ഖത്തര്‍ തുറക്കുന്നത് പുതുപുത്തൻ ഫുട്ബോൾ സാധ്യതകളുടെ വിപ്ലവം- യു പി നരേന്ദ്രന്‍

ചില ഫുട്ബാൾ വിചാരങ്ങൾ :19

മോറോക്കോയുടെ വിജയം ആഫ്രിക്കയുടെയും അറേബ്യയുടെയും മാത്രമല്ല ഫുട്ബാളിൽ പിച്ചവെക്കുന്ന എല്ലാ കുഞ്ഞൻ രാജ്യങ്ങളുടെയും വിജയമാണ്. യൂറോപ്പും തെക്കേ അമേരിക്കയും പേറുന്ന സാമ്പത്തിക സാമൂഹിക ഫുട്ബോൾ മൂലധനത്തിന്റെ രാവണൻകോട്ടകൾ തുരന്നുകയറുന്ന പുതുപുത്തൻ ഫുട്ബോൾ സാധ്യതകളുടെ വിപ്ലവം. ഖത്തറിലുള്ള അറബ് വംശജർ ഈ ടീമിനെ ഇപ്പോൾ അവരുടെ സ്വന്തം ടീമായി കാണുന്നു. എല്ലാവരും തെരുവുകളിൽ മോറോക്കോ പതാകകൾ വീശി ചെണ്ടകൊട്ടി ആഘോഷിക്കുന്നു. ടീം ഇല്ലാതിരുന്നവരുടെ ടീമായി അവർ മാറിക്കഴിഞ്ഞു. ആദ്യമായി സെമിയിലെത്തുന്ന ആഫ്രിക്കയുടെ ആരവങ്ങൾക്കു അവസാനമില്ലാതിരിക്കട്ടെ.

ആദ്യപകുതിയുടെ അവസാനം ഇടതുവിംഗ് ബാക്ക് യഹിയ അതിയത്‌ അല്ലാഹ് വായുവിൽ ഉയർത്തി നൽകിയ ക്രോസ് ഗോളിക്കും ഡിഫെൻഡർക്കും ഇടയിലൂടെ ആകാശത്തേക്ക് എന്ന പോലെ കടലിൽ നിന്ന് കുതിച്ചുയരുന്ന ഒരു ഡോൾഫിനെപ്പോലെ ഉയർന്നു നീണ്ട് തല മാത്രമല്ല തന്റെ എല്ലാം കൊടുത്തുകൊണ്ട് ഗോളിലേക്ക് പന്ത് തിരിച്ചുവിട്ട് യൂസേഫ് എൻ നെസ്രി തിരിച്ചിറങ്ങിയത് ഫുട്ബോൾ ഭൂമിയിലേക്കല്ല, ചരിത്ര സ്വർഗത്തിലേക്ക്. തൊട്ടു 'തൊട്ടില്ലെന്നായ സമസുന്ദര' ഫുട്ബോൾ ദൃഷ്ടിയിൽ കണ്ടു കാണികളും കളിക്കാരും. നെസ്രി മുൻപ് അങ്ങിനെ ഉയർന്നു ചാടിയിട്ടുണ്ടോ എന്നറിയില്ല, പക്ഷേ, ആ ചാട്ടം മൊറോക്കോയുടെയും നെസ്രിയുടെയും ചരിത്രം മാറ്റിയെഴുതി. ആ കാഴ്ച്ച കണ്ടവരുടെ കൂട്ടത്തിൽ പോർച്ചുഗലിന്റെ ബെഞ്ചിൽ ഇരുന്നു കളി കണ്ട റൊണാൾഡോയുമുണ്ടായിരുന്നു. തന്റെ സ്വന്തം ഡോൾഫിൻ ഹെഡ്ഡറുകൾക്കു പുതിയ ഡോൾഫിൻ പതിപ്പുകൾ! ബെൽജിയം, സ്പെയിൻ, പോർച്ചുഗൽ, യൂറോപ്യൻ വൻകരയുടെ ഭൂപടം ഒരു മണൽകോട്ടയെ തട്ടിമാറ്റുന്ന കുട്ടിയെപ്പോലെ മായ്ച്ചു, മൊറോക്കോ. ഇനി വരാനിരിക്കുന്നതു തങ്ങളുടെ മുൻ അധിനിവേശകരുടെ മായ്ക്കൽ ആണോ! കാത്തിരുന്നു കാണാം.

