ഇറാൻ കളിക്കാര്‍ അവരുടെ ജനതക്ക് മുന്നില്‍ വാഴ്ത്തപെട്ടവരായി- യു പി നരേന്ദ്രന്‍

ഫുട്ബോൾ വിചാരങ്ങൾ -3

ഫുട്ബോളിൽ രാഷ്ട്രീയമുണ്ട്. കളിക്കളത്തിൽ പ്രകടമാക്കാൻ വിലക്കുണ്ടെങ്കിലും. മൂന്ന് രാഷ്ട്രങ്ങൾ റഷ്യയോട് കളിക്കാൻ വിസമ്മതം പ്രകടിപ്പിച്ചപ്പോൾ ഫിഫ റഷ്യയെതന്നെ (ഉക്രൈനെ ആക്രമിച്ചപ്പോൾ) ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്നും വിലക്കി.1968-ൽ ഒളിമ്പിക്സ് ജേതാക്കളായ ടോമി സ്മിത്തും, ജോൺ കാർലോസും ഒളിമ്പിക്സ് പോഡിയത്തിൽ യു എസ് ദേശീയഗാനം ആലപിക്കുമ്പോൾ കറുത്ത കയ്യുറ ധരിച്ച മുഷ്ടിയുയർത്തി പ്രതിഷേധിച്ചത് ഓർമയിലുണ്ട്. കറുത്ത പ്രതിഷേധം സ്മിത്ത് പിന്നീട് മനുഷ്യാവകാശ പ്രതിഷേധമാക്കി മാറ്റി. അതേ 68 ലാണ് ഫ്രാൻ‌സിൽ നടക്കാതെ പോയ വിപ്ലവത്തിന്റെ മൂർദ്ധന്ന്യത്തിൽ  "ടീമിനെ പിന്തുണക്കുക, ഭരണകൂടത്തെയല്ല". എന്ന് ബാനറിലെ മുദ്രാവാക്യം വിളിച്ചു പറഞ്ഞത്. കളിയിൽ തോറ്റുപോയെങ്കിലും നിശബ്ദമായി പ്രതിഷേധിച്ച മുഴുവൻ ഇറാൻ കളിക്കാരും അവരുടെ ജനതക്കുമുൻപിൽ വാഴ്ത്തപെട്ടവരായി.

എട്ട് ഗോളുകൾ വീണ ഇംഗ്ലണ്ട് -ഇറാൻ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ പ്രതിരോധ ദൗർബല്യങ്ങളും പുറത്തുവന്നു. ഇപ്പോൾ നല്ല ഫോമിലുള്ള പ്രതിരോധക്കാരായ ബെൻ വൈറ്റ്, കോണർ കോഡി എന്നിവർക്ക് പകരക്കാരായും അവസരം നൽകിയില്ല. കൂടുതൽ ഗോളുകൾ ഉണ്ടാവുന്നത് നല്ലതാവാം, പക്ഷേ എനിക്ക് അധികം ഗോളുകളെക്കാൾ വരിഞ്ഞു മുറുക്കുന്ന പ്രതിരോധവും അതിനെ വകഞ്ഞുമാറി ഒന്നോ രണ്ടോ ഗോളടിക്കുന്ന കളികളുമാണിഷ്ടം. എന്നാലും ഇംഗ്ലണ്ട് കാഴ്ചവെച്ചത് ഏറ്റവും പുതിയ ഫുട്ബോൾ തന്നെ.

