കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് വേദിയില്‍ കാണികളെ ചിരിപ്പിച്ച് ശ്രീനിവാസന്. വേറെ ആരും പറയാന്‍ ഇല്ലാത്തതുകൊണ്ട് തന്നെ ഒരു കാര്യം പറയാം. മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥകൃത്ത് താനാണ്. ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകൾ എഴുതിയ ആളും താന്‍ തന്നെയാണെന്നും ശ്രീനിവാസന് പറഞ്ഞു. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ നര്‍മ്മത്തോടെ ആരംഭിച്ച പ്രസംഗത്തിനെ നിറഞ്ഞ കൈയ്യടിയോടെയാണ് ആളുകള്‍ സ്വീകരിച്ചത്. ആരോഗ്യപ്രശ്നം മൂലം ചികിത്സയിലായിരുന്ന ശ്രീനിവാസന് അടുത്തിടെയാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് സിനിമാ പ്രേമികള്‍ ഒന്നടങ്കം സാമൂഹിക മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയും ചെയ്തിരുന്നു.
'ഫാസിലിനെ കണ്ടിട്ട് കുറെ നാളായി. ഇപ്പോള്‍ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നുന്നു. എന്നെ കാണാത്തതുകൊണ്ടാണോ അദ്ദേഹത്തിന്റെ സിനിമയിലേക്ക് എന്നെ വിളിക്കാത്തതെന്ന് അറിയില്ല. ഇപ്പോൾ ഒരു സിനിമയിൽ ഞാൻ അഭിനയിക്കുന്നുണ്ട്. അടുത്ത സിനിമയിൽ ഞാൻ അഭിനയിക്കാം. ഒരുപാട് കാലത്തിനുശേഷം എല്ലാവരെയും കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയും അതു തന്നെയാണ്. ഇങ്ങോട്ട് കാണിച്ച കാരുണ്യം ഇതുപോലെയുള്ള സംഘടനകള്‍ക്ക് ഉണ്ടായിരിക്കേണ്ട ഒരു ഗുണമാണ്' - ശ്രീനിവാസന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ഈ മാസം 22-നാണ് കാപ്പ തിയേറ്ററിലെത്തുക. കാപ്പയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗുണ്ടാ തലവനില്‍ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എത്തുന്ന ഒരാളാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ കൊട്ട മധുവെന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്. കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് കാപ്പ. 'കാപ്പ നിതീയല്ല, നിയമമാണ്' എന്നാണ് ചിത്രത്തിന് ടാഗ് ലൈനായി നല്‍കിയിരിക്കുന്നത്. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപന് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.