മെസ്സി കളിക്കുമ്പോൾ ഫുട്ബോൾ കൂടുതൽ സർഗാത്മകമാകുന്നു- യു പി നരേന്ദ്രന്‍

ചില ഫുട്ബോൾ വിചാരങ്ങൾ : 21

പാവം പാവം ജോസ്‌കോ ഗ്വാർഡിയോൾ. ഈ ലോകകപ്പിലെ ഏറ്റവും നന്നായി കളിച്ച പ്രതിരോധതാരം എന്ന വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴാണ് മെസ്സിയുടെ മുന്നിലെത്തുന്നത്. പൂച്ച എലിയായി മാറുന്ന കാർട്ടൂൺ ഫുട്ബോൾ നിമിഷങ്ങൾ. തൊട്ടു തൊട്ടില്ലെന്നപോലെ തെന്നി നീങ്ങി, ഒരു കഥക്ക് (അഥവാ ടാൻങ്കോ) നർത്തകനെപ്പോലെ ഒരൊറ്റ വെട്ടിത്തിരിയൽ, വീണ്ടും തിരിച്ചു തിരിഞ്ഞു ഗ്വാർഡിയോളിനെ വികർഷിച്ചു തെന്നി നീങ്ങൽ, അവസാനവര വരെ നീങ്ങി തടുക്കാനാഞ്ഞ ഗ്വാർഡിയോളിന്റെ കാലിന്നിടയിലൂടെ തൊണ്ണൂറ് ഡിഗ്രി ആംഗിളിൽ ഒരുഗ്രൻ ബാക്ക് പാസ്സ്. അൽവാരെസിനു കൃത്യമായി ഒന്ന് ഉന്തുക മാത്രം ചെയ്താൽ മതിയായിരിന്നു ആ മൂന്നാം ഗോളിന്-  അതെപ്പോഴുമങ്ങനെത്തന്നെയാണ് മെസ്സിയുടെ കാലുകൾ പന്തിൽ തൊടുമ്പോൾ-ഒന്നുമില്ലായ്മയിൽ നിന്നും ഒരു മനോഹര ഗോൾ പിറവിയെടുത്ത നിമിഷം! ഫുട്ബോളിൽ അർജന്റീനക്ക് ആത്മീയമോ അഥവാ സൗന്ദര്യാത്മകമോ ആയ ഒരു അംശമുണ്ട്. മറഡോണയിൽ തുടങ്ങി മെസ്സിയിലൂടെ നീങ്ങുന്ന നൃത്തത്തിന്റെ, സംഗീതത്തിന്റെ, ജീവിതത്തിന്റെ, അംശമുള്ള ഫുട്ബോൾ. ഇപ്പോൾ കുറ്റിയറ്റുപോയ ഒരു വംശം. റൊണാൾഡോയും ഏർലിംഗ് ഹാലൻഡും അടങ്ങുന്ന പവർ ഫുട്ബാളിന്റെ കാലമാണിത്. അതിനു അതിന്റെ കാലത്തിന്റെ സൗന്ദര്യം ഉണ്ടാകാം. എന്നാലും ഈ മാതിരി മെസ്സിനീക്കങ്ങൾ ഫുട്ബോളിനെ സൗന്ദര്യമാത്മകമാക്കുന്നു- കലയാക്കുന്നു. മെസ്സി കളിക്കുമ്പോൾ ഫുട്ബോൾ കൂടുതൽ സർഗാത്മകമാകുന്നു!

