ഇന്നലത്തെ കളിയാണ് കളി- രണ്ട് കുറിപ്പുകൾ - മെഹജൂബ് എസ് വി

 ഘാനയല്ലെ.., ബാക്കി കുട്ടികൾ നോക്കിക്കോളും. നമുക്കിനി വലിയ വലിയ ടീമുകളോടൊക്കെ ഏറ്റുമുട്ടാനുള്ളതല്ലേ എന്ന മനോഭാവത്തിൽ,  മൂന്നുഗോളിൻ്റെ മുന്തിയ ആത്മവിശ്വാസത്തിൽ കയറിപ്പോയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരക്കാരുടെ ബെഞ്ചിൽ ഇരിക്കപ്പൊറുതി കൊടുക്കാതെ എഴുന്നേൽപ്പിച്ചു നിർത്തി ഘാനയുടെ കുട്ടികൾ ! 

അവരുടെ ഒരോ നീക്കവും എത്രത്തോളം അപകടകരമാണെന്നറിയാൻ  റൊണാൾഡോയുടെ മുഖത്തേക്ക് തുറന്ന കാമറ മാത്രം മതിയായിരുന്നു. അയാൾ വാ പൊളിച്ചു! തല ചൊറിഞ്ഞു, ചാടിയെഴുന്നേറ്റ് കളിക്കളത്തിലേക്കോടാൻ നോക്കി! 

"മൂർഖനെയാണോടാ നീ നോവിച്ചുവിട്ടത് " എന്ന മട്ടിൽ പോർച്ചുഗീസുകരുടെ ഗോൾമുഖത്ത് തിരമാല പോലെ തുരുതുരാ ആഞ്ഞടിച്ചു. പിൻമടക്കവും തളർച്ചയും മടുപ്പുമില്ലാത്ത ഇഛയുടെ പേരാണ് ഘാന ! അവർ ജയിക്കാൻ വേണ്ടി മാത്രം വന്നവരായിരുന്നു. 'സമയം കഴിയാറായി ഇനി ഒന്നും ചെയ്യാൻ കഴിയില്ല' എന്ന ചിന്ത അവരിലാർക്കും വന്നതേയില്ല. അവസാനത്തെ ഒരോ മിനുട്ടിലും ജാഗ്രതാ മുന്നറിയിപ്പിൽ പോർച്ചുഗലിൻ്റെ ഗോൾമുഖം വിറകൊണ്ടുനിന്നു. 

ഒരു മിനുട്ടുകൂടി അധികം കിട്ടിയിരുന്നുവെങ്കിൽ!, കളി കണ്ടുനിന്ന് ഒരുവേള വിസിലടിക്കാൻ റഫറി അരമിനുട്ട് വൈകിപ്പോയിരുന്നുവെങ്കിൽ! മത്സരഫലം മറ്റൊന്നായിത്തീരാനുളള സാധ്യത ഏറെയായിരുന്നു. സമനിലയിലേക്ക് പോർച്ചുഗലിനെ തളയ്ക്കാൻ ഘാനക്കും ഘാനക്കെതിരെ ഒരു ഗോളുകൂടി നേടി ലീഡ് നില ഭദ്രമാക്കാൻ പോർച്ചുഗലിനും ത്വരയടങ്ങാതെ നിന്ന ആ ചുട്ടുപൊള്ളുന്ന നിമിഷത്തിലാണ് എല്ലാം അവസാനിപ്പിച്ചുകൊണ്ടുള്ള റഫറിയുടെ അന്തിമ കാഹളത്തിന് ലോകം കാതോർത്തത്.

കുറിയ പാസുകൾ, പാസു കൊടുക്കാൻ വേണ്ടി മാത്രമുള്ള മനോഹരമായ ഡ്രിബ്ലിംങ്ങുകൾ, എതിരാളിയുടെ ഗോൾ പോസ്റ്റിലേക്ക് നിരന്തരം നടന്ന വേലിയേറ്റങ്ങൾ, ചൂടും ചൂരും ഉപ്പും മുളകുമുള്ള ചടുലമായ നീക്കങ്ങൾ!

ഇത്രയുംദിവസം കണ്ടതല്ല, ഇന്ന് കണ്ടതാണ് കളി. സങ്കേതികമായി പോർച്ചുഗൽ ജയിച്ചെങ്കിലും ഘാനയും പോർച്ചുഗലും ഒരുപോലെ ജയിച്ച കളിയാണിത്.

......................................... .

