അങ്ങിനെ ഖത്തറിൽ "മഴവിൽ കൊടി "പാറി- യു പി നരേന്ദ്രന്‍

ചില ഫുട്ബാൾ വിചാരങ്ങൾ : 9

അങ്ങിനെ ഖത്തറിൽ "മഴവിൽ കൊടി "പാറി-LGBTQA+ മനുഷ്യർക്ക് പ്രവേശനവിലക്കില്ലെങ്കിലും, നിയമം വഴി അവരുടെ മനുഷ്യാവകാശങ്ങളെ നിഷേധിച്ചിട്ടുള്ള രാജ്യമാണ് ഖത്തർ എങ്കിലും പോർച്ചുഗൽ-ഉറുഗ്വേ മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ കളത്തിൽ അതിക്രമിച്ചു കടന്ന ഇറ്റലിക്കാരനായ മാരിയോ ഫെറി, കയ്യിൽ സമാധനത്തിന്റെ മഴവിൽ കൊടിയും, താൻ ധരിച്ച സൂപ്പർ മാൻ ടീ ഷർട്ടിൽ മുൻഭാഗത്തു " save Ukraine" എന്നും പിന്നിൽ " Respect for Iranian Women" എന്നും എഴുതിയിരുന്നു. മാരിയോ ഫെറി കളിക്കളത്തിലെ ഒരു സീരിയൽ നുഴഞ്ഞു കയറ്റക്കാരനായാണ് അറിയപ്പെടുന്നത്. 2010 ലോകകപ്പ് സെമി, 2011ചാമ്പ്യൻസ് ലീഗ് ഫൈനൽ, 2014 ലോകകപ്പ്‌ പ്രീ ക്വാർട്ടർ, 2010 ക്ലബ്‌ വേൾഡ് കപ്പ്‌ തുടങ്ങി വിവിധ കളികളിൽ. ഇന്ത്യൻ രണ്ടാം ഡിവിഷൻ ടീമായ കൊൽക്കത്തയിലെ യുണൈറ്റഡ് സ്പോർട്സ് ക്ലബ്‌ (പഴയ ചിരാഗ് യുണൈറ്റഡ്) കളിക്കാരനായി കുറച്ചുകാലം ഇന്ത്യയിലും ഉണ്ടായിരുന്നു. റഷ്യ ഉക്രൈനെ ആക്രമിച്ചപ്പോൾ ഉക്രൈൻ നഗരങ്ങളിൽ നിന്ന് തന്റെ വണ്ടിയിൽ ആളുകളെ യുദ്ധകേന്ദ്രങ്ങളിൽ നിന്ന് ഒഴിപ്പിച്ച് പോളണ്ടിലെ താത്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന പണിയും അയാൾ ചെയ്തിട്ടിട്ടുണ്ട്. കളി കുറച്ചു നേരം നിറുത്തി വെച്ച് മാരിയോയെ സെക്യൂരിറ്റിക്കാര്‍ വരുതിയിലാക്കി.

പൊതുവെ സ്റ്റേഡിയത്തിലും മറ്റും പ്രശ്നം ഉണ്ടാക്കുന്നവരെ കളി കാണുന്നതിൽ നിന്ന് നിരോധനം ഏർപ്പെടുത്താറുണ്ട്. അവരുടെ വിവരങ്ങൾ ശേഖരിച്ചു വെച്ച്, ടിക്കറ്റ് ലഭ്യമാക്കാതെ. ഖത്തർ സംഘാടകർ മുൻപ് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞത് അറബ് ലോകത്തിന്, ഇസ്ലാമിക ലോകത്തിന്, മധ്യ പൂർവ ദേശത്തിന് ഒരു സംസ്കാരമുണ്ട് അവിടെ വരുന്നവർ അതിനെ ബഹുമാനിക്കാൻ പഠിക്കണം എന്നാണ്. ചില ടീമുകൾ മഴവിൽ ചിഹ്നം ഉള്ള  ആം ബാൻഡ് ധരിച്ചാണ് അവരുടെ ക്യാപ്റ്റൻ ഇറങ്ങുക എന്ന് പ്രഖ്യാപിച്ചിരുന്നു, പക്ഷേ ഫിഫയുടെ ആം ബാൻഡ് തന്നെ ഉപയോഗിക്കണം എന്ന നിർബന്ധത്തിൽ അതെല്ലാം ഒഴിവായി.

എന്തായാലും പോർച്ചുഗൽ-ഉറുഗ്വേ മത്സരം പൊടി പൊടിച്ചു. നല്ല വേഗത്തിലുള്ള പോർച്ചുഗൽ നീക്കങ്ങളോടൊപ്പം ഉറുഗ്വേയും കളം പിടിച്ചു. പക്ഷെ അവരുടെ നീക്കങ്ങൾക്കു ലക്ഷ്യബോധം കുറവായിരുന്നു. ബ്രൂണോ ഫെർണാണ്ടെസ് ചെയ്ത സുന്ദരമായ പാസ്സ് റൊണാൾഡോ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഗോളിലേക്ക്. കളി കഴിഞ്ഞിട്ടും റൊണാൾഡോ അതിൽ താൻ തൊട്ടിരുന്നു എന്ന് അവകാശപ്പെട്ടു എന്നാണ് പറയുന്നത്. പോർച്ചുഗലിന്റ ലോകകപ്പിലെ എക്കാലത്തെയും വലിയ ഗോൾ നേട്ടക്കാരനായ യുസേബിയോക്കൊപ്പമെത്താൻ റൊണാൾഡോക്ക് ഒരു ഗോൾ കൂടി മതി. സംശയാസ്പദമായ, (കാരണം വീഴ്ചയ്ക്കിടയിലാണ് ഗിമെനസ്സിന്റെ കൈ പന്തിൽ തൊട്ടത്) ഒരു പെനാൽറ്റിയിലൂടെ ബ്രൂണോയുടെ രണ്ടാം ഗോൾ ഹാട്രിക് പോസ്റ്റ്‌ തടഞ്ഞു. റൊണാൾഡോയുടെ നിഴലിൽ നിന്ന് പോർച്ചുഗലിന്റെ ഒന്നാം നമ്പർ താരമായി ബ്രൂണോ ഈ ലോകകപ്പിൽ ഉയരുകയാണ്.

