാവരുത്! അത് വിപണിയുടെ ഉത്സവം കൂടിയാണ്!

'ജീവിതത്തേക്കാൾ വലിയ' താരങ്ങളും പൊലിപ്പിച്ച ടീമുകളും നാടെങ്ങും ഉയർന്നു നിൽക്കുന്നു. ശാരീരികമികവിലും, വേഗതയിലും ഊന്നുന്ന യൂറോപ്യൻ ക്ലബ്ബുകൾ വാർത്തെടുത്ത കളിക്കാരാണ് മുക്കാൽ പങ്കും. പുതിയ വ്യത്യസ്തരായ കളിക്കാർ പിറക്കാൻ സാധ്യത കാണുന്നില്ല. ആർസൻ വെങ്കർ പറഞ്ഞതുപോലെ ക്രിസ്ത്യാനോ റൊണാൾഡോ മോഡൽ കളിക്കാർ ആണ് ഇന്നത്തെ യാഥാർഥ്യം. ആ കൂട്ടത്തിലും അസാധ്യകളിക്കാർ റൊണാൾഡോയെ പോലെ വരുന്നുണ്ട്. ലോകകപ്പിൽ ഇല്ലാത്ത  നോർവേയുടെ ഏർലിംഗ് ഹാലണ്ടിനെ പോലെ. ഇങ്ങിനെയൊക്കെ കളിക്കാൻ കഴിയുമോ എന്ന് നമ്മളെ അതിശയിപ്പിക്കുന്ന ശാരീരികപ്രകടനങ്ങളിലൂടെ. വെങ്കർ പറഞ്ഞത് അപ്പോഴും സർഗാത്മക നീക്കങ്ങളിലൂടെ വിസ്മയങ്ങൾ സമ്മാനിക്കുന്ന മെസ്സിയെപോലെയുള്ള കളിക്കാർ നമ്മെ ഫുട്ബോളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു എന്ന്.

കളി തുടങ്ങുകയാണ്. ഇന്ന് ആതിഥേയരായ ഖത്തർ ഇക്വാഡോറിനെ നേരിടുമ്പോൾ. ഖത്തർ ടീമിൽ അവരുടെ നാട്ടിലെ ലീഗിൽ കളിക്കുന്ന അൽമോസ് അലി, ക്യാപ്റ്റൻ അൽ ഹൈദോസ്, അക്രം ഹഫീഫ്, അബ്ദുൽ കരീം ഹസ്സൻ, ഗോളി സാദ് അൽ ഷീബ്, ബസാം അൽ രാവി, അബ്ദുൽ അസ്സീസ് ഹാതേം, തുടങ്ങിയ കളിക്കാർ മാത്രമേ ഉള്ളു. പരിശീലകൻ ആകട്ടെ, യൂത്ത് ടീം മുതൽ ഇപ്പോൾ നാഷണൽ ടീം വരെ ഖത്തർ ടീമിനോടൊപ്പം ദീർഘ കാലപരിശീലന പരിചയമുള്ള, അവരെ 2019-ൽ ഏഷ്യൻ ചാമ്പ്യന്മാരാക്കിയ, സ്പെയിനിൽ നിന്നുള്ള ഫെലിക്സ് സാഞ്ചസ്‌. ഈ ടീം സ്പിരിറ്റ്‌ അവരെ ജയിക്കാൻ പ്രാപ്തരാക്കുമോ! ഖത്തർ ഓറഞ്ചു പടയുടെ കൂടെ രണ്ടാം റൗണ്ടിൽ കടക്കണമെന്നാണ് ആഗ്രഹം. സെനഗലിനെ മറന്നുകൊണ്ടല്ല പറയുന്നത്. കണക്കുപ്രകാരം ഇക്വഡോർ മികച്ച ടീം തന്നെയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന, നല്ല ഫോമിൽ തുടരുന്ന മൊയ്‌സസ് കാസിഡോ, എസ്തു പിനാൻ കൂടാതെ ക്യാപ്റ്റൻ എന്നർ വലിൻസിയ തുടങ്ങിയവർ ഇക്വഡോറിന്റെ പ്രതീക്ഷയാണ്. കളി കാണുക തന്നെ!