ബ്രസീലിനും അർജൻറീനക്കും ജർമ്മനിക്കും വ്യത്യസ്ത  വിധികളില്ല എന്നുതന്നെ തോന്നിച്ചു ആദ്യപകുതി. സെർബുകൾ Back line ഒരിക്കലൊന്ന് പൊട്ടിച്ചു. ഒരു ഗോൾ വഴങ്ങിപ്പോയാൽ പിന്നെ തിരിച്ചുവരാൻ കഴിയുംവിധമുള്ള ഇച്ഛ ആ നേരത്ത് നെയ്മറുടേയും കൂട്ടുകാരുടേയും മുഖത്ത് ഉണ്ടായിരുന്നില്ല. സെർബുകൾക്ക് ആത്മവിശ്വാസവും പന്തടക്കവും ഉണ്ടായിരുന്ന ആ നേരത്തതു സംഭവിച്ചിരുന്നുവെങ്കിൽ വമ്പൻ ടീമുകളെ ചതിക്കുന്ന ഖത്തർ മൈതാനങ്ങളെക്കുറിച്ച് ഇന്നലെ രാത്രി തന്നെ ഉപന്യാസങ്ങൾ പിറന്നേനെ!

സത്യം പറയാലൊ നെയ്മറോടും ബ്രസീലിനോടും ഒരു ദേഷ്യവുമുണ്ടായിരുന്നില്ല. സൗദികൾ നൽകിയ മട്ടൺ മന്തി മൂക്കുമുട്ടെ തിന്ന് മെസ്സി മുത്തിനേയും അർജ്ജൻറീനയേയും കാരുണ്യലേശമില്ലാതെ കളിയാക്കി ചിരിച്ച ബ്രസീൽ ആരാധകരുടെ കണ്ണീരു കാണണമെന്നുണ്ടായിരുന്നോ എന്നു ചോദിച്ചാൽ... ഇല്ല എന്ന് തീർത്തു പറയാൻ വയ്യ. 

സെക്കൻറ് ഹാഫ് പക്ഷേ എൻ്റെ കുശുമ്പുകളെ കഴുകിക്കളഞ്ഞു. അലാവുദ്ദീനെപ്പോലെ മറ്റാർക്കുമറിയാത്ത പ്രത്യേകതരം മന്ത്രംകൊണ്ട് ബ്രസീലുകാർ സെർബുകളുടെ പ്രതിരോധ കവാടം സദാ തുറന്നുവെച്ചു. റിച്ചാർലിസണിൻ്റെ രണ്ടാം ഗോളോടെ തലയ്ക്കടി കിട്ടിയതുപോലെ സെർബുകളുടെ ഓറിയൻ്റേഷൻ എന്നന്നേക്കുമായി നഷ്ടപ്പെട്ടു. ടീമെന്ന നിലമാറി അവർ ചിന്നി ചിതറിയ ഒറ്റയൊറ്റ മനുഷ്യരായി. പരവശരായി. കളി മറന്നുപോയി. കൊടുക്കുന്ന പാസുകൾ മുഴുവൻ ചെന്ന് ബ്രസീലുകാരുടെ കാലിലൊട്ടി. ബ്രസീലിൽ യഥാർത്ഥ നെയ്മർ മങ്ങുകയും തിളക്കമുള്ള അനേകം നെയ്മർമാർ പിറവി കൊള്ളുകയും ചെയ്തു. 

എന്നാലും ബ്രസീൽ ആരാധകരേ, ഞാൻ വീണ്ടും പറയുന്നു. ഈ ജയത്തിൻ്റെ ബലത്തിൽ മെസ്സിയെ കളിയാക്കുന്നത് തുടരാനാണ് ഭാവമെങ്കിൽ നിങ്ങളുടെ കളിക്കാർ കളിക്കളത്തിൽ ഒറ്റയൊറ്റ മനുഷ്യരായി അലയണമെന്ന് ശപിക്കാൻ എനിക്കൊരു മടിയുമില്ല. അതിനൊരു മുട്ടയും മഷിയും രാംദാസ് പണിക്കർ വശം ഖത്തറിലേക്കയച്ച് ഗ്രൗണ്ടിൻ്റെ തെക്കേ മൂലയിൽ കുഴിച്ചിടീക്കാൻ എനിക്കവിടെ (Samith Kp) ആളുണ്ട്.

അതുകൊണ്ട് വീണ്ടും പറയുന്നു, ബ്രസീല് കളിച്ചോട്ടെ, നിങ്ങളധികം കളിക്കണ്ട.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

K T Kunjikkannan 3 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More