വഴിമുട്ടി നിന്ന അർജന്റീനക്ക് വഴികാട്ടിയായി മെസ്സി നക്ഷത്രം ഉദിച്ചു- യു പി നരേന്ദ്രന്‍

ചില ഫുട്ബാൾ വിചാരങ്ങൾ : 14

വഴിമുട്ടി നിന്ന അർജന്റീനക്ക് വഴികാട്ടിയായി മെസ്സി നക്ഷത്രം ഉദിച്ചു. ഓസ്ട്രേലിയയുടെ കട്ടപ്രതിരോധത്തിലെ ആദ്യ പഴുതിനായി മുപ്പത്തഞ്ച് മിനുട്ട് കാത്തിരുന്നു. ഒട്ടും ധൃതിയില്ലാതെ, പക്ഷേ കാണികളെ മുൾമുനയിലാഴ്ത്തി. മെസ്സിക്ക് മെസ്സിയുടേതായ പ്രത്യേകവഴികളുണ്ട്. പുത്തൻ ഫുട്ബോളിലെ ചുടലച്ചാരം പൂശി നൃത്തം വെക്കുന്ന ചടുല നർത്തനമല്ല. പുൽ ക്യാൻവാസിൽ ബ്രഷ് കൊണ്ട് തലോടുന്ന കാലുകളുടെ, അതും ഇടം കാലിന്റെ നേർത്ത സ്ട്രോക്കുകൾ, അത് വിരിയിക്കുന്ന ഭിന്നമാതൃകകളുടെ വിന്യാസം, കാഴ്ചയുടെ പെരുന്നാൾ പൂരം. നേരിട്ട് കാണുമ്പോൾ അത് മാഞ്ഞുപോയ വര പോലെ. സ്ലോമോഷനിൽ വീണ്ടും വീണ്ടും കാൺകെ അതിന്റെ കൂടുതൽ ചലനവിശേഷങ്ങൾ തെളിയുന്നു. മെസ്സിയ്ക്ക് മാത്രം കാണുന്ന കാൽ പഴുതുകളിലൂടെ നടത്തുന്ന മാജിക്കൽ തൊടുക്കലിന്നായി കാത്തിരുന്ന അഹ്‌മദ്‌ ബിൻ അലി സ്റ്റേഡിയം പൊട്ടിത്തെറിച്ചു. കാണികൾ പൊട്ടിത്തരിച്ചു! തൊണ്ണുറ്റിയഞ്ച് ശതമാനവും അർജന്റീന കാണികൾ. 'വാമോസ് വാമോസ് അർജന്റീന' ഒരു പ്രകമ്പനം പോലെ മുഴങ്ങി. ഡ്രമ്മുകളും, ചെണ്ടകളും, പീപ്പികളും, മനുഷ്യാരവവും കൂടി തീർക്കുന്ന ഒച്ചയുടെ സിംഫണി. നമ്മൾക്ക് അതിന്റെ കൂടെ കൂടാതിരിക്കാനാവില്ല. ഇനി ആരവങ്ങൾക്ക് അവസാനമില്ല.

മെസ്സിയുടെ ആയിരാമത്തെ (രാജ്യവും ക്ലബ്ബും ചേർത്ത്) കളിയായിരുന്നു അത്. ഒരു ഗോൾ കൂടി ചേർത്ത് ലോകകപ്പ് ഗോൾ നേട്ടം ഒൻപതാക്കി. അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ, റോണോൾഡൊയേക്കാൾ ഒന്നധികം.