സാദിയോ മാനേയില്ലെങ്കിലും സെനഗൽ ആക്രമിച്ചു കളിച്ചു. വീർജിൽ വാൻഡിക്കും, നതാൻ ഐക്കും, മതിയാസ് ഡി ലൈറ്റും അടങ്ങുന്ന ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും നല്ല പ്രതിരോധനിരയും (അവർ 3-4-3 സിസ്റ്റം ആണ് കളിക്കുന്നത്, താരതമ്യേന പുതിയത്) അധികം അറിയപ്പെടാത്ത ഗോളി ആൻഡ്രിയാസ് നോപേർട്ടും തിളങ്ങിയപ്പോൾ ഗോളുകൾ സെനഗലിനെ ഒഴിഞ്ഞു. വമ്പൻ ക്ലബ്ബുകൾ നോട്ടമിടുന്ന പയ്യൻ കോഡി ഗാഗ്പൊ സെനഗൽ ഗോളി മെൻഡിയുടെ കയ്യെത്തുന്നതിനു സെക്കൻഡിന് പത്തിലൊരുഅംശം മുൻപ് ബോളിൽ തലയെത്തിച്ചപ്പോൾ പുതിയ ബോളിന് മകുടം ചാർത്തുന്ന മറ്റൊരു ഗോളായി മാറി.

ഇന്ന് കേരളത്തിലെ കാണികളുടെ (എന്റെയും) ഇഷ്ടടീമുകളിലൊന്നായ അർജന്റീന ഇറങ്ങുകയാണ്. മറഡോണയുടെ, ഇപ്പോൾ മെസ്സിയുടെ അർജന്റീന. 1978-ൽ അവർ ലോകകപ്പ് ജയിക്കുന്നത് റേഡിയോവിൽ രാവിലെ 4-മണി നേരത്ത് കേട്ട ഓർമ്മകൾ, കെമ്പസ്സും, ബെർട്ടോണിയും ഗോളടിക്കുന്നതും നീണ്ട ഗോൾ ആരവവും. പിന്നീട് തൃശൂരിലെ പി &ടി ക്വർട്ടേഴ്‌സ് ക്ലബ്ബിൽ ഒരു ബ്ലാക്ക് & വൈറ്റ് സത്യദർശനം പോലെ മറഡോണ അവതരിക്കുന്നത് (അതിനെ പറ്റി പിന്നീട് പറയാം, എത്ര പറഞ്ഞാലും മതിയാകില്ല). മറഡോണ ഏറ്റവും മഹാനായ കളിക്കാരനെങ്കിൽ, കളിക്കളം കണ്ട ഏറ്റവും ഭാവനാസമ്പന്നമായ കളി മെസ്സിയുടേതാണ്. എതിർ കളിക്കാരെ വികർഷിപ്പിക്കുന്ന,അവർ തെന്നി തെറിച്ചു പോകുന്ന, കാലുകളുടെ ദ്രുത ചലനങ്ങൾ, ബ്ലോക്ക് ചെയ്യാൻ എതിർ കളിക്കാരൻ ശ്രമിക്കുന്നതിനു അർദ്ധനിമിഷങ്ങൾക്കു മുൻപേ ഗോളിലേക്കു അടി പായുന്ന,  മൂലകളിലേക്കു കൃത്യമായി തൊടുക്കുന്ന അടികൾ, ഉന്നത്തിന്റെ ആശാൻ, വിശേഷണങ്ങൾ മതിയാകില്ല. ഇന്ന് കൂടുതലും ഗോളടിപ്പിക്കുന്ന മെസ്സിയെയും കാണാം. ലോടാരോ മാർട്ടിനെസ്സിനെ കൊണ്ട് കൂടുതൽ ഗോളുകൾ അടിപ്പിക്കാൻ ഇന്ന് ശ്രമിക്കുമോ. അഞ്ചൽ ഡി മരിയോയും ഫോമിലാണ്. പുത്തൻ താരോദയങ്ങളായ മാക് അല്ലിസ്റ്റർ, ലിസാൻഡ്രോ മാർട്ടിനെസ്, ജൂലിയൻ അൽവരെസ് എന്നിവർക്കും പകരക്കാരായി അവസരം കിട്ടും എന്നുറപ്പിക്കാം, അവർ മിന്നും അതുറപ്പാണ്.

