വസ്തുതകള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന മാധ്യമപ്രവര്‍ത്തന രീതി; ട്വന്റിഫോര്‍ ന്യൂസിനെതിരെ മന്ത്രി എം ബി രാജേഷ്

പരുതൂര്‍ പഞ്ചായത്തിലെ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ട്വന്റി ഫോര്‍ ന്യൂസ് വസ്തുതാവിരുദ്ധമായ വാര്‍ത്തയാണ് നല്‍കിയതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും തൃത്താല എംഎല്‍എയുമായ എംബി രാജേഷ്. വസ്തുതാ വിരുദ്ധവും പ്രാഥമിക മര്യാദ പോലും പുലര്‍ത്താത്തതുമായ വാര്‍ത്തകള്‍ എങ്ങനെയാണ് മാധ്യമങ്ങള്‍ നല്‍കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ വാര്‍ത്തയെന്നും വസ്തുതകള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന, വസ്തുതകള്‍ മനസിലാക്കാനോ ശേഖരിക്കാനോ ശ്രമിക്കാത്ത മാധ്യമപ്രവര്‍ത്തന രീതിയാണ് ഇതെന്നും എം ബി രാജേഷ് പറഞ്ഞു. 

'തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ പഞ്ചായത്തില്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി, ലീഗ് ഭരിക്കുന്ന പഞ്ചായത്തിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയത് തദ്ദേശ മന്ത്രിയുടെ പ്രതികാരമാണ്. കൂട്ടസ്ഥലംമാറ്റം പഞ്ചായത്തിനെ ഭരണസ്തംഭനത്തിലേക്ക് നയിച്ചിരിക്കുന്നു- എന്നായിരുന്നു വാര്‍ത്ത. വിഷയത്തില്‍ മന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചിരുന്നെങ്കില്‍ വസ്തുതകളും രേഖകളും റിപ്പോര്‍ട്ടര്‍ക്ക് കൈമാറുമായിരുന്നു. എന്നാല്‍, സര്‍ക്കാരിനും മന്ത്രിക്കുമെതിരെ ഒരു രാഷ്ട്രീയ ആരോപണം ഉന്നയിക്കലായിരുന്നു റിപ്പോര്‍ട്ടറുടെ ലക്ഷ്യം'- എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ട്വന്‍റി ഫോര്‍ ന്യൂസിന്‍റെ ഒരു വാര്‍ത്ത ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. വസ്തുതാവിരുദ്ധവും പ്രാഥമിക മാധ്യമ മര്യാദ പോലും പുലര്‍ത്താത്തതുമായ വാര്‍ത്തകള്‍ എങ്ങിനെയാണ് മാധ്യമങ്ങള്‍ നല്‍കുന്നത് എന്നതിന്‍റെ മികച്ച ഉദാഹരണമാണീ വാര്‍ത്ത.

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ പരുതൂര്‍ പഞ്ചായത്തില്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി, ലീഗ് ഭരിക്കുന്ന പഞ്ചായത്തിലെ ജീവനക്കാരെ കൂട്ടത്തോടെ മാറ്റിയത് തദ്ദേശ മന്ത്രിയുടെ രാഷ്ട്രീയ പ്രതികാരമാണ്, കൂട്ട സ്ഥലംമാറ്റം പഞ്ചായത്ത് ഭരണത്തെ സ്തംഭനത്തിലേക്ക് നയിച്ചിരിക്കുന്നു... ഇതാണ് വാര്‍ത്തയുടെ രത്നച്ചുരുക്കം. 