പോർച്ചുഗൽ കഴിഞ്ഞ കളിയിലെ വമ്പൻ ജയം മുഴുവൻ തങ്ങളുടെ വമ്പുണ്ടെന്നു നടിച്ചു. എന്നാൽ സ്വിറ്റ്സർലൻഡിന്റെ അറോളം കളിക്കാർ വൈറൽ പനിയുടെ പിടിയിൽ നിന്ന് മുഴുവനായി മോചിതരാകാത്തത് കൊണ്ടുകൂടിയാണ് അങ്ങിനെ നടന്നത്. റൊണാൾഡോയെ ഒഴിവാക്കിയാലും പ്രശ്നമില്ല, എന്ന് ചിന്തിച്ചു. മൂപ്പരുടെ പകരക്കാരനായ റാമോസ് ഇന്നലെ തന്റെ തന്നെ നിഴലായിരുന്നു. ബ്രൂണോയുടെയും ഫെലിക്സിന്റെയും തകർപ്പൻ അടികൾക്കും റൊണാൾഡോയുടെ ശ്രമങ്ങൾക്കും അന്തിമവിധിയെ തടുക്കാനായില്ല.

മൊറോക്കോ കോച്ച് വാലിദ് റെഗ്രഗുയി ആഗസ്തിൽ മാത്രമാണ് ടീമിനോപ്പം ചേർന്നത്. പക്ഷേ, മുൻപ് ടീമുമായി ഇടഞ്ഞു നിന്നിരുന്ന ഹക്കിം സിയെച്ചിനെ പോലെയുള്ള കളിക്കാരെ ഒത്തുകൂട്ടി ഒരു ടീമായി കൊണ്ടുവന്നു, പുതിയ സ്വപ്നങ്ങളിലേക്ക്. പരിക്കേറ്റ അവരുടെ ആദ്യ ഇലവനിലെ സ്ഥിരക്കാരായ ആഗ്വർഡ്, മസ്രാവി എന്നിവർക്കു പകരം ഇന്നലെയിറങ്ങിയ യാനിക്, അറ്റിയത് അല്ലാഹ് എന്നിവരും പരിക്കേറ്റ് പുറത്ത് പോയ സാസ്സിന് പകരമെത്തിയ ദാരിയും തകർത്തു പിടിച്ചുനിന്നു. പതിവുപോലെ ഹക്കിമിയും ഗോളി ബോണോയും തങ്ങൾ ലോകം ശ്രദ്ധിക്കുന്ന താരങ്ങളാണെന്നു കാണിച്ചുതന്നു.

ഫ്രാൻസ് തങ്ങളുടെ കുതിപ്പ് ഈ ലോകകപ്പിലും തുടരുകയാണ്. എമ്പാപ്പേയെ പിടിച്ചു നിർത്തിയെങ്കിലും കാന്റെയുടെ പിൻഗാമിയായി ഉയർന്നുവരുന്ന മധ്യനിരയിലെ പുതിയ താരം ഔരേലിയൻ ചൗമേനി ആദ്യ ഗോളും, പരിചയസമ്പന്നനായ ഒളിവർ ജിരൗദ് രണ്ടാം ഗോളും നേടി. ചൗമേനി ബോക്സിന് പുറത്തുനിന്നു നേടിയ ഗോൾ എണ്ണം പറഞ്ഞതായിരുന്നു. എമ്പാപ്പേയും, ഗ്രീസ്മാനും, ഡെമ്പലെയും, കൗണ്ടെയും തകർത്തു കളിച്ചു. ഇംഗ്ലണ്ടിനായി ഹാരി കെയിൻ ആദ്യ പെനാൽറ്റി ഗോളാക്കിയപ്പോൾ സമനില നേടാൻ കഴിയുമായിരുന്ന രണ്ടാം പെനാൽറ്റി ബാറിനു മുകളിലൂടെ പറത്തി. തന്റെ വീട്ടിൽ നടന്ന കവർച്ച കാരണം ഇംഗ്ലണ്ടിലേക്ക് മടങ്ങിയ സ്റ്റെർലിംഗ്, രണ്ട് കളികൾ ഒഴിവാക്കിയെങ്കിലും, ഇന്ന് പകരക്കാരനായി തിരിച്ചെത്തി

