ഡല്‍ഹി: ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയോടു പൂര്‍ണ്ണമായും വിയോജിച്ചുകൊണ്ട് നോട്ടുനിരോധനത്തെ നിയമവിരുദ്ധം എന്നാണ് ജസ്റ്റിസ് ബിവി നാഗരത്ന വിശേഷിപ്പിച്ചത്. ''നിയമവിരുദ്ധമായ അധികാരപ്രയോഗമാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര് ബി ഐ) ക്കാണ് അത്തരം നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം''-ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.
"2016-നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനം എന്റെ കാഴ്ചപ്പാടില്‍ നിയമവിരുദ്ധമാണ്. നോട്ടുനിരോധനം പോലൊരു നടപടിക്ക് തുടക്കമിടാന്‍ കേന്ദ്ര സര്‍ക്കാരിന് യാതൊരു അധികാരവുമില്ല. ഭൂരിപക്ഷ വിധിയോട് ശക്തമായി വിയോജിക്കുന്നു. എന്നാല്‍ നടപടിയുണ്ടായത് 2016 ലാണ് എന്നതുകൊണ്ട് ഇനിയത് പുനപരിശോധിക്കാനാവില്ല''-ജസ്റ്റിസ് ബിവി നാഗരത്ന തന്റെ ഭിന്നവിധിയില്‍ രേഖപ്പെടുത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ നോട്ടുനിരോധനം ശരിവെച്ചപ്പോള്‍ ജസ്റ്റിസ് നാഗരത്ന വിധിയോടു വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് ഭിന്ന വിധിയെഴുതി. ജസ്റ്റിസ് ബിവി നാഗരത്നക്ക് പുറമെ ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, ബി.ആര്.ഗവായ്, എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവടങ്ങിയ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ് ജസ്റ്റിസ് ബി.ആര്. ഗവായ് ആണ് വായിച്ചത്. ആ വിധിയോടു വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ് ജസ്റ്റിസ് നാഗരത്ന ഭിന്ന വിധി തയാറാക്കിയത്.