ഇനി വസ്തുത നോക്കാം

1. 2022 വർഷത്തെ പഞ്ചായത്ത് വകുപ്പിലെ പൊതു സ്ഥലംമാറ്റം പൂർണമായും സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ഓൺലൈനായാണ് നടത്തിയത്. പരുതൂർ ഗ്രാമപഞ്ചായത്തിൽ മൂന്ന് സീനിയർ ക്ലർക്ക് തസ്തികളും നാല് ക്ലർക്ക് തസ്തികകളുമാണ് ഉള്ളത്. പരുതൂർ ഗ്രാമപഞ്ചായത്തിൽ നിന്നും  3 സീനിയർ ക്ലർക്കുമാരും ഓൺലൈൻ സ്ഥലംമാറ്റം ലഭിച്ച് പോയി. ഇതേ സ്ഥലംമാറ്റ ഉത്തരവിൽ ഈ മൂന്നു പേർക്ക് പകരം രണ്ടുപേരെ സോഫ്റ്റ്‌വെയർ തന്നെ ലഭ്യമാക്കി. എന്നാൽ ഈ രണ്ടുപേരിൽ അട്ടപ്പാടിയിൽ നിന്നുള്ള ഒരാൾ സ്ഥലമാറ്റം ഏറെ പ്രയാസകരമാണെന്ന് കാട്ടി അപേക്ഷിച്ചതിനാൽ മറ്റൊരു പഞ്ചായത്തിലേക്ക് മാറ്റം അനുവദിച്ചു. രണ്ടാമത്തെയാള്‍ ഈ കാലയളവില്‍ ജോലി തന്നെ രാജിവെച്ചു. നിയമിച്ച രണ്ടുപേരും ലഭ്യമാകാതെ വന്നപ്പോൾ, പ്രമോഷൻ പട്ടികയിൽ നിന്നും രണ്ട് പേരെ ഉടൻ തന്നെ പരുതൂരിൽ നിയമിച്ചു. ഒരാൾ ഡിസംബര്‍ 14 മുതല്‍ ജോലിക്ക് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ജോലിക്ക് ചേര്‍ന്ന മറ്റേയാള്‍ക്ക് ഡിസംബര്‍ 30 മുതല്‍ നാലു മാസത്തെ അവധി അനുവദിച്ചത് പഞ്ചായത്ത് തന്നെയാണ്, സര്‍ക്കാരല്ല. മൂന്നാമത്തെ ഒഴിവ് ഉടനെ നൽകുന്ന പ്രമോഷൻ പട്ടികയിൽ നിന്ന് നികത്തുകയും ചെയ്യും.

2. നാല് ക്ലർക്കുമാരില്‍ മൂന്നുപേരും അപേക്ഷ നല്‍കി സ്ഥലംമാറ്റം വാങ്ങി പോയവരാണ്.  ഇതേ സ്ഥലംമാറ്റ നടപടി മുഖേന  ഒരാൾ പോലും പരുതൂരിലേക്ക് വരാൻ അപേക്ഷിച്ചുമില്ല. ഇതിനാല്‍ പരുതൂരിലേക്ക് ആരെയും സോഫ്റ്റ് വെയര്‍ സംവിധാനം ലഭ്യമാക്കിയില്ല.  ഈ സാഹചര്യത്തിൽ  രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ വിവിധ തീയതികളിലായി മൂന്നുപേരെ ഓഫീസില്‍ നിയമിച്ചു. ഇതില്‍ ഒരാള്‍ ജോയിൻ ചെയ്യുന്നതിന് മുമ്പ് തന്നെ ദീര്‍ഘകാല അവധിയില്‍ പോയി. ജോലിയില്‍ പ്രവേശിക്കാൻ ബാക്കിയുള്ള ഒരാൾ അടുത്ത ദിവസം തന്നെ ജോയിൻ ചെയ്യും. ഇങ്ങനെ നാല് ക്ലര്‍ക്കുമാര്‍ ഉണ്ടായിരുന്നതില്‍ ലീവിൽ പോയ ആളൊഴികെ മൂന്നുപേരെ  അവിടെ ലഭ്യമാക്കിയിട്ടുണ്ട്. ലീവിൽ പോയത് പ്രകാരമുള്ള ഒരു ഒഴിവ് നികത്തുന്നതിനും നടപടി സ്വീകരിച്ചുവരുന്നു. 

3. പരുതൂരില്‍ 2022 ലെ പൊതുസ്ഥലംമാറ്റത്തിന് മുൻപ് ഒഴിവുകളുണ്ടായിരുന്നില്ല എന്ന് ഓര്‍ക്കണം. ആരും ആ ഓഫീസിലേക്ക് അപേക്ഷിക്കാത്തതിനെ തുടര്‍ന്നാണ് ഒഴിവ് വന്നത്. അതില്‍ത്തന്നെ നിയമനം നടത്താത്തതുമൂലമുള്ള ഒഴിവായി ഇപ്പോള്‍ അവശേഷിക്കുന്നത് ഒന്നു വീതം മാത്രവും. 