മറഡോണക്കുശേഷം കണ്ട ഏറ്റവും നല്ല ഒറ്റയാൻ ഗോൾ സൗദിയുടെ ഓവൈറാന്റെതാണ്. അര്ജന്റീനയെ തടയുക ദുഷ്കരമാണ്. സൗദിക്കു ഖത്തർ സ്വന്തം നാടുപോലെയാണ്. ആർത്തു വിളിക്കുന്ന സൗദി കാണികളെ ഇന്ന് നമുക്ക് കാണാം. അതിനു സമാനമായി ലിവർപൂളിന്റെ കാണികളേയുള്ളു.


കുറേകാലങ്ങൾക്കു ശേഷം ബാലൻ ഡി ഓർ ജേതാവില്ലാതെ ലോകകപ്പ്. കരിം ബെൻസിമ അവസാന നിമിഷം പരിക്ക് കാരണം പിന്മാറി. എനിക്കേറ്റവും ഇഷ്ടപെട്ട മധ്യനിരക്കാരൻ എൻഗോളോ കാന്റെ, പോഗ്ബ,കിം പെമ്പേ എല്ലാവരും ആദ്യ ഇലവനിൽ ഉള്ളവർ. കൂടാതെ എൻകുക്കൂ. ഒരു 3 ടീമിനുള്ള കളിക്കാർ അവർക്കുണ്ട്. അഞ്ച് പ്രധാന കളിക്കാരില്ലാത്ത മറ്റേതു ടീമും പകച്ചുപോകും.ചെറുപ്പക്കാരായ ഒരേലിയൻ ചൗമേനി, കമവിങ്ക പിന്നെ വേഗതയുടെ പര്യായമായ എമ്പാപ്പെ എന്നിവർ ഒന്നിക്കുമ്പോൾ ഫ്രാൻസിന് ആദ്യ റൗണ്ടിൽ സംശയങ്ങളില്ല.

ഡെന്മാർക്ക് വലിയ കളികളിൽ തിളങ്ങുന്നവർ, നല്ലഫോമിലും. പക്ഷേ ആഫ്രിക്കൻ ടീമുകളിൽ ഇക്കുറി ട്യൂണിഷ്യ തിളങ്ങുമെന്നാണ് എനിക്ക് തോന്നുന്നത്.

കളി കാണുകതന്നെ

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Contact the author

National Desk

Recent Posts

Mehajoob S.V 1 week ago
Views

സ്വയം സമൂഹമാണെന്ന് കരുതി ജീവിച്ച പ്രസ്ഥാനത്തിന്‍റെ പേരാണ് ഇ എം എസ് - എസ് വി മെഹജൂബ്

More
More
Mehajoob S.V 3 weeks ago
Views

വൈരനിര്യാതന ബുദ്ധിയോടെ ഏഷ്യാനെറ്റും -സിപിഎമ്മും നടത്തുന്ന പോരാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്- എസ് വി മെഹജൂബ്

More
More
K K Kochu 1 month ago
Views

ദുരിതാശ്വാസ നിധി തട്ടിപ്പ് കൊളളക്കാര്‍ പോലും ചെയ്യാനറയ്ക്കുന്ന, മനുഷ്യത്വഹീനമായ കുറ്റകൃത്യം- കെ കെ കൊച്ച്

More
More
Views

രാഹുല്‍ ഗാന്ധിയും ഭാരത് ജോഡോ യാത്രയും ബാക്കിവെച്ചത്- ക്രിസ്റ്റിന കുരിശിങ്കല്‍

More
More
Views

ആര്‍ത്തവ അവധി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം മതിയോ

More
More
Dileep Raj 2 months ago
Views

കെ എൽ എഫ് പോലുള്ള സാംസ്കാരിക ഇടപെടലുകളെ സർക്കാർ നിരുപാധികം പിന്തുണയ്ക്കണം- ദിലീപ് രാജ്

More
More