ടെഹ്റാന്: ഇറാനില്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചതിന് യുവാവിനെ പരസ്യമായി തൂക്കിക്കൊന്നു. സര്‍ക്കാരിനെതിരായ പ്രതിഷേധത്തിനിടെ രണ്ട് സുരക്ഷാസേന അംഗങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന് ആരോപിച്ചാണ് മജിദ്റെസ റഹ്നവാര്‍ഡ് എന്ന ഇരുപത്തിനാലുകാരനെ തൂക്കിക്കൊന്നത്. ഇറാന് ജുഡീഷ്യറിയുടെ വാര്‍ത്താ വെബ്സൈറ്റ് ഉദ്ദരിച്ച് അല്‍ ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മഷാദില്വെച്ചാണ് വധശിക്ഷ നടപ്പിലാക്കിയത്.
യുവാവിനെ ക്രെയിനില്‍ കെട്ടിത്തൂക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സെന്‍ട്രല്‍ ടെഹ്റാനില്‍ അര്‍ധസൈനിക വിഭാഗത്തിലെ അംഗത്തെ ആക്രമിച്ചെന്ന് ആരോപിച്ച് മൊഹ്സെന്‍ ഷെക്കാരി എന്ന ഇരുപത്തിമൂന്നുകാരനെ കഴിഞ്ഞ വ്യാഴാഴ്ച്ച ഇറാന് വധിച്ചിരുന്നു. അതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇറാന് രണ്ടാമത്തെ വധശിക്ഷയും നടപ്പിലാക്കിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ഇറാന് ഭരണകൂടത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധവുമായി സ്ത്രീകളും കുട്ടികളുമടക്കം ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ മതകാര്യ പൊലീസിനെ ഇറാന് ഭരണകൂടം പിരിച്ചുവിട്ടിരുന്നു.