വിഴിഞ്ഞം: ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാൻ പള്ളിയ്ക്കു കഴിയണം - തോമസ്‌ ഐസക്ക്

കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്ന അഭിപ്രായക്കാരാണെന്ന് മുന്‍ ധനമന്ത്രി തോമസ്‌ ഐസക്ക്.  ഇതാണ് ഇന്നലത്തെ സർവ്വകക്ഷി യോഗത്തിൽ തെളിഞ്ഞത്.  മത്സ്യത്തൊഴിലാളികളിൽ ഒരു വിഭാഗം സമരം തുടരുമെന്നും വ്യക്തമാക്കി.  അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്.  പക്ഷേ അക്രമം നടത്താനുള്ള സ്വാതന്ത്ര്യമില്ല.  കോടതിവിധികളെ മാനിക്കുകയും വേണം.  സർക്കാരുകൾ തുടർച്ചയാണ്. ഒരു കോർപറേറ്റുമായി മുൻസർക്കാർ ഉണ്ടാക്കിയ കരാർ റദ്ദാക്കുന്നത് ഗൗരവമായ നിയമക്കുരുക്കുകളിലേയ്ക്കും മറ്റും നയിക്കും. വലിയ നഷ്ടപരിഹാരവും കൊടുക്കേണ്ടി വരും. അതുകൊണ്ടാണ് മാനിഫെസ്റ്റോയിൽ കരാർ റദ്ദാക്കും എന്നൊന്നും പറയാതെ, വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ഉറപ്പു നൽകിയതെന്നും തോമസ്‌ ഐസക്ക് പറഞ്ഞു. മത്സ്യത്തൊഴിലാളികളിൽപ്പോലും ഭൂരിപക്ഷമില്ലാത്ത ഒരു സമുദായ നേതൃത്വത്തിന്റെ അതിരുവിട്ട സമരത്തെ വർഗീയ ധ്രുവീകരണത്തിനുള്ള മാർഗമായിട്ടാണ് ബിജെപി കാണുന്നത്. പക്ഷേ, ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാൻ പള്ളിയ്ക്കു കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്ന അഭിപ്രായക്കാരാണ്.  ഇതാണ് ഇന്നലത്തെ സർവ്വകക്ഷി യോഗത്തിൽ തെളിഞ്ഞത്.  മത്സ്യത്തൊഴിലാളികളിൽ ഒരു വിഭാഗം സമരം തുടരുമെന്നും വ്യക്തമാക്കി.  അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്.  പക്ഷേ അക്രമം നടത്താനുള്ള സ്വാതന്ത്ര്യമില്ല.  കോടതിവിധികളെ മാനിക്കുകയും വേണം.  

 ഇന്നലത്തെ എന്റെ പോസ്റ്റിന്റെ അടിസ്ഥാനത്തിൽ ദേശാഭിമാനിയിൽ ഒരു ലേഖനവും എഴുതിയിരുന്നു.  സ്വാഭാവികമായി അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. അവയിൽ ചിലതിനോടുള്ള എന്റെ അഭിപ്രായം ചുവടെ. 

• Festin Lawrence - നിസാര കാര്യങ്ങൾക്ക് പോലും റിട്ടയേർഡ് ജഡ്ജിയുടെ നേതൃത്വത്തിൽ കമ്മിഷനെ വച്ച് പഠനം നടത്താൻ ആഹ്വാനം ചെയ്യുന്നവർ 40കിലോമീറ്റർ തീരപ്രദേശത്തെ ബാധിക്കുന്ന പാരിസ്ഥിതിക / തീരശോഷണത്തെക്കുറിച്ച് പഠിക്കാൻ വിമുഖത കാട്ടുന്നത് എന്തിനാണ്...??

** ഒരു വിമുഖതയുമില്ല.  ഒരു വിദഗ്ദ്ധ സമിതിയെ ഇതിനായി നിയോഗിച്ചുകഴിഞ്ഞു.  ഇതിനുമുമ്പ് പഠനങ്ങളൊന്നും നടത്താത്തതു കൊണ്ടല്ല കേന്ദ്രസർക്കാരിന്റെ അക്രഡിറ്റഡ് ഏജൻസിയാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്.  നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ ഈ പഠന റിപ്പോർട്ട് പരിശോധിച്ച ശേഷം അനുമതിയിൽ ഇടപെടണമെന്ന ആവശ്യം തള്ളിയിരുന്നു. ട്രൈബ്യൂണൽ പദ്ധതിപ്രദേശത്തിന്റെ തെക്കും വടക്കും 10 കി.മീ വീതം ഉണ്ടാകുന്ന വ്യതിയാനങ്ങൾ പഠിച്ച് എല്ലാ 6 മാസം കൂടുമ്പോഴും റിപ്പോർട്ട് സമർപ്പിക്കുന്നുണ്ട്. 