മിനിഞ്ഞാന്ന് രാത്രി ബ്രസീലിലെ വാച്ചുകൾ നിലച്ചു പോയ രാത്രി. ഇനി മുന്നോട്ടു സമയമില്ല. കേരളത്തിലും ബ്രസീലിന്റെ ഹൃദയം പോലെ സ്പന്ദനങ്ങൾ നിലച്ച രാത്രി. മാഞ്ഞുപോയ മഞ്ഞകൾ, കണ്ണീരിൽ കുതിർന്ന പച്ചയും മഞ്ഞയും കലർന്ന മുഖച്ചായങ്ങൾ, ദുഃഖമുഖങ്ങൾ. ത്രസിപ്പിക്കുന്ന കളികളുടെ എല്ലാം അവസാനം ഇങ്ങിനെയാകുമോ! ഇത് 1982 ന്റെ ആവർത്തനം.

ഗോളടിച്ചാൽ മാത്രം തിരിച്ചടിക്കാൻ കോപ്പ് കൂട്ടുന്ന ക്രൊയേഷ്യ. അവശ്യത്തിനു മാത്രം അന്നം തേടുന്നവരെപ്പോലെ. നെയ്മറുടെ ഗോളിൽ അന്തം വിട്ട് ആഹ്ളാദിച്ചവരെല്ലാം ബ്രൂണോ പെറ്റ്കോവിക്കിന്റെ സമനിലഗോളിൽ സ്തംഭിച്ചുനിന്നു. മധ്യനിര തങ്ങളുടെ വരുത്തിയിലാക്കിയ ക്രൊയേഷ്യ ബ്രസീൽ പകരക്കാരെയിറക്കിയാണ് വീണ്ടും വരുതിയിലാക്കി അധികസമയക്കളിയിൽ ഗോൾ നേടിയത്. ബാറിനു കീഴിൽ ലീവാകോവിക്കിന്റെ പ്രകടനം ക്രൊയേഷ്യയെ വളരെയധികം സഹായിച്ചു. പെനാൽറ്റി അടിച്ചപ്പോൾ റോഡ്രിഗോയുടെ ആദ്യ കിക്ക് തന്നെ തടുത്തു രണ്ടാമതും ക്രൊയേഷ്യയുടെ രക്ഷകനായി. ബ്രസീൽ ഇത് അഞ്ചാം തവണയാണ് ആരാധകരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് ലോകകപ്പ് നേടാതെ തുടർച്ചയായി പുറത്ത് പോകുന്നത്. 

അര്‍ജ്ജന്‍റീനയുടെ കളി ഞങ്ങളെ നിരാശരാക്കിയില്ല. പക്ഷേ, ആ കളിക്ക് മുന്നേ നടന്ന ബ്രസീലിന്റെ കളി കഴിഞ്ഞ നിമിഷം ലുസയിൽ സ്റ്റേഡിയം ആരവങ്ങളാൽ ശബ്ദമുഖരിതമായി. ബ്രസീലിന്റെ തോൽവി അര്ജന്റീന കാണികൾ ആഘോഷിച്ചതാണ്! തങ്ങളും അങ്ങിനെയൊരു വിധിയുടെ മുൾമുനയിൽ എത്തുമെന്ന് അവർ അപ്പോൾ പ്രതീക്ഷിച്ചുകാണില്ല. അതാണ്‌ കളികൾക്കുള്ളിലെ കളി! 17 മഞ്ഞയടക്കം 18 കാർഡുകൾ കണ്ട അർജന്റീന-നെതർലാൻഡ്‌സ് മത്സരത്തിലെ റഫറിയെ യൂസ്ലസ് എന്നാണ് ഗോളി മാർട്ടിനെസ് വിളിച്ചത്. റഫറി അന്റോണിയോ മാറ്റുവിനു 'റഫറിയിങ്ങ്' വൈറൽ ആക്കണം എന്ന് തോന്നിയിട്ടുണ്ടെന്ന മട്ടിൽ ആണ് കളി നടന്നത്. കളി കഴിഞ്ഞിട്ടും റഫറിയുടെ അരിശം തീർന്നിരുന്നില്ല! കളി കഴിഞ്ഞും വീശി അയാൾ മഞ്ഞയും ഒരു ചുവപ്പ് കാർഡും! കാണികൾ പറഞ്ഞ ഒരു തമാശ-അയാൾ ക്യാമറക്കാർക്ക് നേരെയും കാർഡ് വീശി എന്ന്. മെസ്സിയും ഈ മാതിരി റഫറിമാരെ പ്രധാനപ്പെട്ട മത്സരങ്ങൾ നിയന്ത്രിക്കാൻ അനുവദിക്കരുത് എന്ന് പറഞ്ഞു.