ആദ്യ പകുതിയിലെ 34 മിനിറ്റ് വരെ കളി ക്രൊയേഷ്യയുടെ വരുതിയിലായിരുന്നു. പാസ്സുകൾ മെസ്സിക്കും ആൽവരെസ്സിനുമെത്താതെ അവരുടെ മധ്യനിര പതിവുപോലെ കളി നിയന്തിച്ചു. എൻസോ ഫെർണാൻഡീസിന്റെ ഒരു ത്രൂ പാസ്സ് സ്വീകരിച്ച് ബോക്സിൽ കടന്ന ആൽവരെസ് പന്ത് പോസ്റ്റിലേക്ക് തോണ്ടിയിടുന്നതിനിടയിൽ ഗോളി തട്ടി വീഴ്ത്തിയതിനു കിട്ടിയ പെനാൽറ്റി മെസ്സി നല്ലൊരു അടിയിലൂടെ ഗോളിന്റെ ഇടതു മോന്തായത്തിൽ എത്തിച്ചു. പെനാൽറ്റികളുടെ തോഴനായ ലീവാകോവിക്ക് ശരിയായ ഭാഗത്തേക്ക് ഡൈവ് ചെയ്തെങ്കിലും ബോൾ തന്റെ മുകളിലൂടെ പറന്നു. അതോടുകൂടി ക്രൊയേഷ്യ കളി മറന്നു. കളിക്കളത്തിൽ പകച്ചു. അങ്ങനെ പിന്നെയെല്ലാം അർജന്റീന മാത്രമായി. അഞ്ചു മിനുട്ടിൽ ഒരു കോർണറിൽ നിന്നും തിരിച്ചു മെസ്സിക്ക് കിട്ടിയ ബോൾ എതിർ കളിക്കാരൻ വീഴ്ത്തുന്നതിനിടയിൽ ആൽവരെസ്സിന് തോണ്ടിക്കൊടുത്ത ബോൾ സ്വന്തം പകുതിയിൽ നിന്നും മിന്നൽ പോലെ കുതിച്ചു രണ്ട് എതിർ കളിക്കാരുടെ ദേഹത്തും കാലിലും തട്ടിത്തെറിച്ചെങ്കിലും പന്തിനെ നിയന്ത്രിച്ചു പോസ്റ്റിലേക്ക് തട്ടിയിട്ടു നേടിയ ഗോൾ. മെസ്സിക്ക് പിൻഗാമികൾ പിറക്കുന്നുണ്ട് എന്ന് ആൽവരെസ് ഉറപ്പിക്കുന്നു. ക്ലോൺ കോപ്പിയായല്ല എന്നുമാത്രം. നാലു ഗോളോടെ ഈ ഇരുപത്തൊന്ന് വയസ്സുകാരൻ ആദ്യ ലോകക്കപ്പിൽ ഗോളടിക്കാരിൽ രണ്ടാമനായി, എല്ലാം ഫീൽഡ് ഗോളുകൾ. മെസ്സി മൂന്ന് പെനാൽറ്റിയുൾപ്പെടെ അഞ്ച് ഗോളുകളോടെ എമ്പാപ്പെക്കൊപ്പം.11 ഗോളുകളോടെ അർജന്റീനയുടെ ലോകകപ്പ് ഗോൾ നേട്ടക്കാരിൽ ഒന്നാമതായി, ഗബ്രിയേൽ ബാറ്റിസ്റ്റൂട്ടയെ മറികടന്ന്. കൂടാതെ 25 മത്സരങ്ങളോടെ  ലോകകപ്പിൽ കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി, ജർമ്മനിയുടെ ലോതർ മത്തിയാസിനെ മറികടന്ന്.