ഭാഗം- 2

പാവം ഖത്തർ

പന്ത്രണ്ടു കൊല്ലത്തെ അധ്വാനത്തിന്റെ ആവേശം കാണികളിലേക്കു പകരാൻ കളിക്കാർക്ക് കഴിഞ്ഞില്ല. പൊതുവെ സ്വന്തം നാട്ടിൽ കളിക്കുമ്പോൾ കിട്ടുന്ന ആനുകൂല്യം, പതിവില്ലാതെ  അവർക്കു തന്നെ സമ്മർദ്ദമായി മാറി. അപൂർവമായി മാത്രം സംഭവിക്കുന്നത്. ആദ്യമായി ലോകകപ്പിന്റെ വേദിയിൽ എത്തിയതിന്റെ സംഭ്രമമാകാം.. ക്യാമറക്കുമുന്നിൽ ആദ്യമായി അഭിനയിക്കുന്നവരെ പോലെ പതറി അവർ ലോകകപ്പ് മൈതാനത്തിൽ. പരിചയ സമ്പന്നനായ ഗോളിയും പകച്ചു. ഇക്വഡോറിന്റെ, രണ്ടാം പകുതിയിലെ, വേലിയിറക്കത്തിൽ കുറച്ചു നീക്കങ്ങൾ നടത്താനായത് മാത്രം മിച്ചം. 'ഇന്നിവിടെ കളിക്കേണ്ടിയിരുന്നില്ല, മറ്റേതെങ്കിലും ദേശത്തു കളിച്ചാൽ മതിയായിരുന്നു' സഞ്ചേസിന്റെ അന്തം വിട്ട ശരീരഭാഷ അങ്ങിനെ തോന്നിപ്പിച്ചു. കളിക്കാർക്ക് കുതിപ്പുകൾ അസാധ്യമായ സന്ദർഭങ്ങളിൽ അറിയാതെ കണ്ണടഞ്ഞു പോകുന്ന കോച്ചിന്റെ ദുരവസ്ഥ! 

തന്റെ മുപ്പത്തി മൂന്നാമത്തെ വയസ്സിലെത്തി നിൽക്കുന്ന വലൻസിയ രണ്ടു ഗോൾ അടിച്ച് ഇക്വഡോറിന്റെ ലോകകപ്പ് ഗോൾ നേട്ടക്കാരിൽ ഒന്നാമതായി. പൊങ്ങിയുയർണ എസ്ട്രാഡോയും എതിർകളിക്കാരനും വായുവിൽ ഗതി (ഫ്ലൈറ്റ്) വിട്ടുപോയ പന്ത് അവസാനത്തെ ആളായ വലൻസിയ ഹെഡ് ചെയ്തത്, അതും കൃത്യമായി പോസ്റ്റിനോട് ചേർന്നു, ലക്ഷണമൊത്ത ഒരു ഗോൾ. കൈസീഡോ, എസ്തുപിനാൻ, ഗോളിനുള്ള പാസ്സ് ചെയ്ത, മുന്നേറ്റത്തിലും ഡിഫെൻസിലും നന്നായി തിളങ്ങിയ ചെറുപ്പക്കാരനായ വിംഗ് ബാക്ക്‌ പ്രെസ്യഡോ എന്നിവർ ശ്രദ്ധേയരായി.

ഖത്തർ ആമിർ ഉൽഘാടനം ചെയ്ത ടൂർണമെന്റിൽ കൊറിയൻ ഗായകൻ ജോങ് കുക്, മോർഗൻ ഫ്രീമാൻ, നോറ ഫത്തേഹി തുടങ്ങിയവർ അരങ്ങിലെത്തി. വ്യതിരിക്തമായ കഴിവുകളുള്ള ഗാനിം അൽ മുഫ്ത നിശ്ചയദാർഢ്യത്തോടെ അരങ്ങിൽ പ്രകാശിച്ചു.

അൽ ബൈത്ത് സ്റ്റേഡിയത്തിലെ പുൽമൈതാനം അതിസുന്ദരം. അതിനു പിന്നിൽ സംഭവിച്ച അധ്വാനം എത്രയെന്നു ചിന്തിക്കുന്നത് തന്നെ അത്ഭുതം. അമേരിക്കയിൽ നിന്നും പ്രത്യേക വിമാനങ്ങളിൽ കൊണ്ടുവന്ന നൂറുകണക്കിന് ടൺ പുൽവിത്തുകൾ, അത്യുഷ്ണമുള്ള സമയത്തു തണുപ്പിച്ച സ്റ്റേഡിയങ്ങളിൽ, ഉപ്പുനീക്കിയ കടൽവെള്ളം ഉപയോഗിച്ച് വളർത്തിയെടുത്തു, വെട്ടി ഇന്നലെ നാം കണ്ട രീതിയിൽ എത്തിച്ചു. മനോഹരമായ ഒരു സംഗീതം കണക്കെ പന്ത് പുല്ലിലൂടെ നീങ്ങുമ്പോൾ അധ്വാനമൊക്കെ ആരറിയാൻ.  