4. പഞ്ചായത്ത് പ്രസിഡന്‍റ് എനിക്ക് ഇതു സംബന്ധിച്ച നിവേദനം തരുന്നത് 2023 ജനുവരി 7 ന് മാത്രമാണ്, സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ ജീവനക്കാരെ സ്ഥലം മാറ്റില്ലെന്ന് സര്‍ക്കാര്‍ തദ്ദേശ സ്വയം ഭരണ അധ്യക്ഷന്മാര്‍ക്ക് ഉറപ്പുനല്‍കിയതാണെന്നും, മറ്റൊരു പഞ്ചായത്തില്‍ നിന്ന് പരുതൂരിലേക്ക് മാറ്റുക എളുപ്പമല്ലെന്നും, എങ്കിലും പ്രശ്നം പരിഹരിക്കാമെന്നും ഞാൻ ഉറപ്പുനല്‍കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ ഒരു ജീവനക്കാരനെ നിയമിച്ചതായി ലീഗ് നേതാവായ പ്രസിഡന്‍റ് തന്നെ പറയുന്നുണ്ട്. മാത്രമല്ല രാഷ്ട്രീയ വിവേചനമെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചിട്ടുമില്ല. അദ്ദേഹം പോലും പറയാത്ത ആരോപണമാണ്, ട്വന്‍റി ഫോര്‍ റിപ്പോര്‍ട്ടര് സ്വന്തം നിലയ്ക്ക് ഉന്നയിക്കുന്നത്. ജനുവരി ഏഴിന് എനിക്ക് കത്ത് നല്‍കിയ പ്രസിഡന്‍റും കൂട്ടരും, 10 ന് ഡിഡിപി ഓഫീസില്‍ പോയി കുത്തിയിരിപ്പ് നടത്തിയിരുന്നു. അപ്പോഴും രാഷ്ട്രീയ വിവേചനമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അത് റിപ്പോര്‍ട്ടര്‍ സ്വന്തം നിലയില്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് പ്രസിഡന്‍റ് പറയുകയും ചെയ്തു.

5. ഏറ്റവും ഗൗരവമുള്ള കാര്യം ഈ പറഞ്ഞ വസ്തുതകള്‍ക്ക് മുഴുവൻ വിരുദ്ധമായ വാര്‍ത്ത ചമയ്ക്കുക മാത്രമല്ല, മന്ത്രി രാഷ്ട്രീയ വിവേചനം കാണിച്ചു എന്ന് സ്വന്തം നിലയില്‍ ആരോപണം ഉന്നയിച്ച റിപ്പോര്‍ട്ടര്‍ എന്‍റെയോ, എന്‍റെ ഓഫീസിന്‍റെയോ ഭാഗം അന്വേഷിക്കുകയോ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തില്ല ! ഏകപക്ഷീയമായ വാര്‍ത്ത. മറുഭാഗം കേള്‍പ്പിക്കാത്ത ആരോപണം.

വസ്തുതകള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന, വസ്തുതകള്‍ ശേഖരിക്കാനോ മനസിലാക്കാനോ ശ്രമിക്കാത്ത മാധ്യമപ്രവര്‍ത്തന രീതി. മന്ത്രിക്ക് ഇതില്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചിരുന്നെങ്കില്‍ ഇവിടെ പറഞ്ഞ വസ്തുതകളും രേഖകളും റിപ്പോര്‍ട്ടര്‍ക്ക് നല്‍കുമായിരുന്നു. അദ്ദേഹത്തിന് അതായിരുന്നില്ല ആവശ്യം. ഒരു രാഷ്ട്രീയ ആരോപണം സര്‍ക്കാരിനും മന്ത്രിക്കുമെതിരെ ഉന്നയിക്കല്‍ മാത്രമായിരുന്നു ലക്ഷ്യം എന്ന് കരുതാതിരിക്കാൻ  എന്തെങ്കിലും കാരണമുണ്ടോ?

മൂന്നു തവണ ശ്രമിച്ച ശേഷം റിപ്പോര്‍ട്ടറെ ഫോണില്‍ കിട്ടി. വസ്തുതകളോരോന്നായി വിശദീകരിച്ചപ്പോള്‍ ഈ വിവരങ്ങളും രേഖകളും അയച്ചുതരാമോ എന്നായിരുന്നു മറുപടി. അതായത് ആരോടും ചോദിക്കാതെ ഏകപക്ഷീയമായി തെറ്റായ വാര്‍ത്ത കൊടുക്കുക, കയ്യോടെ പിടിക്കപ്പെട്ടാല്‍ മാത്രം എന്നാല്‍ വസ്തുത കൂടി കൊടുത്തേക്കാം എന്ന ഉദാരത. ഇതിലെന്തെങ്കിലും മാറ്റമുണ്ടാകുമെന്നോ തിരുത്തുമെന്നോ പ്രതീക്ഷയില്ല. ഇതിനിയും തുടരും. തുറന്നുകാട്ടലും നിരന്തരം തുടരുകയേ മാര്‍ഗമുള്ളൂ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More