ആദ്യ പകുതി കഴിഞ്ഞു രണ്ടാം പകുതിയിൽ അലജൻഡ്രോ ഗോമേസിനു പകരം പ്രതിരോധത്തിൽ ആളെ കൂട്ടി ലിസാൻഡ്രോ മാർട്ടിനെസ് ഇറങ്ങി. എന്നാലും ഓസ്ട്രേലിയ അവരുടെ കളിരീതിയിൽ വലിയ മാറ്റമൊന്നും വരുത്തിയില്ല. എപ്പോഴും മിനിമം 6 പേരെങ്കിലും പ്രതിരോധത്തിൽ ഇല്ലാതെ ഉണ്ടായില്ല. അത് അർജന്റീന മുന്നേറ്റം വരുമ്പോൾ 9 വരെയാകും. അർജന്റീന രണ്ട് വിംഗ് ബാക്ക് അടക്കം ആറോ, അഞ്ചോ പേർ ആക്രമണത്തിൽ പങ്കെടുക്കും. ഓസ്ട്രേലിയയുടെ അപൂർവം പ്രത്യാക്രമണങ്ങൾ മാത്രം. അർജന്റീനയുടെ പ്രെസ്സിങ് ചിലപ്പോൾ ഓസ്ട്രേലിയ പതറും. അങ്ങിനെയുള്ള ബേജാറിൽ ഗോളിക്ക് നൽകിയ ബാക്ക് പാസ്സ് കൈകാര്യം ചെയ്‌തപ്പോൾ ഗോളി മാത്യു റയാനിൽ നിന്ന് പന്ത് തട്ടിയെടുത്താണ് ജൂലിയൻ അൽവാരസ് തന്റെ ഓപ്പർച്ച്യുണിസ്റ്റിക് ഗോൾ നേടിയത്. മാഞ്ചെസ്റ്റർ സിറ്റിയുടെ അർജന്റീനയുടെ യുവതാരം. ഇക്കുറി നീയും അർജന്റീന നിരയിലുണ്ടാവും എന്ന് സിറ്റി കോച്ച് പെപ്പ് ഗാർഡിയോള അൽവാരസ്സിനോട് പറഞ്ഞപ്പോൾ നാക്ക് പൊന്നാവട്ടെ എന്ന് പയ്യൻ സ്പാനിഷിൽ  പറഞ്ഞിട്ടുണ്ടാവും. അടുത്ത ലോകകപ്പ് മുതൽ മെസ്സിയുടെ തോളുണ്ടാവില്ല. അർജന്റീനയുടെ പുതിയ സൂര്യന്മാരുടെ നിരയിലെ നക്ഷത്രമാണ്- ആൽവാരസ്.

അതിനിടയിൽ പരാജയഭാരം എൻസോ ഫെർണാൻഡസിന്റ സെൽഫിയിലൂടെ കുറച്ച്, ഓസ്ട്രേലിയ. ഗുഡ്വിൻ അടിച്ചതു പുറത്തേക്കാണെങ്കിലും വഴിയിൽ നിന്ന എൻസോയുടെ മുഖത്ത് തട്ടി ഗോളിലേക്ക്‌.

അഞ്ചോളം ഗോളവസരങ്ങൾ, അതിൽ മൂന്നെണ്ണം പകരക്കാരനായ ലോറ്റാരോ മാർട്ടിനെസിന്. അർജന്റീനക്ക് കൂടുതൽ ഗോൾ നേടാനായില്ല. അർജന്റീനക്ക് വേണ്ടി അവരുടെ പ്രതിരോധം ഉറച്ചു കളിച്ചു. മധ്യനിരയിൽ റോഡ്രിഗോ ഡി പോൾ ഇന്ന് അസാധ്യ ഫോമിലേക്കുയർന്നു. അവസാന മിനിട്ടിൽ  ഗരാങ് കുയോളിന്ന് കിട്ടിയ സുവർണാവസരം ഗോളി എമിലിയാനോ മാർട്ടിനെസ് ബ്ലോക്ക്‌ ചെയ്തു പിടിച്ചെടുത്തതോടെ പൂരത്തിന് കൊടിയിറങ്ങി.

നാൽപ്പതിനായിരത്തിലധികം ഇമിറ്റേഷൻ മെസ്സിമാരാണ് ഇന്നലെ സ്റ്റേഡിയത്തിലേക്കു ഒഴുകി എത്തിയത്. കൂടാതെ കുറച്ച് മറഡോണമാരും, ഓരോരോ ക്രെസ്‌പൊ, റിക്വെൽമി, പരദേസ്, അഗ്വേരോമാരും. സൗജന്യമായി നൽകുന്ന അർജന്റീനപ്പതാകക്ക് നീണ്ട ക്യു, ഓസ്ട്രേലിയ പ്പതാകയും ഉണ്ട് എന്ന് വിളിച്ചു പറയുന്നുണ്ട്. ആയിരം അർജന്റീനക്ക് ഒരു ഓസ്ട്രേലിയ എന്ന കണക്കിൽ. 

