നാടകാന്തം മെസ്സി ഫുട്ബോള്‍ എവറസ്റ്റില്‍- യു പി നരേന്ദ്രന്‍

ചില ഫുട്ബോൾ വിചാരങ്ങൾ : 25

നാടകാന്തം മെസ്സി, അര്ജന്റീന. കളി ജീവിതത്തിൽ ഏഴു ബാലൻ ഡി ഓർ അടക്കം ലോകം കണ്ട ഏറ്റവും നല്ല ഫുട്ബോളറാവാൻ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. എന്നാലും പലരും പറയും ഒരു ലോകകപ്പ് വിജയം ഇല്ലല്ലോ, പിന്നെങ്ങനെ ഒരു കളിക്കാരനെ മറഡോണയുടെ ഒപ്പം നിർത്തും. ആ ഒരേയൊരു കിട്ടാക്കനി മെസ്സിയുടെ ഫുട്ബോൾ ജീവിതത്തിൽ വീഴ്ത്തിയ നിഴൽ ഇന്നലെയാണ് മാഞ്ഞു പോയത്. ഇനി മെസ്സി എന്ന കളിക്കാരനെ ആരോടും ചേർത്ത് വെക്കാനോ ഉപമിക്കാനോ നിൽക്കേണ്ടതില്ല. തികച്ചും താരതമ്യാതീതം ഈ വിജയം. ഫുട്ബോൾ എവറെസ്റ്റിൽ മെസ്സിയോടൊപ്പം എത്താൻ ഇനി വരുന്നവർക് മത്സരിക്കാം. 2006 -ൽ അർജന്റീന ടീമിൽ തന്റെ ഇപ്പോഴത്തെ കോച്ചായ സ്കലോണിയോടൊപ്പം ലോകകപ്പ് മത്സരങ്ങൾ തുടങ്ങിയ മെസ്സി ഇന്നലെ ഇരുപത്തി ആറാം മത്സരവും കളിച്ച് ലോതർ മത്തിയാസിനെ കടന്ന് പുതിയ റെക്കോർഡ് ഇട്ടു. പതിമൂന്ന് ഗോളോടെ പെലെയെയും മറികടന്നു. കൂടുതൽ ഗോളുകൾ ഇനി ജർമ്മനിയുടെ ഗെർഡ് മുള്ളർക്കും()14) ബ്രസീലിന്റെ റോണോൾഡോ നസരിയോക്കും (15), ജർമനിയുടെ മിറസ്ലോവ് ക്ലോസിനും (16) മാത്രം. അതിനി തകർക്കാൻ കിലിയൻ എമ്പാപ്പെയുണ്ടല്ലോ!

ലോകകപ്പ് ഫൈനലുകളുടെ ഫൈനൽ ആയിരുന്നു ഇന്നലെ. നാടകീയതയുടെ എല്ലാ അംശങ്ങളും ചേർന്ന ഫൈനൽ. ഒന്നാം പകുതിയിൽ അർജന്റീന മാത്രം. മെസ്സി നായകനായ ഒരു സൂപ്പർ ഹിറ്റ് ത്രില്ലർ സിനിമയുടെ എല്ലാ ചിട്ടവട്ടങ്ങളോടും കൂടിയ ഒരു തിരക്കഥയായി ഇന്നലത്തെ ലോകകപ്പ് ഫൈനൽ. പനിയുടെ ബാക്കിയോ എന്തോ ആദ്യപകുതിയിൽ ഫ്രാൻസ് ചിത്രത്തിലേ ഇല്ലായിരുന്നു!