കൂടാതെ ഷോർലൈൻ നിരീക്ഷിക്കുവാൻ ഒരു മോണിറ്ററിംഗ് സെല്ലും രൂപീകരിച്ചിട്ടുണ്ട്.  പദ്ധതിയാണ് തീരശോഷണത്തിനു കാരണം എന്ന നിഗമനം ഇവയ്ക്കൊന്നിനുമില്ല. സമരം ചെയ്യുന്നവർക്ക് ഇതിൽ വിശ്വാസമില്ല.  അതുകൊണ്ട് ഒരു പ്രത്യേക വിദഗ്ദ്ധ സമിതി തന്നെ പരിശോധിക്കട്ടെ.  അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ശക്തമായ പ്രതിരോധ നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുക്കാം. പക്ഷേ പദ്ധതി പ്രവർത്തനം നിർത്തിവെയ്ക്കാനാകില്ല.  ഇതാണ് സർക്കാരിന്റെ നിലപാട്.

• Ravisankar KV  ചിലവാക്കിയ തുകയിൽ ഒരു തിരുത്തുണ്ട്. 2004 മുതൽ 2022 ഓഗസ്റ്റ് 30 വരെ വിസിൽ എന്ന സർക്കാർ കമ്പനി വിഴിഞ്ഞം പദ്ധതിക്കായി ചിലവാക്കിയ മൊത്തം തുക 1266 കോടി രൂപ മാത്രമാണ്. അല്ലാതെ 4000 കോടി രൂപയല്ല. സർക്കാർ കൃത്യ സമയത്ത് പൈസ കൊടുക്കാത്തത് കൊണ്ടാണ് പദ്ധതിയുടെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതെന്നും അതുകൊണ്ട് മാത്രമാണ് നിലവിൽ 20 മുതൽ 33% വരെ നിർമ്മാണം പൂർത്തിയായതെന്നും മനസ്സിലാക്കാൻ വലിയ സാങ്കേതിക ജ്ഞാനം ഒന്നും ആവശ്യമുണ്ടെന്നു തോന്നുന്നില്ല. 

**ഞാൻ പറഞ്ഞതിൽ തിരുത്തു വേണമെന്ന് തോന്നുന്നില്ല. കേരള സർക്കാർ ഇതിനകം 1313.68 കോടി രൂപ വിശാൽ കമ്പനിയ്ക്ക് നൽകിയിട്ടുണ്ട്. ഇതിനു പുറമെ 4610 കോടി രൂപയുടെ വായ്പയ്ക്ക് ഗ്യാരണ്ടിയും നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് ദേശാഭിമാനി ലേഖനത്തിൽ 6000 കോടിയെന്ന് എഴുതിയത്. ഇത്രയും പണം മുടക്കിയ സ്ഥിതിയ്ക്ക് പദ്ധതി ഇനി എങ്ങനെയാണ് വേണ്ടെന്ന് വെയ്ക്കുന്നത്? വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തിൽ തീരപ്രതിരോധത്തിന് എന്തൊക്കെ നടപടി സ്വീകരിക്കണോ, അതൊക്കെ സ്വീകരിക്കാം. 

Saiju Mulakuppadam

ഓർമ്മക്കുറവ് ഇല്ലെങ്കിൽ സഖാവ് 2016 ഏപ്രിൽ 25 തിങ്കളാഴ്ചത്തെ ദേശാഭിമാനി പത്രം ഒന്ന് വായിക്കണം. ജനം മുഴുവൻ വിഡ്ഢികളല്ലല്ലോ. അധികാരത്തിൽ എത്തുമ്പോൾ ഒന്നും അധികാരത്തിനു പുറത്തെങ്കിൽ മറ്റൊന്നും എന്ന നിലപാട് സ്വീകരിക്കുന്ന മുന്നണി വ്യത്യാസം ഇല്ലാത്ത കപട രാഷ്ട്രീയം.

**എൽഡിഎഫിന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ വിഴിഞ്ഞം പദ്ധതി നടപ്പാക്കും എന്നു പറഞ്ഞതിനു ശേഷം നൽകിയ ഉറപ്പു നോക്കൂ. 

==68. വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുന്നതിലൂടെ തൊഴിലും ഉപജീവന സൗകര്യങ്ങളും ആവാസവ്യവസ്ഥയും നഷ്‌ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്‌ അനുയോജ്യമായ പുനരധിവാസവും മതിയായ നഷ്‌ടപരിഹാരവും ഉറപ്പാക്കും==.

