തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള (ഐ എഫ് എഫ് കെ) യില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. വിമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്നും റിസര്‍വേഷന്‍ രീതി ഫലപ്രദമാണെന്നും രഞ്ജിത്ത് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു ചിത്രത്തിന് മാത്രമായി പ്രത്യേക പരിഗണന നല്കാന് തീരുമാനിച്ചിട്ടില്ല. പ്രതിഷേധിച്ചവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഡെലിഗേറ്റ്സ് പാസ് പോലുമില്ല. അക്കാദമിയുടെ ഭാഗത്തുനിന്ന് ഒരാള്‍ക്കെതിരെയും പരാതി നല്‍കിയിട്ടില്ലെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. ഐ എഫ് എഫ് കെയില്‍ പ്രതിഷേധിച്ച മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തുവെന്ന വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെയാണ് രഞ്ജിത്തിന്റെ പ്രതികരണം.
തിരുവനന്തപുരം വഴുതക്കാട് സ്വദേശി നവീന്‍ കിഷോര്‍, തൃശൂര്‍ പാറവട്ടി സ്വദേശി നിഹാരിക, കൊല്ലം ചന്ദനത്തോപ്പ് സ്വദേശി മുഹമ്മദ് ഹനീന് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന ഇരുപത്തിയേഴുപേര്ക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ നിയമവിരുദ്ധമായി സംഘംചേരല്‍, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. തിങ്കളാഴ്ച്ചയാണ് ചലച്ചിത്രമേള നടക്കുന്ന ടാഗോര്‍ തിയറ്ററില്‍ പ്രതിഷേധമുണ്ടായത്. ലിജോ ജോസ് പെല്ലിശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയ്ക്ക് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിക്കാതിരുന്നതോടെയാണ് വിദ്യാര്‍ത്ഥികളുള്‍പ്പെടെയുളള ഡെലിഗേറ്റുകള്‍ പ്രതിഷേധിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ഡെലിഗേറ്റ് പാസോ മറ്റ് മതിയായ രേഖകളോ ഇല്ലാതെയാണ് പ്രതിഷേധക്കാര്‍ തിയറ്ററിലേക്ക് തളളിക്കയറാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് എഫ് ഐ ആറില്‍ പറയുന്നത്. പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ കുത്തിയിരുന്ന് പ്രതിഷേധിച്ചെന്നും മൂന്ന് പ്രതികളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായതെന്നും എഫ് ഐ ആറില്‍ പറയുന്നു.