ഇന്നലെ 4-4-2 ൽ തുടങ്ങി രണ്ടാം പകുതിയിൽ ലിസാൻഡ്രോ മാർട്ടിനെസിനെ ഇറക്കി 5-3-2 ലേക്ക് മാറിയ അർജന്റീന ആദ്യ ഗോളിന് ശേഷം ക്രൊയേഷ്യക്ക് ഒരു പഴുതും അനുവദിച്ചില്ല. അതിനിടക്ക് റഫറിയെ ചോദ്യം ചെയ്തതിനു ക്രൊയേഷ്യയുടെ പ്രശസ്ത മുൻ സ്ട്രൈക്കറും ഇപ്പോഴത്തെ അസിസ്റ്റന്റ് കോച്ചുമായ മരിയോ മാൻഡ്സുവിക്കിന് ചുവപ്പ് കാർഡ് കിട്ടി. അർജന്റീന പ്രതിരോധവും മധ്യനിരയും രണ്ട് ഗോളിന് ശേഷം കളി തങ്ങളുടേതാക്കി. കോർണറിൽ നിന്നും മാക് അലിസ്റ്റർ ചെയ്ത ഒന്നാം തരം ഹെഡ്ഡർ നാലാമതൊരു ഗോളാകാതെ ഗോളി രക്ഷിച്ചു. മൂന്നു ഗോൾ മുന്നിലായപ്പോൾ ഇതുവരെ കളത്തിലിറങ്ങാത്ത ഡിബാല, ഫോയെത്ത്, കൊറിയ എന്നിവരോടൊപ്പം പലേഷിയോസിനെയും ഇറക്കി. അങ്ങിനെ കഴിഞ്ഞ ലോകകപ്പിലെ മൂന്ന് ഗോൾ തോൽവിക്ക് ക്രൊയേഷ്യക്ക് അതേ നാണയത്തിൽ കാവ്യനീതിയുടെ മറുപടി.

അർജന്റീന പൂരം കേരളത്തിലും അവസാനിക്കുന്നില്ല. മെസ്സി എല്ലാ തെരുവുകളിലും തലയാട്ടി തുമ്പിയാട്ടി നിൽക്കുകയാണ്. വലിയപെരുന്നാളിന് തിടമ്പേറ്റാൻ.

മൊറോക്കൊ ഒരു രാജ്യമല്ല ഇപ്പോൾ. ഒരു ഫുട്ബോൾ ഭൂഖണ്ഡം. ആഫ്രിക്കയും മധ്യപൗരസ്ത്യദേശങ്ങളും ചേരുന്ന ഫുട്ബോൾ ഭൂഖണ്ഡം. ഖത്തറിലും ലോകമെങ്ങുമുള്ള ആഫ്രോ അറബ് വംശജർ തങ്ങളുടെ ഫുട്ബോൾ വിജയമായാണ് മൊറോക്കോയുടെ വിജയങ്ങളെ കൊണ്ടാടുന്നത്. ഖത്തർ അമീർ മൊറോക്കോ പതാക കളിക്കിടയിൽ വീശുന്നതും കൗതുകമായി. അതുപോലെ മൊറോക്കൻ പതാകകളോടൊപ്പം പലസ്തീൻ പതാകകളും ഖത്തറിൽ പാറുന്നു. മോറോക്കോ കളിക്കാരും പോർച്ചുഗൽ വിജയത്തിനൊപ്പം പലസ്തീൻ പതാക വീശി. ഈ ലോകകപ്പ് ഫുട്ബോൾ മധ്യപൗരസ്ത്യദേശത്തെ തിരോഭവിക്കുന്ന രാഷ്ട്രീയഭൂമികകളെ തിരിച്ചു പിടിക്കുന്ന പ്രതീതിയാഥാർഥ്യങ്ങളെ ദൃശ്യമാക്കുന്നു. ഹിജാബ് ധരിച്ചവരും അല്ലാത്തവരും എല്ലാം ചേർന്ന സ്ത്രീകളുടെ വലിയ വ്യത്യസ്ത സാന്നിദ്ധ്യം മൊറൊക്കോ കളിക്കാഴ്ചകളിൽ കാണാം, കളിക്കാരോടൊപ്പം നൃത്തം ചെയ്ത അമ്മമാരോടൊപ്പം. ഇസ്ലാമിക ഹദീസുകളിൽ പറയുന്നത് സ്വർഗം നിങ്ങളുടെ അമ്മമാരുടെ കാലടികളിലാണ് എന്നാണ്. അവരുടെ അനുഗ്രഹം മൊറോക്കോ സംസ്കാരത്തിൽ പ്രധാനമാണ്. അതേ കളി കാര്യമാകുന്ന ഇത്തരം സന്ദർഭങ്ങളിൽ ജീവിതം നിറഞ്ഞു നിൽക്കുന്നുണ്ട്. 