ഡി മരിയയെ ഡെമ്പലെ ഫൗൾ ചെയ്തതിനു കിട്ടിയ പെനാൽറ്റി മെസ്സി കൂളായി ഗോൾ ആക്കി. പിന്നാലെ ഡി മരിയയുടെ ഗോളും. ഏതു എതിർ ടീമും തളർന്നു പോകും. ദിദിയർ ദെഷംബ്സിന്റെ ശരീരഭാഷയടക്കം കൈവിട്ടപോലെ. നിരാശയുടെ നിമിഷങ്ങളിൽ ബോധോദയം പോലെ ആദ്യ പകുതിയിൽ തന്നെ രണ്ട് പകരക്കാരെ ഇറക്കി. എഴുപത്തൊന്നാം മിനുട്ടിൽ രണ്ട് പേർ കൂടി, എല്ലാം ചെറുപ്പക്കാരുടെ നിര. അർജന്റീനയുടെ സമ്മർദ്ദക്കളിക്ക് തിരിച്ചു സമ്മർദ്ദം. ഫ്രാൻസ് മെല്ലെ കളിക്കളം തിരിച്ചു പിടിച്ചു. പകരക്കാരനായി ഇറങ്ങിയ കോളോ മുവാനിയെ ബോക്സിൽ ഒട്ടാമെൻടി ഫൗൾ ചെയ്തപ്പോൾ ലഭിച്ച പെനാൽറ്റി തകർപ്പൻ അടിയോടെ എമ്പാപ്പെ ഗോളാക്കി. തൊട്ടടുത്ത നിമിഷം വീണ്ടും ഗോൾ. പുതുതായി ഇറങ്ങിയ കൂമാനും, തുറാമും എമ്പാപ്പെയുമായി ചേർന്നു നടത്തിയ പാസ്സിൽ നിന്നും കിട്ടിയ പന്ത് വീണു കൊണ്ട് വോളി ചെയ്ത് മാർട്ടിനെസ്സിന് ഒരവസരവും നൽകാതെ സുന്ദരമായ ഗോൾ. സൂപ്പർമാൻ വേഗതയിൽ നിരന്തരം അർജന്റീനയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു എമ്പാപ്പെ.

അർജന്റീന തളർന്നു പോയ നിലയിൽ. ലിസൻഡ്രോ മാർട്ടിനെസ്സിനെ ലീഡെടുക്കുമ്പോൾ സാധാരണ ഇറക്കാറുണ്ട്. ഇന്നലെ ഇറക്കിയതേയില്ല, പരിക്കുണ്ടോ എന്തോ. അറുപത്തിനാലാം മിനുട്ടിൽ ഡി മരിയയെ മാറ്റി അക്കൂണയെ കൊണ്ടുവന്നതല്ലാതെ മറ്റു പകരക്കാരെയെല്ലാം അധികസമയത്താണ് ഇറക്കിയത്. അർജന്റീന കളിയിൽ വീണ്ടും തിരിച്ചു വന്നതും അധികസമയത്താണ്. മെസ്സിയുടെ കയ്യൊപ്പുള്ള പാസ്സുകൾ പലതും ഗോളാക്കാൻ കൂട്ടുകാർക്ക് കഴിഞ്ഞില്ല. പക്ഷേ മെസ്സിയെ ഒറ്റയ്ക്ക് കളിച്ച് വളഞ്ഞു തിരിഞ്ഞു പോകാൻ ഇന്നലെ ഫ്രാൻസ് അനുവദിച്ചില്ല എന്നതും ശ്രദ്ധേയമാണ്. മെസ്സിയുടെ ശരീരചലനങ്ങളും കളിക്കളത്തിലെ മൊത്തം പ്രകടനമികവും അത്രയും കരുതലോടെ പഠിച്ച് മനസ്സിലാക്കിയ മട്ടിൽ കൃത്യമായിരുന്നു ഫ്രാൻസിന്റെ രണ്ടാം പകുതിയിലെ കളി. അർജന്റീന നിരയിൽ ഇന്നലെ എല്ലാവരും നന്നായി കളിച്ചു, പ്രത്യേകിച്ച് എൻസോ ഫെർണാണ്ടെസ്, താഗ്ലിയാഫിക്കോ, മെസ്സി, ഡി മരിയ എന്നിവർ. അധികസമയത്തു മോളിനക്ക് പകരം മോണ്ടിയലിനെയും, റോഡ്രിഗോക്ക് പകരം പരദേശിനെയും, അൽവരെസിനു പകരം ലോട്ടാരോയെയും കൊണ്ടു വന്നു. മെസ്സിയുടെ ഒരു ഗോൾ ശ്രമം ലോറിസ് പറന്ന് രക്ഷപ്പെടുത്തി. പിന്നാലെ നൂറ്റി എട്ടാം മിനുട്ടിൽ ലോട്ടാരോ മാർട്ടിനെസ്സിന്റെ ശക്തിയായ ക്രോസ്സ് ഗോളി തട്ടിയിട്ടപ്പോൾ മെസ്സി ഗോളിലേക്ക് തട്ടി, ഉപമെക്കാനോ പന്ത് തടുത്തെങ്കിലും ഗോൾ വര കടന്നിരുന്നു. വീണ്ടും അര്ജന്റീന ജയം ആഘോഷിച്ചു മുച്ചാച്ചോസ് ലുസയിൽ അതിന്റെ ഉച്ചസ്ഥായിയിൽ മുഴങ്ങി. ഇനി പിന്നോട്ടില്ല എന്ന അവസ്ഥയിൽ. കളിതീരാൻ നാലു മിനുട്ടുള്ളപ്പോൾ എമ്പാപ്പെ അടിച്ച പന്ത് ബോക്സിലുള്ള മോണ്ടിയലിന്റെ കൈയിൽ തട്ടി പെനാൽറ്റി. രണ്ടാമതും പെനാൽറ്റി എടുത്ത എമ്പാപ്പെ മാർട്ടിനെസ്സിനെ എതിർ ദിശയിലേക്ക് വീഴ്ത്തി തന്റെ ലോകകപ്പ് ഫൈനലിലെ ഹാട്രിക് പൂർത്തിയാക്കി.1966 ൽ ഇഗ്ലണ്ടിനു വേണ്ടി ജെഫ് ഹെർസ്റ്റ് ഹാട്രിക് നേടിയ ശേഷം ഫൈനലിൽ ആദ്യം. അവസാന മിനുട്ടിൽ മുവാനി ഗോളി മാത്രം മുന്നിൽ നിൽക്കേ അടിച്ചതു സേവ് ചെയ്ത് മാർട്ടിനെസ്സ് അര്ജന്റീനയുടെ ജീവൻ രക്ഷിച്ചു. അതിൽ നിന്നും കിട്ടിയ പന്ത് മോണ്ടിയലിന്റെ ക്രോസ്സിൽ നിന്നും ലോട്ടാരോ ഹെഡ് ചെയ്തത് പുറത്തേക്ക് പോയതോടെ കളി സമയം കഴിഞ്ഞു.