കനറികൾ രണ്ടാം റൗണ്ടിൽ എത്തുന്ന രണ്ടാം ടീമായി. ഒരു സമനിലയ്ക്കായി വന്ന സ്വിറ്റ്സർലൻഡിനെ അവസാനപാതത്തിൽ നേടിയ കസ്മിരോ ഗോളിലൂടെ മറി കടന്ന് ബ്രസീൽ. പരീക്കേറ്റ നെയ്മർക്കും, ഡാനിലോക്കും പകരം മധ്യനിരയിലുള്ള ഫ്രഡും, സാധാരണ സെന്റർ ബാക്ക് കളിക്കുന്ന മിലിറ്റവോയും ഇറങ്ങി. ഗോൾ നേടിയാൽ ലാഭം, അല്ലെങ്കിലും പ്രശ്നമില്ല-ആയാൽ ആയി പോയാൽ പോയി എന്ന മട്ടിൽ. ഗോളി അലസ്സൺ ബെക്കർ ഇന്നും കാഴ്ച്ചക്കാരനായി നിന്നു. 38 കാരനായ തിയാഗോ സിൽവ നയിക്കുന്ന, മാർക്വിനോസ്, വിംഗ് ബാക്കുകളായ അലക്സ്‌ സാൻഡ്രോ, എഡർ മിലിട്റ്റാവോ എന്നിവർ തകർത്തു കളിച്ചപ്പോൾ ഈ ലോകകപ്പിലെ തന്നെ ഏറ്റവും നല്ല പ്രതിരോധസംഘമായി ബ്രസീൽ മാറി. കൂടെ പ്രതിരോധമധ്യനിരാതാരം കാസേമീരോയുടെ തകർപ്പൻ പ്രകടനവും, ഗോളിന് കൂടി അവകാശിയായി. പക്വെറ്റക്കും, ഫ്രഡ്‌ഡിനും പകരം ഫോമിലുള്ള ബ്രൂണോ ഗിമേരേസ്, റോഡ്രിഗോ എന്നിവർ രണ്ടാം പകുതിയിൽ വന്നത് കളി ഉഷാറാക്കി. അവർ ആദ്യ ഇലവനിൽ സ്ഥാനം അർഹിക്കുന്നവർ. റീചാർളിസ്സൺ ഇന്നലെ കാഴ്ചകാരനായിരുന്നു. വിനിഷ്യസ് നന്നായി, പതിവ് പോലെ.

ബ്രസീൽ ജയം സെർബിയയെ സന്തോഷിപ്പിച്ചിരിക്കും. 3-1ന് മുന്നിട്ടു നിന്നിട്ടും പ്രതിരോധം പാളിയ സെർബിയ നല്ല കളിക്കാരനായ ദൂസൻ വ്ലാഹോവിക്കിനെ പകരക്കാരനായി പോലും കളത്തിലിറക്കാത്തത് എന്താണെന്നത് വ്യക്തമല്ല. എന്തായാലും കാമറൂൺ  ഉജ്വലമായി തിരിച്ചു വന്നു. ആറു ഗോളുകൾ പങ്കിട്ടു. അതേ പോലെ ആവേശകരമായ മത്സരത്തിൽ കൊറിയയെ തോൽപിച്ച് ഘാന ജീവൻ നിലനിർത്തി. രണ്ടു ഗോളിന് പിന്നിട്ടു നിന്ന് ഗേ സങ് ചോയുടെ ആവേശം മുറ്റിയ രണ്ടു ഹെഡർ ഗോളുകളിലൂടെ കൊറിയ തിരിച്ചു വന്നെങ്കിലും മുഹമ്മദ് കൂടുസ് നേടിയ രണ്ടാം ഗോൾ ഘാനക്കു പുതു ജീവൻ നൽകി, കളിക്കളത്തിൽ നിലനിർത്തി.

ഇന്ന് നാലു കളികൾ ഇക്വഡോർ-സെനഗൽ, നെതർലാന്റ്സ്-ഖത്തർ ഇറാൻ-യൂ എസ് എ, വെയ്ൽസ്- ഇങ്ഗ്ലണ്ട്.  ഗ്രൂപ്പിലെ രണ്ടു വീതം. അവസാനമത്സരങ്ങളിൽ രണ്ടു ടീമിനും അനുകൂല്യം തുല്യമാകാനാണ് ഒരേ സമയം കളിക്കുന്നത്. ഫ്രാൻസ് മാത്രം കൂട്ടത്തിൽ രണ്ടാം റൗണ്ടിൽ കടന്ന ടീം. ഇന്നത്തെ കളിയോടെ രണ്ടാം റൗണ്ടിൽ എത്തുന്ന നാലു ടീമുകളുടെ കാര്യം ഇന്ന് തീരുമാനമാകും.

കളി കാണുക തന്നെ!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Narendran UP

Recent Posts

Dr. Azad 3 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 1 month ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 1 month ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 1 month ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 1 month ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More