നതാൻ അകെയുടെ കാലിനും മറ്റൊരു കളിക്കാരനും ഇടയിലൂടെ മെസ്സിക്ക് മാത്രം കാണാൻ കഴിയുന്ന ഒരു വഴി-പാസ്സ്, പിന്നെ, മോളിനയ്ക്കു പന്തിനെ ഗോളിലേക്ക് ഒന്ന് ഉന്തുകമാത്രം മതിയായിരുന്നു! അത്രയ്ക്ക് കൃത്യമായി കണക്കൊപ്പിച്ച ചലനങ്ങൾ! പിന്നീട് അക്കുണയെ ഫൗൾ ചെയ്തതിനു കിട്ടിയ പെനാൽറ്റി കൂളായി ഗോളിയെ കബളിപ്പിച്ചു മെസ്സി വീണ്ടും, നാലു ഗോളോടെ രണ്ടാം സ്ഥാനവും. രണ്ട് ഗോൾ വെഗ്ഹോസ്റ്റ് നേടിയ രണ്ട് ഗോളുകൾ പ്രത്യേകമായിരുന്നു. രണ്ടാം ഗോളിൽ ലുസയിൽ സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ നിശ്ശബ്ദമായി. മാർട്ടിനെസ് രണ്ട് പെനാൽറ്റി തടുത്തപ്പോൾ വീണ്ടും പൊട്ടിത്തെറിച്ചു. ലോടാരോ മാർട്ടിനെസ് ഗോളിയെ കബളിപ്പിച്ചു പെനാൽറ്റിയടിച്ചു കേറ്റിയപ്പോൾ കളിക്കാർ രണ്ട് മാർട്ടിനെസ്മാരെയും ചേർത്ത് വീർപ്പുമുട്ടിച്ചു. 880000 ത്തിൽ അധികം കാണികൾ ആരവങ്ങളുടെ കുംഭഗോപുരങ്ങൾ തീർത്തുകൊണ്ട് ലുസൈൽ സ്റ്റേഡിയത്തിൽ അന്ന് പുലരുംവരെ ആഘോഷമായിരുന്നു. ലുസൈൽ ആരവങ്ങളിൽ, ശബ്ദത്തിന്റെ ഉച്ചസ്ഥായികളിൽ, ഞങ്ങളുടെ സന്തോഷശബ്ദങ്ങളും അലിഞ്ഞ് ചേർന്നു. കേരളത്തിലും അതിന്റെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല.

ഒന്നോ രണ്ടോ ടീമുകൾ ഇല്ലാതായാലും കളി തുടരുകതന്നെ ചെയ്യും. ബ്രസീൽ പോയാലും ഭൂരിപക്ഷം കാണികളുടെ ടീമായ അര്ജന്റീനയുണ്ട്. ആരും പ്രതീക്ഷിക്കാത്ത മൊറൊക്കോയാണ് ഇപ്പോൾ ഖത്തറിലെ ഇഷ്ട ടീം. അവിടെയുള്ള മൊറോക്കോക്കാർക്കൊപ്പം അറബിനാട്ടുകാർ ഒന്നടങ്കം തങ്ങളുടെ ടീമായി അവരെ ദത്തെടുത്തു കഴിഞ്ഞു. തോറ്റ ടീമുകളിലെ കാണികളും അവർക്കൊപ്പം ചേരുന്നുണ്ട്. പുതിയ പുതിയ കട്ട്ഔട്ട്‌കളും ബാനറുകളും ഇനിയും ഉയരട്ടെ. പ്രതീക്ഷകൾ അവസാനിക്കുന്നില്ല-കളികളും. ഫുട്ബോൾ പുതിയ ഭൂഖണ്ഡങ്ങളിലേക്ക് മുന്നേറുകയാണ്. ഖത്തറിൽ ഫുട്ബോളിന്റെ പുതു വസന്തത്തിന്റെ ഇടിമുഴക്കം തീർത്ത് മൊറോക്കോ വിസ്മയക്കുതിരകളായിത്തന്നെ മുന്നേറട്ടേ. കളികൾ തുടരുകതന്നെ ചെയ്യും.

കളി കാണുക തന്നെ!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Narendran UP

Recent Posts

K T Kunjikkannan 2 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More