പോളി ടെക്നിക്കുകള്‍ ഇനി ആവശ്യമുണ്ടോ? - മുരളി തുമ്മാരുകുടി

പോളിടെക്നിക് കോഴ്സ് കഴിഞ്ഞവർക്ക് മാത്രമായി ഒരു പ്രത്യേക തൊഴിൽ മേഖല ഇപ്പോൾ കേരളത്തിലോ ഇന്ത്യയിലോ ഇല്ലായെന്ന് മുരളി തുമ്മാരുകുടി. ഇന്ത്യക്ക് പുറത്ത് ഉള്ള, പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളിലെ സാങ്കേതിക തൊഴിൽ സാദ്ധ്യതകൾ എത്തിപ്പിടിക്കാൻ ഡിപ്ലോമ ഒരു തടസ്സമാകുന്നു. നാലു വർഷത്തെ ഡിഗ്രി കോഴ്സ് ചെയ്യാത്തവർക്ക് വർക്ക് പെർമിറ്റ് കിട്ടാൻ മിക്കവാറും പാശ്ചാത്യ രാജ്യങ്ങളിൽ ബുദ്ധിമുട്ടാണ്. അപ്പോൾ പിന്നെ എന്തിനാണ് നമ്മൾ ഈ പോളി ടെക്നിക്കുകൾ നില നിർത്തുന്നതെന്നും മുരളി തുമ്മാരുകുടി ചോദിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

കേരളത്തിൽ പോളി ടെക്നിക്കുകൾക്ക് ഭാവി ഉണ്ടോ?

കളമശേരിയിലെ പൊളിടെക്നിക്കിലെ പൂർവ്വ വിദ്യാർത്ഥിയാണ് എൻറെ അടുത്ത സുഹൃത്ത് ബെന്നി. പ്രീ-ഡിഗ്രി വരെ ഒന്നിച്ചു പഠിച്ചതാണ്. അക്കാലത്ത് കേരളത്തിൽ വെറും ഏഴ് എഞ്ചിനീയറിങ്ങ് കോളേജുകൾ ആണുള്ളത്. ബെന്നിക്ക് അത്യാവശ്യം മാർക്ക് ഉണ്ടായിരുന്നു. അന്ന് കേരളത്തിൽ എഞ്ചിനീയറിങ്ങ് ഡിഗ്രി സീറ്റുകൾ വളരെ കുറവ്. അന്ന് ബെന്നിക്ക് അതിനുള്ള താല്പര്യമില്ല. അതുകൊണ്ടാണ് എൻജിനീയർ ആകാനുള്ള എല്ലാ യോഗ്യതയും ഉണ്ടായിട്ടും അദ്ദേഹം ഡിപ്ലോമക്ക് ചേർന്നത്. ഭാഗ്യവശാൽ പഠിച്ചു കഴിഞ്ഞ് ചെന്നൈയിലും ലക്ഷദ്വീപിലും കേരളത്തിലും ജോലി ചെയ്ത് കെ.എസ്.ഇ.ബി. യിൽ നിന്നും എൻജിനീയർ ആയിത്തന്നെ അദ്ദേഹം റിട്ടയർ ആയി.

ഇപ്പോൾ ബെന്നി കളമശ്ശേരിയിലെ പോളി ടെക്നിക്ക് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റാണ്. നമ്മുടെ വ്യവസായ മന്ത്രി ശ്രീ.പി. രാജീവും അവിടുത്തെ പൂർവ്വ വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസം ശ്രീ. രാജീവും കൂടി പങ്കെടുക്കുന്ന ഒരു മീറ്റിങ്ങിൽ പോകുന്നതിന് മുൻപ് ഞങ്ങൾ സംസാരിച്ചു. എന്തൊക്കെ നിർദ്ദേശങ്ങളാണ് പോളി ടെക്നിക്കിന്റെ ഭാവിക്കായി നമുക്ക് നല്കാൻ സാധിക്കുന്നത് എന്നതായിരുന്നു ചർച്ച.

ഞാൻ ഒരുപാട് ചിന്തിച്ചിട്ടുള്ള കാര്യമാണ്. ഇന്നിപ്പോൾ നാട്ടിൽ നിന്നും ഡിപ്ലോമ കഴിഞ്ഞു ജർമ്മനിയിൽ ജോലി ചെയ്യുന്ന മറ്റൊരു സുഹൃത്തിനോട് സംസാരിച്ചു. തൊഴിൽ പരിചയവും ജോലിയും ഉണ്ടായിട്ടും ഡിഗ്രി ഇല്ലാത്തതിനാൽ എന്തൊക്കെ പ്രതിബന്ധങ്ങളാണ് അദ്ദേഹം നേരിട്ടത് എന്നു മനസ്സിലാക്കി. ഡിപ്ലോമ കഴിഞ്ഞവർക്ക് മാത്രമായി ഒരു പ്രത്യേക തൊഴിൽ മേഖല ഇപ്പോൾ കേരളത്തിലോ ഇന്ത്യയിലോ ഇല്ല എന്നതാണ് ഒരു പ്രശ്നം.

