മെസ്സിയുടെ ഗജരൂപങ്ങൾ കൊട്ടിക്കലാശം വരെ മസ്തകമുയർത്തിനിൽക്കട്ടെ- യു പി നരേന്ദ്രന്‍

ചില ഫുട്ബോൾ വിചാരങ്ങൾ-10

തന്റെ രാജ്യമായ ഇറാന് വേണ്ടി 109 ഗോൾ നേടിയ അലി ദേയി രാജ്യാന്തര ഗോൾ നേട്ടക്കാരിൽ രണ്ടാമനാണ്. ക്രിസ്ത്യാനോ റൊണാൾഡോ കഴിഞ്ഞ വർഷമാണ് അലി ദേയിയുടെ നേട്ടത്തെ മറികടന്നത്. ലോകകപ്പ് മത്സരങ്ങൾ കുടുംബസമേതം കാണാനുള്ള ഫിഫയുടെ ക്ഷണത്തെ സ്നേഹപൂർവ്വം അദ്ദേഹം നിരസിച്ചു."എനിക്കെന്റെ നാട്ടുകാരോടൊപ്പം ഉണ്ടാവണം, ജീവൻ നഷ്ടപ്പെട്ട എന്റെ നാട്ടുകാരോട് അനുതാപം കാണിക്കണം", എന്ന് പറഞ്ഞാണ് അദ്ദേഹം ഫിഫയുടെ ക്ഷണം നിരസിച്ചത്. തടവിലാക്കപ്പെട്ട  സമരക്കാരെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട അലി ദേയി, താൻ പഠിച്ചത് മനുഷ്യത്വം, അഭിമാനം, രാജ്യസ്നേഹം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളാണെന്നും തനിക്കു വരുന്ന ഭീഷണികൾക്കു മുന്നിൽ പതറുകയില്ലെന്നും, ഇറാൻ ടീമിനോപ്പം ഉണ്ടെന്നും വ്യക്തമാക്കി.

1998-ൽ ഇറാൻ-യു എസ് സംഘർഷം ഉച്ചസ്ഥായിയിൽ നിലനിന്ന സമയത്ത് ലോകകപ്പിൽ 2-1ന് ജയിച്ച ടീമിൽ ദേയിയും ഉണ്ടായിരുന്നു. എല്ലാ കളികളുടെയും അമ്മക്കളി, നൂറ്റാണ്ടിലെ കളി എന്നീ വിശേഷണങ്ങളിലാണ് അന്നത് അറിയപ്പെട്ടത്. പക്ഷേ, ഇന്നലെ ഫലം തിരിച്ചായിരുന്നു. ഇരുപതുകാരൻ യൂനുസ് മുസ തകർത്തു കളിച്ചു, പിന്നെ നന്നായി കളിച്ച സെർജിനോ ഡസ്റ്റിന്റെ ക്രോസ്സിൽ നിന്നും ക്രിസ്ത്യൻ പുലിസിക്കിന്റെ ഒന്നാം പകുതിയിലെ ഗോൾ. അതിൽ യു എസ് പിടിച്ചു നിന്നു.ഗോൾ ശ്രമത്തിൽ  വയറിനു പരിക്കേറ്റ  പുലിസിക്ക് പുറത്തുപോയി. ഒന്നാം പകുതിയിലെ യു എസ് അക്രമണങ്ങൾ അമ്പതു ശതമാനവും മുകളിലൂടെ ആയിരുന്നു. പൊതുവെ പ്രതിരോധം മുഖമുദ്രയായ ഇറാന് പ്രത്യാക്രമണങ്ങൾ ശരിയായി നടത്താനും കഴിഞ്ഞില്ല. രണ്ടാം പകുതിയിലാണ് ഇറാൻ കളി സ്വരുക്കൂട്ടിയത്. അവസാന മിനുട്ടുകളിൽ നന്നായി ആക്രമിച്ചു കളിച്ചെങ്കിലും യു എസ് പ്രതിരോധ വിംഗ്  ശക്തമായി പിടിച്ചു നിന്നു. അവസാന മിനുട്ടിൽ ഗോളിയുടെ കാലുകൾ ക്കിടയിലൂടെ പന്ത് കടത്തികൂട്ടിയിടിച്ചു ഇറാന്റെ മെഹ്‌ദി തരേമി വീണെങ്കിലും റഫറിയും വാറും ഗോൾ അനുവദിച്ചില്ല.