ഖത്തർ ഉടമസ്ഥരായ പി എസ് ജി ക്ലബ്ബിൽ ഒന്നിച്ചു കളിക്കുന്ന കിലിയൻ എമ്പാപ്പെയും അച്റഫ് ഹക്കിമിയും ഒരേ നിരയിൽ എതിരായി വരുന്നു. എമ്പാപ്പെയെ തടയേണ്ട ചുമതല ഹക്കിമിക്കാണ്. ആഗ്വേർഡും, മസ്രാവിയും കഴിഞ്ഞ കളിയിൽ സ്‌ട്രെചറിൽ കൊണ്ടുപോയ സാസ്സും അടക്കം പരിക്ക് പ്രശ്നമല്ലെന്നാണ് കൊച്ച് റെഗ്രഗുയി പറയുന്നത്. പകരക്കാരും ഭൂതാവേശിതരായി തങ്ങൾക്കു കിട്ടിയ അവസരങ്ങളിൽ കളിച്ചിട്ടുണ്ട് എന്നത് മൊറോക്കോക്ക് ആവേശം നൽകുന്നു.

ഫ്രഞ്ചു നിരയിൽ പ്രതിരോധത്തിൽ ഉപമെക്കാനോ, മധ്യനിരയിൽ റാബിയറ്റ് എന്നിവർക്ക് അസുഖം കാരണം പ്രാക്ടീസ് ചെയ്യാനായില്ല എന്ന് റിപ്പോർട്ട്‌ ഉണ്ട്. യുവതാരം ചൗമേനി ചെറിയ പരിക്കിൽ നിന്നും മുക്തനായി കളിക്കും. ഇബ്രാഹിമോ കോനെറ്റ് ഉപമെക്കാനോയ്ക്ക് കളിക്കാൻ കഴിയില്ലെങ്കിൽ കളിക്കും. യൂറോപ്പിൽ ജനിച്ചു കളിക്കുന്ന ആഫ്രിക്കൻ വംശജർ കൂടുതലുള്ള മൊറോക്കോയും, അഞ്ചാറു പേരൊഴികെ ആഫ്രിക്കൻ വേരുകളുള്ള ഫ്രാൻസും ഫുട്ബോളിന്റെ പുതിയ കാലത്തെ കാണിച്ചു തരുന്നു.

