ലക്നൗ: ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചതിന് രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ് ഉത്തർപ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം നിറവേറട്ടെയെന്നും യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അഖിലേഷ് യാദവ് പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തിലാണ് അദ്ദേഹം ജോഡോ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഈ കത്ത് അഖിലേഷ് യാദവ് ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു.
'ഭാരത് ജോഡോ യാത്രയിലേക്കുളള ക്ഷണത്തിന് നന്ദി. യാത്രയുടെ വിജയത്തിന് ആശംസകള്‍. ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറമുളള വികാരമാണ് ഇന്ത്യ. സ്നേഹം, അഹിംസ, അനുകമ്പ, സഹകരണം, ഐക്യം, സാഹോദര്യം തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യയെ ഒന്നിപ്പിച്ചുനിര്‍ത്തുന്നത്. എല്ലാവരെയും ഉള്‍ക്കൊളളുന്ന ഇന്ത്യയുടെ സംസ്കാരത്തെ സംരക്ഷിക്കുക എന്ന ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം നിറവേറട്ടെ'- എന്നാണ് അഖിലേഷ് യാദവ് രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, അഖിലേഷ് യാദവും പാര്‍ട്ടിയുടെ മറ്റ് നേതാക്കളും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് സമാജ് വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. ബിഎസ്പി നേതാവ് മായാവതിയും ഭാരത് ജോഡോ യാത്രയ്ക്ക് ആശംസകളറിയിച്ച് രംഗത്തെത്തിയിരുന്നു. ബിജെപി ഇതര പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.