അധികസമയത്തും തുല്യതയിൽ നിന്ന ശേഷം ലോകകപ്പ് ഫൈനലുകളിലെ മൂന്നാമത്തെ പെനാൽറ്റി ഷൂട്ട്‌ ഔട്ട്. എമ്പാപ്പേയും പിന്നാലെ മെസ്സിയും പതിവ് പോലെ ഗോൾ നേടി. കിങ്‌സ്ലെ കൂമാന്റെ അടി ഇടത്തോട്ട് ചാടി മാർട്ടിനെസ്സ് തടുത്തു. അവസാനമിനുട്ടിൽ പെനാൽറ്റി എടുക്കാനായി പകരക്കാരനായി ഇറങ്ങിയ ഡിബാല അർജന്റീനക്ക് ലീഡ് നൽകുന്നു. ലോകകപ്പിലുടനീളം നന്നായി കളിച്ച ചൗവാമേനി പന്ത് പോസ്റ്റിനടിച്ചു പുറത്തേക്കു പോകുന്നു. പന്ത് നേരിട്ട് ചൗവാമേനിക്ക് നൽകാതെ മാർട്ടിനെസ്സ് മാറ്റിയിട്ടിട്ടു കൊടുത്തത് മൂപ്പരുടെ സ്ഥിരം പെനാൽറ്റി തന്ത്രങ്ങളിൽ ഒന്നാണ്.ഫ്രാൻസിന്റെ അത്ഭുതങ്ങൾ അവസാനിച്ച നിമിഷം.

അടുത്ത പെനാൽറ്റി എടുത്ത പകരക്കാരനായ പരദേസ് സ്കോർ ചെയ്ത് രണ്ട് ഗോൾ ലീഡാക്കി. ഫ്രാൻസിനു വേണ്ടി മുവാനി ഒരു ഗോൾ ലീഡ് കുറച്ചെങ്കിലും അര്ജന്റീനയുടെ മറ്റൊരു പകരക്കാരൻ മോണ്ടിയൽ സംശയ ലേശമില്ലാതെ നാലാം പെനാൽറ്റിയും തീർത്തടിച്ചു ചരിത്രത്തിലേക്കു തന്റെ ഷർട്ടൂരി ഓടുന്നു, സന്തോഷക്കണ്ണീർ നിയന്ത്രിക്കാനാകാതെ. 2006ലും ഫ്രാൻസ് പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ ഇറ്റലിയോട് പരാജയപ്പെട്ടിരുന്നു.