ഇന്ത്യക്ക് പുറത്ത് ഉള്ള, പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളിലെ സാങ്കേതിക തൊഴിൽ സാദ്ധ്യതകൾ എത്തിപ്പിടിക്കാൻ ഡിപ്ലോമ ഒരു തടസ്സമാകുന്നു. നാലു വർഷത്തെ ഡിഗ്രി കോഴ്സ് ചെയ്യാത്തവർക്ക് വർക്ക് പെർമിറ്റ് കിട്ടാൻ മിക്കവാറും പാശ്ചാത്യ രാജ്യങ്ങളിൽ ബുദ്ധിമുട്ടാണ്. അപ്പോൾ പിന്നെ എന്തിനാണ് നമ്മൾ ഈ പോളി ടെക്നിക്കുകൾ നില നിർത്തുന്നത്?അവയൊക്കെ ഡിഗ്രി കോളേജുകൾ ആക്കുന്നതല്ലേ നല്ലത്? ഇതിപ്പോൾ പുതിയ കാര്യം ഒന്നുമല്ല.

പത്തൊന്പതാം നൂറ്റാണ്ടിലാണ് ഇംഗ്ലണ്ടിൽ പോളി ടെക്നിക്കുകൾ സ്ഥാപിച്ചു തുടങ്ങിയത്. വ്യവസായ വിപ്ലവം ആവശ്യപ്പെട്ട തൊഴിൽ സമൂഹത്തെ പരിശീലിപ്പിക്കുക എന്നതായിരുന്നു അതിൻറെ ഉദ്ദേശം. യു.കെ.യിൽ മാനുഫാക്‌ചറിംഗ് ഇൻഡസ്‌ട്രി ക്ഷയിച്ചു വന്ന കാലത്ത് 1992 ൽ ഈ പോളി ടെക്നിക്കുകൾ യൂണിവേഴ്സിറ്റികളാക്കി പ്രഖ്യാപിച്ചു. ഇപ്പോൾ നമ്മുടെ നാട്ടിൽ നിന്നും യു.കെ. യിലേക്ക് ഒഴുകുന്ന അനവധി കുട്ടികൾ പഴയ പോളിടെക്നിക്കുകളിലാണ് പോകുന്നത്. അന്വേഷിച്ചു നോക്കിയാൽ അറിയാം.

ദീർഘ വീക്ഷണം ഉണ്ടായിരുന്നെങ്കിൽ കേരളത്തിലും 1990 കളിൽ പോളി ടെക്നിക്കുകൾ എഞ്ചിനീയറിങ്ങ് കോളേജുകൾ ആക്കി മാറ്റാമായിരുന്നു. പോട്ടെ, പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ല എന്നാണല്ലോ. എന്നാൽ ഇപ്പോൾ ഒരു ബസ് കൂടി വരുന്നുണ്ട്. പുതിയ വിദ്യാഭ്യാസ നയം. ഞാൻ പല പ്രാവശ്യം പറഞ്ഞതാണ്. ഇന്ത്യയിലെ വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ മാറ്റങ്ങൾ ആണ് പുതിയ വിദ്യാഭ്യാസ നയം കൊണ്ട് വരുന്നത്. സ്‌കൂൾ തലത്തിലും കോളേജ് തലത്തിലും.

വേഗത്തിൽ കാര്യങ്ങൾ നീക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്താണ്. യു.ജി.സി. തന്നെ എടുത്തു കളയണം എന്ന് പറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു സാധാരണ ഗതിയിൽ മെല്ലെപ്പോക്ക് നടത്തുന്ന യു.ജി.സി. ആണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ പോളിസികൾ ഏറ്റവും വേഗത്തിൽ മാർഗ്ഗ നിർദ്ദേശങ്ങൾ ആക്കുന്നത്. അതിലൊന്ന് മൾട്ടിപ്പിൾ എൻട്രി ആൻഡ് എക്സിറ്റ് എന്നതാണ്.