രണ്ട് ടീമും പ്രതിരോധത്തിൽ ഉറച്ചു നിന്ന് പ്രത്യാക്രമിക്കുന്നു. മൊറോക്കോയുടെ എല്ലാ കളിക്കാരും ചിലപ്പോൾ പ്രതിരോധത്തിനെത്തും. ആവറേജിൽ 32 ശതമാനം മാത്രം പന്ത് കൈവശം വെച്ചാണ് അവർ ആദ്യ സെമിയിൽ എത്തിയത്. ഒരു സെൽഫ് ഗോളല്ലാതെ അഞ്ച് കളിയിൽ ഗോളൊന്നും വഴങ്ങിയിട്ടില്ല. ഗോളി ബോണോയും ഈ ടൂർണമെന്റിന്റ താരമാണ്. കൗൺണ്ടെ, ഹെർണാണ്ടേസ്, വരാനെ, ഉപമെക്കാനോ നയിച്ച പ്രതിരോധം അഞ്ച് ഗോൾ വഴങ്ങി. ഇക്കുറി ഗ്രീസ്മാനാണ് ഫ്രാൻസിനു കളി മെനയുന്നത്.  ചൗമേനിയും, റാബിയാറ്റും തുടങ്ങുന്ന മുന്നേറ്റങ്ങളെ ഡെമ്പലെ, എമ്പാപ്പെ, ജിരൗദ് എന്നിവരിലേക്ക് എത്തിക്കുന്ന എൻജിനായി ഗ്രീസ്മാൻ മാറുന്നു. ഈ ലോകകപ്പിലെ ഏറ്റവും അപകടകരമായ മുന്നേറ്റനിരയും, കട്ട ഡിഫൻസും തമ്മിലുള്ള പോരാട്ടമാണ് ഈ മത്സരം. ഫ്രാൻസ് 4-2-3-1 ഉം, മൊറോക്കോ 4-3-3 ഫോർമേഷനും ആണ് കളിക്കുന്നത്. മൊറോക്കോക്ക് തത്വത്തിൽ മാത്രമേ ആ ഫോർമേഷൻ ഉള്ളു. ഏഴു പേരും ഡിഫെൻസിൽ എപ്പോഴും ഉണ്ടാകും. വീണു കിട്ടുന്ന അവസരങ്ങളിൽ വിങ്ങുകളിലൂടെ ആക്രമിക്കും. ഫ്രാൻസ് ഇടതു വിങ്ങിൽ എമ്പാപ്പെക്ക് സപ്പോർട്ട് ആയി തിയോ ഹെർണാണ്ടസ് നല്ല പിന്തുണ നൽകുന്നു. വലതു വിങ്ങിൽ കൗണ്ടെ കൂടുതൽ ഡിഫെൻസീവ് ആണ്. എന്തായാലും ഒരു വേഗക്കളിയുടെ എല്ലാ ആവേശവും ഇന്ന് കാണാം. ഒരു ജനതയുടെ ആവേശവും വൈകാരികതയും സന്നിവേശിക്കുമ്പോൾ വമ്പന്മാർക് കാലിടറുമോ! ഫുട്ബോൾ ചരിത്രത്തിന്റെ ധിഷണയുടെ അശുഭബോധത്തെ മറികടക്കാൻ ആഫ്രിക്കൻ അറബ് ഇച്ഛയുടെ ശുഭാപ്തി വിശ്വാസത്തിന് ആകുമോ! കാത്തിരുന്നു കാണാം.

കളി കാണുക തന്നെ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Narendran UP

Recent Posts

Mehajoob S.V 1 week ago
Views

സ്വയം സമൂഹമാണെന്ന് കരുതി ജീവിച്ച പ്രസ്ഥാനത്തിന്‍റെ പേരാണ് ഇ എം എസ് - എസ് വി മെഹജൂബ്

More
More
Mehajoob S.V 3 weeks ago
Views

വൈരനിര്യാതന ബുദ്ധിയോടെ ഏഷ്യാനെറ്റും -സിപിഎമ്മും നടത്തുന്ന പോരാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്- എസ് വി മെഹജൂബ്

More
More
K K Kochu 1 month ago
Views

ദുരിതാശ്വാസ നിധി തട്ടിപ്പ് കൊളളക്കാര്‍ പോലും ചെയ്യാനറയ്ക്കുന്ന, മനുഷ്യത്വഹീനമായ കുറ്റകൃത്യം- കെ കെ കൊച്ച്

More
More
Views

രാഹുല്‍ ഗാന്ധിയും ഭാരത് ജോഡോ യാത്രയും ബാക്കിവെച്ചത്- ക്രിസ്റ്റിന കുരിശിങ്കല്‍

More
More
Views

ആര്‍ത്തവ അവധി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം മതിയോ

More
More
Dileep Raj 2 months ago
Views

കെ എൽ എഫ് പോലുള്ള സാംസ്കാരിക ഇടപെടലുകളെ സർക്കാർ നിരുപാധികം പിന്തുണയ്ക്കണം- ദിലീപ് രാജ്

More
More