ദേശാഭിമാനിയിൽ എഴുതിയിരിക്കുന്നത് യുഡിഎഫ് അദാനിയുമായി ഉണ്ടാക്കിയ കരാറിലെ അഴിമതിയെക്കുറിച്ചാണ്. ആ കരാർ തികച്ചും ഏകപക്ഷീയമാണ്. ദില്ലിയിൽ മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളും അദാനിയുമായി ചർച്ച ചെയ്തുണ്ടാക്കിയ കരാർ സംബന്ധിച്ച് ഞാൻ തന്നെ എത്രയോ തവണ എഴുതിയിട്ടുണ്ട്. എന്നിട്ട് എന്തു ചെയ്തു എന്നാവും ചോദ്യം. 

സർക്കാരുകൾ തുടർച്ചയാണ്. ഒരു കോർപറേറ്റുമായി മുൻസർക്കാർ ഉണ്ടാക്കിയ കരാർ റദ്ദാക്കുന്നത് ഗൗരവമായ നിയമക്കുരുക്കുകളിലേയ്ക്കും മറ്റും നയിക്കും. വലിയ നഷ്ടപരിഹാരവും കൊടുക്കേണ്ടി വരും. അതുകൊണ്ടാണ് മാനിഫെസ്റ്റോയിൽ കരാർ റദ്ദാക്കും എന്നൊന്നും പറയാതെ, വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ഉറപ്പു നൽകിയത്. 

ഇക്കാര്യത്തിലൊന്നും ഒരു ഇരട്ടത്താപ്പുമില്ല. ഇരട്ടത്താപ്പ് ഇന്ന് സമരം ചെയ്യുന്നവർക്കാണ്. കരാറിനോടുള്ള എൽഡിഎഫിന്റെ എതിർപ്പിനെ മറികടക്കാൻ കടലിൽ ആയിരത്തോളം ബോട്ടുകൾ കൂട്ടിയിട്ട് സമരം ചെയ്തവർക്കാണ് ഇരട്ടത്താപ്പ്. 

മറ്റൊരു വിമർശനം എന്റെയൊരു സുഹൃത്തിന്റേതാണ്. എന്തുകൊണ്ടോ, പ്രതികരണം ഡിലീറ്റു ചെയ്തതുകൊണ്ട് വിശദാംശങ്ങളിലേയ്ക്ക് പോകുന്നില്ല. കരാറിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ വിമർശനത്തോട് യോജിപ്പാണ്. പക്ഷേ, ഇന്ന് ആ വാദം ആവർത്തിച്ചുകൊണ്ടിരിക്കുന്നതിൽ അർത്ഥമില്ല. വിഴിഞ്ഞം പദ്ധതി ലാഭകരമാവുമോ ഇല്ലയോ എന്നുള്ളത് അന്തർദേശീയ ട്രാഫിക്കിനെ എത്ര ആകർഷിക്കാൻ പറ്റും എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതിന് ഏറ്റവും നല്ല ബെറ്റ് അദാനി കമ്പനിയായിരിക്കും. 

ഇത്തരത്തിലൊരു സാധ്യതയുമില്ലെങ്കിൽ എന്തിനാണ് കുളച്ചലിൽ ഇതുപോലെ മറ്റൊരു തുറമുഖം തുറക്കാൻ ശ്രമിക്കുന്നത്? കുളച്ചലിന് മുമ്പ് വിഴിഞ്ഞം യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. ഉറപ്പുള്ള ഒരു വ്യവസായ പ്രാന്തപ്രദേശം ഉണ്ടെങ്കിലേ തുറമുഖം വിജയിക്കൂ എന്നു പറയുന്നത് ശരി. പക്ഷേ, അതുപോലെ തന്നെ തുറമുഖത്തെ ഉപയോഗിച്ച് ഒരു വ്യവസായ പ്രാന്തപ്രദേശം സൃഷ്ടിക്കാനാവും. അതാണ് കാപ്പിറ്റൽ സിറ്റി റീജിയൻ ഡെവലപ്മെന്റ് പദ്ധതിയിലൂടെ ചെയ്യാൻ കേരള സർക്കാർ ശ്രമിക്കുന്നത്. 

മത്സ്യത്തൊഴിലാളികളിൽപ്പോലും ഭൂരിപക്ഷമില്ലാത്ത ഒരു സമുദായ നേതൃത്വത്തിന്റെ അതിരുവിട്ട സമരത്തെ വർഗീയ ധ്രുവീകരണത്തിനുള്ള മാർഗമായിട്ടാണ് ബിജെപി കാണുന്നത്. അവരുടെ കൈക്കോടാലിയാകാനാണ് ഒരു മന്ത്രിയെപ്പോലും വർഗീയച്ചുവയോടെ ആക്ഷേപിച്ച ഒരു പുരോഹിതൻ ശ്രമിച്ചത്. അതിനൊക്കെ പള്ളിയുടെ അറിവോ പിന്തുണയോ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ, ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാൻ പള്ളിയ്ക്കു കഴിയണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More