അതായത് ഇപ്പോഴത്തെ പോലെ ഒരിക്കൽ ഡിഗ്രിക്ക് ചേർന്നാൽ ഒന്നുകിൽ ഡിഗ്രി പാസാകണം അല്ലെങ്കിൽ ഒന്നുമില്ലാതെ പുറത്തിറങ്ങണം എന്ന രീതി മാറുകയാണ്. പഠനം തുടങ്ങിയാൽ, അത് എഞ്ചിനീയറിങ്ങ് കോളേജിലാണെങ്കിലും ആർട്സ് കോളേജിൽ ആണെങ്കിലും ഒരു വർഷത്തെ കോഴ്‌സുകൾ പാസായാൽ ഒരു സർട്ടിഫിക്കറ്റോടെ പുറത്തിറങ്ങാം, കുറച്ചു കൂടി പഠിച്ചാൽ രണ്ടു വർഷത്തിൽ ഡിപ്ലോമയോടെ പുറത്തിറങ്ങാം, മൂന്നാം വർഷം സയൻസ് വിഷയങ്ങളിൽ ഡിഗ്രിയോടെ പുറത്തിറങ്ങാം, എന്നിങ്ങനെ. ഒരു ഗുണം കൂടി ഉണ്ട്, എഞ്ചിനീയറിങ്ങിന് പഠിക്കാൻ എത്തി മൂന്നു നാലു വർഷം പഠിച്ചിട്ടും കോഴ്‌സുകൾ എല്ലാം പാസായില്ലെങ്കിൽ ഡിപ്ലോമക്ക് ആവശ്യത്തിനുള്ള കോഴ്‌സുകൾ ഉണ്ടെങ്കിൽ ഒരു ഡിപ്ലോമയുമായി പുറത്തിറങ്ങാം, അല്ല സർട്ടിഫിക്കറ്റിനുള്ള അത്രയും കോഴ്‌സുകളേ പാസായിട്ടുള്ളൂ എങ്കിൽ അതുമായി. എഞ്ചിനീയറിങ്ങിന് പോയി സപ്ലിയുമായി ജീവിതം തുലയുന്ന രീതി ഇല്ലതാകും. പുറത്തേക്ക് മാത്രമല്ല അകത്തേക്കും പലവഴി ഉണ്ട്. സർട്ടിഫിക്കറ്റ് കിട്ടി പുറത്തിറങ്ങി രണ്ടോ മൂന്നോ വർഷം ജോലി ചെയ്തവർക്ക് വീണ്ടും കോളേജിലേക്ക് പോകാം, ചെയ്‌ത ജോലി പഠനവുമായി ബന്ധം ഉണ്ടെങ്കിൽ അതിന് ക്രെഡിറ്റ് വേറെ കിട്ടും, അപ്പോൾ അത് ഡിപ്ലോമ ആക്കാം, അല്ലെങ്കിൽ ഡിഗ്രിയിലേക്ക് കണക്ക് കൂട്ടി പഠനം തുടരാം.

ചുരുക്കിപ്പറഞ്ഞാൽ എല്ലാ കോളേജുകളും പോളി ടെക്നിക്ക് ആവാൻ പോവുകയാണ്! അതുകൊണ്ട് തന്നെ നമ്മുടെ പോളി ടെക്നിക്കുകൾ ഇത് പോലെ നില നിർത്തുന്നതിന് ഒരു കാരണവും ഞാൻ കാണുന്നില്ല. അവയുടെ ഭാവി ചിന്തിക്കേണ്ട സമയമാണ്.ഇതെൻറെ അഭിപ്രായം ആണ് കേട്ടോ, ബെന്നിയുടെ അഭിപ്രായം അല്ല. അദ്ദേഹവുമായി ചർച്ച ചെയ്തു എന്നേ ഞാൻ പറഞ്ഞുള്ളൂ.


Contact the author

Web Desk

Recent Posts

Web Desk 3 weeks ago
Social Post

പ്രസാദിന്റേത് ആത്മഹത്യയല്ല, സർക്കാർ സ്പോണ്‍സേര്‍ഡ് കൊലപാതകമാണ് -കെ കെ രമ

More
More
Web Desk 3 weeks ago
Social Post

ജീര്‍ണ്ണിച്ചഴുകിയ കുടുംബ വ്യവസ്ഥയാണ് പെണ്‍കുട്ടികളെ കൊല്ലുന്നത്- ഷാഹിന കെ കെ

More
More
Web Desk 4 weeks ago
Social Post

അതെ, ഫലസ്തീന്‍ കേരളത്തിലാണ്, ഭൂമിയില്‍ 'മനുഷ്യ'രുളള ഓരോ തരി മണ്ണും ഇന്ന് ഫലസ്തീനാണ്- ഏഷ്യാനെറ്റ് ചര്‍ച്ചയ്‌ക്കെതിരെ എം സ്വരാജ്

More
More
Web Desk 1 month ago
Social Post

സുരേഷ് ഗോപിയെ ബിജെപി നേതൃത്വം ഇടപെട്ട് നിലയ്ക്കുനിര്‍ത്തണം- സനീഷ് ഇളയിടത്ത്

More
More
Web Desk 1 month ago
Social Post

'ഞാനിപ്പോള്‍ കേരളവര്‍മ്മ കോളേജിലല്ല, ശ്രീക്കുട്ടനോട് സ്‌നേഹവും ബഹുമാനവുമുണ്ട്'- ദീപാ നിശാന്ത്

More
More
Web Desk 1 month ago
Social Post

വിനു വി ജോണിന് രാജീവ് ചന്ദ്രശേഖറിനെ 'തെമ്മാടി മന്ത്രി'യെന്ന് വിളിക്കാനുളള ധൈര്യമുണ്ടോ? -പി ജയരാജന്‍

More
More