മെട്രോ മുതൽ സ്റ്റേഡിയം വരെ 'കടമ്മനിട്ടപ്പറച്ചെണ്ട'കളുടെ മേളങ്ങൾ, പൊയ്ക്കാൽ നടത്തക്കാർ, ഫുട്ബോൾ അഭ്യാസക്കാർ, അറേബ്യൻ മുതൽ ലാറ്റിനമേരിക്കൻ വരെ നീളുന്ന നൃത്ത-താള- മേളങ്ങൾ പൂരപ്പുറപ്പാട് പല വിധം. പൂരം കഴിഞ്ഞിട്ടും മെട്രോ സ്റ്റേഷൻ വരെ വീണ്ടും, അർദ്ധരാത്രി വരെ നീളുന്ന ആഘോഷരാവായിരുന്നു ഇന്നലത്തേത്. മെട്രോയിലും താളമേളങ്ങൾ തുടർന്നു. കളി കാണാൻ പോകുമ്പോൾ ടിക്കറ്റ് മിച്ചമുണ്ടെങ്കിൽ ഒരു ടിക്കറ്റ്‌ എനിക്ക് തരൂ എന്ന് എഴുതിയ ആളുകളെ കണ്ടു വിഷമം തോന്നി. ഒരാൾ സങ്കടത്തോടെ എനിക്ക് പൈസയില്ല എന്നെഴുതിക്കണ്ടു-വാസ്തവത്തിൽ, ആകെ സങ്കടമായി. തിരിച്ചു വരുമ്പോൾ കഴിഞ്ഞ കളിയുടെ ടിക്കറ്റ് ഉണ്ടോ എന്ന് പ്ലേകാർഡ് പിടിച്ചവരെയും കണ്ടുമുട്ടി. എല്ലാം ഡിജിറ്റൽ ആയപ്പോൾ അപൂർവമായുള്ള കടലാസ് ടിക്കറ്റ് മെമന്റോ ആയി എടുത്തു വെക്കാനാവും എന്ന് തോന്നുന്നു.

അർജന്റീനക്കളി നേരിട്ട് കണ്ടത് കൊണ്ട് നെതർ ലാൻഡ്‌സ്-യു എസ് കളി ഇന്ന് രാവിലെയാണ് കണ്ടത്. ഈ ലോകകപ്പിലെ കാരണവർ കോച്ച് ആയ നെതർലാൻഡ്‌സിന്റെ വാൻ ഗാലിനോട് പത്രക്കാർ അവരുടെ കളി വളരെ ബോറാവുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ജയിക്കാനാണ് കളിക്കുന്നത് എന്നാണ് മറുപടി നൽകിയത്. ചരിത്രത്തിലെ ഏറ്റവും ത്രസിപ്പിക്കുന്നചില ലോകകപ്പ് പോരാട്ടങ്ങൾ നടത്തിയ ടീമാണ് നെതർ ലാൻഡ്‌സ്.

പ്രതിരോധം ശക്തമാക്കിയുള്ള പ്രത്യാക്രമണങ്ങൾ, പുതിയ കാലത്തെ ഫുട്ബോൾ അതാണ്. ഹോളണ്ട് അതാണ് കളിച്ചത്. ഇത് വരെ ഗോളടിക്കാത്ത മെംഫിസ് ഡീപേ, ഡെൻസൽ ഡംഫ്രൈസ് ഡാലി ബ്ലിൻഡ് എന്നിവർ സ്കോർ ഷീറ്റിൽ കയറി പറ്റി. ഡീപേയും ബ്ലിൻഡും നേടിയ ഗോളുകൾ ഡംഫ്രൈസിന്റെ ഒരേ രീതിയിലുള്ള പാസ്സിൽ നിന്ന്, വിങ്ങിലൂടെ ഉള്ളിൽ വന്ന് ബോക്സിന്റെ മോന്തായത്തിലേക്കു ബാക്ക് പാസ്സ്, ബാക്ക് അപ്പ് ആയി വന്ന കളിക്കാരന്റെ ഫസ്റ്റ് ടൈം അടി.

പകരക്കാരനായി വന്ന ഹാജി റൈറ്റിലൂടെ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ഡംഫ്രൈസ് നേടിയ അവസാന ഗോളിലൂടെ ഹോളണ്ട് അധിപത്യം ഉറപ്പിച്ചു. യു എസ് പൊരുതാതിരുന്നില്ല. അവർക്കും നല്ല ഗോളവസരങ്ങൾ ലഭിച്ചിരുന്നു. അവരുടേത് ചെറുപ്പക്കാരുടെ ടീം ആണ്. നാട്ടിൽ കൂടി നടക്കുന്ന അടുത്ത ലോകകപ്പിന് പ്രായം തികയുന്ന ടീം. പുലിസിക്, മുസ, മക്കെന്നി, റോബിൻസൺ, ആരോൺസെൻ, വിയ, ആദംസ്, പെരേര എല്ലാവരും ഈ ലോകകപ്പിൽ മികവ് തെളിയിച്ചവർ. ഇനി അമേരിക്കയിൽ കാണാം എന്ന് പറഞ്ഞു മടങ്ങുന്നു.

കളി കാണുക തന്നെ!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Narendran UP

Recent Posts

K T Kunjikkannan 3 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More