വാറിന് അതിന്റേതായ വിശകലനങ്ങളും തീരുമാനങ്ങളുമുണ്ട്. ഫിഫ പ്രസിഡന്റ്‌ പറയുന്നത് ഫുട്ബോൾ മത്സരങ്ങളിലെ മനുഷ്യറഫറി തെറ്റുകൾ 93 ശതമാനമാണെങ്കിൽ വാറിലൂടെ അത്‌ 98.9 ശതമാനമായി കുറക്കാൻ സാധിച്ചു എന്നാണ്. നൂറു ശതമാനം സാങ്കേതികവിദ്യക്കും ഉറപ്പാക്കാനാവില്ലെന്ന്, അതോ അത് വിശകലനം ചെയ്യുന്നതിലെ പിഴവോ?

എ ഗ്രൂപ്പിൽ ഒന്നാമതായി ഇഗ്ലണ്ടും യു എസിനോടൊപ്പം രണ്ടാം റൗണ്ടിൽ കടന്നു. ഈ ലോകകപ്പിലെ ആദ്യ ഫ്രീകിക്ക് ഗോൾ നേടി മാർക്കസ് റാഷ്ഫോർഡ്, സുന്ദരമായ ഒരു    ഫ്രീകിക്ക്. ഒരുഗോൾ കൂടിയടിച്ചു റാഷ്ഫോർഡ് ഗോൾ വേട്ടക്കാരിൽ ഒന്നാമതുള്ളവരോടൊ പ്പം എത്തി. മൂന്നാമത്തെ ഗോൾ ഫിൽ ഫോഡൻ നേടി.മുന്നേറ്റനിരയിൽ  റഹിം സ്റ്റെർലിംഗ്, ബുക്കയോ സാക്ക, മാധ്യനിരയിൽ മാസൻ മൗണ്ട് എന്നിവർക്കു കോച്ച് പൂർണ വിശ്രമം നൽകി. ഇഗ്ലണ്ടിനോട് തോറ്റ വെയിൽസ് കളിയിൽ ഒരു രംഗത്തും സാന്നിധ്യം അറിയിച്ചില്ല.

നെതർലാൻഡ്സും, സെനഗലും എ ഗ്രൂപ്പിൽ നിന്ന് രണ്ടാം റൗണ്ടിൽ കടന്നു. ഡ്രോ മതിയായിരുന്ന ഇക്വഡോറിനെ തോൽപ്പിച്ച് സെനഗൽ തങ്ങളുടെ എക്കാലത്തേയും ഫുട്ബോൾ വീരനായകനായ പാപ ബൗബേ ഡിയോപ്പിന്റെ ഓർമദിനം അവിശ്മരണീയമാക്കി. 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഫ്രാൻസിനെ കേട്ടുകെട്ടിച്ച നിർണായക ഗോൾ നേടി, അവരെ അന്ന് ക്വർട്ടർ വരെയെത്തിച്ച താരം. വിജയ ഗോൾ നേടിയ കൗലീദു കൗലിബാലി ഡിയോപ്പിന്റെ 19 നമ്പർ തന്റെ ക്യാപ്റ്റൻ ബാൻഡിൽ ചാർത്തിയിരുന്നു. കൗലിബാലിപറഞ്ഞത് " ഈ ദിവസം ഞങ്ങൾക്കു പ്രധാനപ്പെട്ടതാണ്, ഡിയോപ്പിന്റെ ഗാഥകൾ കേട്ടാണ് ഞങ്ങൾ വളർന്നത്. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടിയാണു ഈ വിജയം. ഈ അവസരം ഞങ്ങൾക്ക് വിട്ടുകളയാനാകില്ല". ആദ്യ ഗോൾ പെനാൽറ്റി യിലൂടെ ഇസ്മായിൽ സാർ നേടിയെങ്കിലും രണ്ടാം പകുതിയിൽ മൊയ്‌സസ് കാസീദോയിലൂടെ ഇക്വാഡോർ തിരിച്ചടിച്ചു. മൂന്ന് മിനിട്ടിനകം സെനഗലിനായി ക്യാപ്റ്റൻ നേടിയ ഗോൾ ഡിയോപിനുള്ള ആദരാഞ്ജലിയായി.