ഇനി പന്തിനെക്കുറിച്ച്. അൽ റിഹ്‌ലാ അഥവാ യാത്ര. ഈ പന്തിന്റെ യാത്രക്ക് വായുവിൽ വേഗം കൂടും, കൃത്യതയും. പന്തിലെ സ്പീഡ് ഷെൽ എന്ന പുതിയ ഡിസൈനും, സി ആർ ടി സാങ്കേതികതയും പുതിയ കാലത്തിനനുസരിച്ചു വായുവിലെ വേഗത്തെ കൂട്ടുന്നതും തുടർച്ചയെ ഉറപ്പാക്കുന്നതുമാണ്. റീ ബൗണ്ടും കൃത്യമാക്കും. എന്നർ വലൻസിയയുടെ ഇന്നലത്തെ ഗോളിൽ അത് പങ്കു വഹിച്ചിട്ടുണ്ടാകാം. ഫുട്ബാൾ പണ്ഡിതർ വിശകലനം ചെയ്യട്ടെ.

അഡിഡാസിന്റെ ഈ പന്ത് നിർമിച്ചത് പാകിസ്ഥാനിലെ സിയാൽക്കോട്ടിലെ ഫോർവേഡ് സ്പോർട്സ് ആണ്. ഒരു മില്യനിലധികം പന്തുകൾ ഉണ്ടാക്കി. ലോകത്തു നിർമിക്കുന്ന ഫുട്ബാൾ പന്തുകളുടെ 70 ശതമാനം പാകിസ്ഥാനിൽ നിന്നാണ്. എന്നാൽ പാക്കിസ്ഥാൻ ഫുട്ബോളിന്റെ ഫിഫ റാങ്കിങ് 194 ആണ്! ഫുട്ബാൾ ഉണ്ടാക്കുന്നതിൽ അവർ ഒന്നാംസ്ഥാനത്തും! അതായത്, യഥാർത്ഥത്തിൽ നമ്മൾ ഇക്കാണുന്ന കളിയൊന്നുമല്ല കളി! 

ഈ പന്തിൽ സെൻസർ ഉണ്ട് (നോട്ടിലെ ചിപ്പു പോലല്ല) ഓഫ്‌ സൈഡ് കൃത്യതക്ക്. കൂടാതെ സ്റ്റേഡിയത്തിലെ റൂഫിൽ ഘടിപ്പിച്ച 12ക്യാമറകൾ ഓരോ കളിക്കാരുടെയും 29 ഡാറ്റാപോയിന്റ്കളുടെ (സെക്കൻഡിൽ 50 തവണ) കണക്കെടുത്തു നൽകുന്നു. പന്തിലെ സെൻസർ സെക്കൻഡിൽ 500 തവണയും. അതെല്ലാം 3D അനിമേഷൻ സങ്കേതത്തിലൂടെ മാധ്യമങ്ങൾക്കും, കാണികൾക്കും കൈമാറുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Narendran UP

Recent Posts

Narendran UP 5 hours ago
Views

ടീം ഗോളടിച്ചില്ലെങ്കിലെന്ത് ഞങ്ങള്‍ ഈ ലോകകപ്പ് ആഘോഷിക്കുകതന്നെ ചെയ്യുമെന്ന് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു- യു പി നരേന്ദ്രന്‍

More
More
Narendran UP 1 day ago
Views

വഴിമുട്ടി നിന്ന അർജന്റീനക്ക് വഴികാട്ടിയായി മെസ്സി നക്ഷത്രം ഉദിച്ചു- യു പി നരേന്ദ്രന്‍

More
More
Narendran UP 3 days ago
Views

മൂന്ന് സ്ത്രീകള്‍ നിയന്ത്രിച്ച ലോകക്കപ്പിലെ ആ സുന്ദരദിനം- യു പി നരേന്ദ്രനാഥ്

More
More
Narendran UP 5 days ago
Views

മെസ്സിക്ക് മിസ്സായാലും ഗോളടിക്കാൻ ആളുണ്ടെന്ന് അർജന്റീന തെളിയിച്ചു- യു പി നരേന്ദ്രന്‍

More
More
Narendran UP 5 days ago
Views

മെസ്സിയുടെ ഗജരൂപങ്ങൾ കൊട്ടിക്കലാശം വരെ മസ്തകമുയർത്തിനിൽക്കട്ടെ- യു പി നരേന്ദ്രന്‍

More
More
Dr. Azad 6 days ago
Views

വിഴിഞ്ഞം അച്ചനെതിരെ നടപടി എടുക്കണം- ഡോ. ആസാദ്

More
More