കറാച്ചി: ലോകപ്രശസ്ത കൊറിയന്‍ പോപ് ബാന്‍ഡായ ബിടിഎസിനെ കാണാന്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ കണ്ടെത്തി. കറാച്ചിയിലെ കൊരങ്കിയില് നിന്ന് കാണാതായ പതിമൂന്നും പതിനാലും വയസുളള പെണ്‍കുട്ടികളെ ലാഹോറില്‍വെച്ചാണ് പാക്കിസ്ഥാന് പൊലീസ് കണ്ടെത്തിയത്. ബിടിഎസിനെ കാണാനായി ദക്ഷിണ കൊറിയയിലേക്ക് പോവാനായിരുന്നു കുട്ടികളുടെ പദ്ധതിയെന്നും ഇവരില്‍ ഒരു പെണ്‍കുട്ടിയുടെ ഡയറിയില്‍ ട്രെയിനുകളുടെ സമയമടക്കമുളള വിവരങ്ങളുണ്ടായിരുന്നെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് അബ്രായിസ് അലി അബ്ബാസി പറഞ്ഞു.
'ഇസ്ലാമാബാദിലേക്ക് എങ്ങനെ എത്താനാവും, ദക്ഷിണ കൊറിയയില്‍ എത്തിയാല്‍ എന്തുചെയ്യണം, ദക്ഷിണ കൊറിയയില്‍ ചെയ്യാന്‍ പാടില്ലാത്തത് എന്തൊക്കെ, ഏത് തരം വസ്ത്രമാണ് കൊറിയയില്‍ ധരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ കുട്ടികള്‍ ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്തതായി കണ്ടെത്തി. ട്രെയിന്‍ യാത്രക്കിടെയാണ് പൊലീസ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ തിരികെ കറാച്ചിയില്‍ മാതാപിതാക്കളുടെ അടുത്തേക്ക് എത്തിക്കാനുളള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്'- അബ്രായിസ് അലി അബ്ബാസി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സുഹൃത്തുക്കളായ പെണ്‍കുട്ടികളെ കഴിഞ്ഞയാഴ്ച്ചയാണ് കാണാതായത്. ജനുവരി ഏഴിന് ഇവരുടെ മാതാപിതാക്കള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച കറാച്ചിയിലെ സമാന് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. തുടര്‍ന്ന് പെണ്‍കുട്ടികളില്‍ ഒരാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഡയറിയില്‍ ദക്ഷിണ കൊറിയയിലേക്ക് പോകാനുളള പദ്ധതിയെക്കുറിച്ച് എഴുതിയിരുന്നു.
ഒരു പെണ്‍കുട്ടിയുടെ ബന്ധുവായ ആണ്‍കുട്ടിയും ഇവര്‍ക്കൊപ്പം പോകാന്‍ പദ്ധതിയിട്ടിരുന്നതായും പിന്നീട് തീരുമാനം മാറ്റിയതായും ഡയറിയില്‍നിന്ന് വ്യക്തമായി. ആണ്‍കുട്ടിയെ ചോദ്യംചെയ്യുകയും കുട്ടികളുടെ വാട്ട്സാപ്പ് ചാറ്റ്, സെര്‍ച്ച് ഹിസ്റ്ററി തുടങ്ങിവ പരിശോധിക്കുകയും ചെയ്തപ്പോഴാണ് കുട്ടികള്‍ ബിടിഎസ് ബാന്‍ഡിനെ കാണാനായി ദക്ഷിണ കൊറിയയിലേക്ക് പോകാനാണ് വീടുവിട്ട് ഇറങ്ങിയതെന്ന് മനസിലായത്.