ഖത്തറിന് മൂന്നാംതോൽവി സമ്മാനിച്ച് നെതർലാൻഡ്സ് ഏഴു പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാമതായി. ബോക്സിന് പുറത്തുനിന്നുള്ള ഒന്നാംതരം അടിയിലൂടെ ഗോൾ നേട്ടത്തിൽ മൂന്ന് ഗോളോടെ ഒന്നാംനിരക്കാർക്കൊപ്പം എത്തി ടോഡി ഗാഗ്പൊ എന്ന ചെറുപ്പക്കാരൻ. രണ്ടാം ഗോൾ ഫ്രാങ്കി ഡി ജോങ് നേടി. ഖത്തറിന് ഇത് ലോകകപ്പ് പരിചയവേദിയായി.

ഇന്ന് മൂന്ന് ടീമുകൾ രണ്ടാം റൗണ്ടിലെത്തും, ഫ്രാൻസിനോടൊപ്പം. ഡി ഗ്രൂപ്പിൽ അടുത്ത റൗണ്ടിൽ കടന്നു കഴിഞ്ഞ ഫ്രാൻസിനു ഒരു ഡ്രോ ആയാലും മതി. ഓസ്ട്രേലിയക്കും ഒരു ഡ്രോ മതി, ട്യൂണീഷ്യ അസാധ്യമായ വലിയ മാർജിനിൽ ജയിക്കാതിരുന്നാൽ. ഡെന്മാർക്കിന്നും ജയം വേണം.

സി ഗ്രൂപ്പിൽ അര്ജന്റീനക്കു ജയം തന്നെ വേണം. രണ്ടാം റൗണ്ടിൽ ഫ്രാൻസിനെ നേരിടുന്നത് ഒഴിവാക്കാൻ. രണ്ട് കളിയും ഡ്രോ ആയാൽ പോളണ്ട് ഒന്നാമതും അര്ജന്റീന രണ്ടാമതും ആകും. മെസ്സി മാജിക് ഇന്നും ആരാധകർ പ്രതീക്ഷിക്കുന്നു. നീലക്കുപ്പായക്കാരുടെ ജയം കേരളത്തെ ഉത്സവലഹരിയിലാക്കും. കേരളം മുഴുവൻ തലയാട്ടി തുമ്പിയാട്ടി നിൽക്കുന്ന മെസ്സിയുടെ ഗജരൂപങ്ങൾ അടുത്ത 18 വരെയും മസ്തകമുയർത്തിനിൽക്കട്ടെ. അന്ന് വെഞ്ചാമരം വീശി പാണ്ടിമേളത്തോടെ, കിടിലൻ വെടിക്കെട്ടോടെ ഒരു കൊട്ടിക്കലാശം. അതിൽ കുറഞ്ഞൊന്നും വേണ്ട, നമ്മുടെ അർജന്റീനക്കാർക്ക്.

Contact the author

Narendran UP

Recent Posts

Sufad Subaida 1 month ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 1 month ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 1 month ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 4 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More
Dr. Azad 5 months ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 5 months ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More