ലുസയിൽ മുച്ചാച്ചോസ് മുഴങ്ങുന്നു. "ഡീഗോയുടെയും മെസ്സിയുടെയും" നാടെന്നാണ് പാട്ടിലെ വരികളിൽ പറയുന്നത്. ഒരു മാസം അത് നമ്മുടെയും നാടായി താലോലിച്ചു. കളി കഴിഞ്ഞു പതിവ് പോലെ മെസ്സിയും കൂട്ടരും മുച്ചാച്ചോസ് കാണികളോടൊപ്പം പാടുന്നു. നൃത്തം ചെയ്യുന്നു.ടീമിനോടൊപ്പം എപ്പോഴും ഉണ്ടായിരുന്ന അഗ്വേരോ കപ്പ് കയ്യിലേന്തിയ മെസ്സിയെ തോളിലെടുത്തു തുള്ളിച്ചാടുന്നു ആനന്ദലഭ്ധിക്കിനിയെന്തുവേണം!

ഇന്നലെ അർജന്റീനക്കൊപ്പം ലുസൈലും കേരളവും ഉറങ്ങാതെ പുതുവത്സരം നേരത്തെ ആഘോഷിച്ചു. അർജന്റീനക്ക് പുറത്ത് അവരുടെ ഏറ്റവും വലിയ ആരാധക വൃന്ദം ഉള്ള ബംഗ്ലാദേശും ഇന്നലെ ഉറങ്ങിയിട്ടുണ്ടാവില്ല.ഖത്തർ അമീർ സമ്മാനിച്ച അറബി അംഗവസ്ത്രം അണിഞ്ഞു ലോകകപ്പ് തിടമ്പ് തലയിലേറ്റി മെസ്സി നിൽക്കുന്ന കാഴ്ച്ച എല്ലാവരുടെ മനസ്സിലും സന്തോഷം നിറച്ചു. മെസ്സി കുഞ്ഞിനെ എടുക്കുന്ന പോലെ ശ്രദ്ധയോടെ കപ്പ് എടുത്തു കൂട്ടുകാരിലേക്ക് നീങ്ങി അവരോടൊപ്പം കപ്പൂയർത്തി കൈമാറി.

ലോകകപ്പ് അരങ്ങ് ഊഷ്മളമാക്കാൻ ഇന്ത്യയിൽ നിന്ന് ദീപികാ പദുക്കോണും സ്പോർട്സ് 18 ചാനലിൽ അതിഥിയായി ഷാരൂഖ് ഖാനും എത്തി.

കൂടുതൽ ഗോൾ (? നേടി എമ്പാപ്പെ ഗോൾഡൻ ബൂട്ട് കരസ്ഥമാക്കി. കളി കഴിഞ്ഞു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ആശ്വസിപ്പിച്ചപ്പോഴും ഗോൾഡൻ ബൂട്ട് സ്വീകരിക്കുമ്പോഴും എമ്പാപ്പെ കപ്പ് നഷ്ട്ടപ്പെട്ടതിന്റെ ആഘാതത്തിൽ നിന്ന് പുറത്ത് കടന്നിരുന്നില്ല. അതിനിനിയും സമയമെടുത്തേക്കും!

ഏറ്റവും നല്ല ഗോൾ കീപ്പറായി എമിലിയാനോ മാർട്ടിനെസ്സ് തിളങ്ങി. ഏറ്റവും നല്ല യുവകളിക്കാരനായി അർജന്റീനയുടെ പുതിയ കണ്ടെത്തൽ എൻസോ ഫെർണാണ്ടെസ് തിരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പിലെ ഏറ്റവും നല്ല കളിക്കാരനുള്ള ഗോൾഡൻ ബോൾ മെസ്സിക്ക് തന്നെ. ഇത് രണ്ടാം പ്രാവശ്യമാണ് മെസ്സിക്ക് ലഭിക്കുന്നത്. ഇനി മെസ്സി ഫുട്ബോൾ ചരിത്രത്തിൽ തലയാട്ടി തുമ്പിയാട്ടി നിൽക്കും, മറ്റാർക്കും ഇതുവരെയെത്താനാവാത്ത ഉയരങ്ങളിൽ.

ലോകകപ്പ് കളി ഇനി നാലു വർഷങ്ങൾക്കു ശേഷം കാണാം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Narendran UP

Recent Posts

K T Kunjikkannan 3 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More