എസ് ജോസഫിന്റെ രാജി: അര്‍ഹതയുളളിടത്ത് അവഗണിക്കപ്പെട്ടു എന്നത് മതിയായ കാരണമാണ്- ഡോ. ആസാദ്

കവി എസ് ജോസഫ് സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചതായി കണ്ടു. അർഹതയുള്ള ഇടത്ത് അവഗണിക്കപ്പെട്ടു എന്നതു മതിയായ കാരണമാണ്. ഒരു പരിപാടിയിൽ ക്ഷണിക്കപ്പെട്ടില്ല എന്നത് അത്ര പ്രധാന വിഷയമല്ല. എന്നാൽ പ്രമുഖ കവിയും സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദൻ ഡയറക്ടറായി വർഷംതോറും നടത്തുന്ന സാഹിത്യ ആഘോഷത്തിൽ തുടർച്ചയായി മാറ്റി നിർത്തപ്പെടുന്നു അഥവാ ബോധപൂർവ്വം അവഗണിക്കപ്പെടുന്നു എന്ന തോന്നലാണ് ജോസഫിന്. അത് അദ്ദേഹത്തിന്റെ ഫെയ്സ് ബുക് പോസ്റ്റിൽ എഴുതിയിട്ടുണ്ട്.

കാര്യം നിസ്സാരമാണെന്ന് എപ്പോഴെങ്കിലും ക്ഷണിക്കപ്പെട്ട ആർക്കും തോന്നാം. അക്കാദമി പ്രസിഡണ്ട് ഡയറക്ടറായി നടക്കുന്ന പരിപാടിയാണ്. സർക്കാർ - സ്വകാര്യ (PPP) കൂട്ടു സംരംഭമാണ്. സ്പോൺസർമാരുണ്ട്. വാടക പവലിയനുകളുണ്ട്. നൂറുകണക്കിന് ക്ഷണിതാക്കളും ആയിരക്കണക്കിന് പൊതുജനങ്ങളും പങ്കെടുക്കുന്ന പരിപാടിയാണ്. കേരളത്തിലെ പൊതുബോധം നിർണയിക്കേണ്ട ചർച്ചകളാണ്. സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങളെ വിമർശിക്കുന്ന ചർച്ചകളല്ല, അവയുടെ താൽപ്പര്യങ്ങളുടെ ബോധാധീശത്വം ഉറപ്പിക്കുന്ന സെഷനുകളാണ് വിഭാവനം ചെയ്യപ്പെട്ടത്. അതിൽ എതിരഭിപ്രായം ധീരമായി പറഞ്ഞവർ തീരെ ഇല്ല എന്നല്ല വിവക്ഷ. പൊതുവേ ഒരു ഹെഗിമണി ഉറപ്പിച്ചു നില നിർത്തലാണ് ദൗത്യം. അതിനാൽ സർക്കാറുകൾ കോടികൾ ചെലവഴിച്ചുകാണും.

ഇങ്ങനെയൊരു വലിയ സർക്കാർ പദ്ധതിയിൽനിന്ന് കെ റെയിൽപോലുള്ള പീപീപി പദ്ധതികളെ പരസ്യമായി പിന്തുണച്ച ഒരെഴുത്തുകാരൻ മാറ്റി നിർത്തപ്പെടുന്നത് എന്തുകൊണ്ടാവും? സാഹിത്യ അക്കാദമി പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും മുൻ പ്രസിഡണ്ടും മറ്റ് അംഗങ്ങളുമെല്ലാം പല സെഷനുകളിൽ നിറഞ്ഞു നിൽക്കുന്നു. അക്കാദമിയിലെ ഒരംഗത്തോട് എന്തിനാണ് വിവേചനം? സംവരണ സീറ്റിൽ മത്സരിക്കുന്ന ഒരെഴുത്തുകാരനായി തന്നെ കാണേണ്ടതില്ല എന്ന് ജോസഫ് വ്യക്തമായി എഴുതിക്കണ്ടു. അതു വിവേചനത്തെക്കുറിച്ചുള്ള ഗുരുതരമായ ആക്ഷേപവും പരാതിയുമാണ്.  കെ എൽ എഫ് എന്നതിലെ കെ എന്തു കെയാണ് അഥവാ ഏതുതരം കെ ആണ് എന്ന ചോദ്യമാണത്. 

ജോസഫ് രാജി പിൻവലിക്കുമോ എന്ന് അറിയില്ല. ക്ഷമിക്കണം, അങ്ങനെ എഴുതുന്നത് അദ്ദേഹത്തിന്റെ നിശ്ചയത്തെ കുറച്ചു കാണലാണെന്ന് കരുതരുത്. ഇന്നത്തെ കാലത്ത് പലവിധ മെയ് വഴക്കളില്ലാതെ ഒരു സാധാരണ മനുഷ്യനും അംഗീകാരത്തോടെ ജീവിക്കാനാവില്ലെന്ന് വന്നിട്ടുണ്ട്. ജോസഫിന്റെ രാജി അംഗീകൃത സാംസ്കാരിക നേതാക്കൾക്കിടയിലെ വൈരുദ്ധ്യങ്ങൾ പൊട്ടിത്തെറിച്ചു പോവുന്ന ചില സന്ദർഭങ്ങൾ തുറന്നു കാണിക്കുന്നു. കേരളത്തിലെ പലവിധ അതിജീവന സമരങ്ങൾ നാം കാണുകയില്ലെങ്കിലും കാർണിവലുകളിലെ പങ്കാളിത്തം ഉറപ്പാക്കാനും അവിടത്തെ ആഘോഷങ്ങളുടെ ഭാഗമാകാനും വല്ലാത്ത ഒരു വെമ്പലാണ്. ആ വെമ്പലാണ് കേരളത്തിലെ അധീശ വർഗ പൊതുബോധം. 

സമരങ്ങളിലും അതിന്റെ സാഹിത്യ ആഖ്യാനങ്ങളിലും നമുക്ക് ഒരുപോലെ പങ്കാളിത്തം ഉണ്ടാവേണ്ടതുണ്ട്. അതാണ് നവോത്ഥാന പാരമ്പര്യം. അതിൽ വന്ന ഛേദമാണ് ജോസഫിനെപ്പോലെ ഒരെഴുത്തുകാരൻ മാറ്റി നിർത്തപ്പെടാനോ അങ്ങനെയൊരു തോന്നൽ ഉയർന്നുവരാനോ കാരണമായിട്ടുണ്ടാവുക. പീപീപി സാംസ്കാരിക പദ്ധതികൾ ജനകീയ സാംസ്കാരിക പദ്ധതികളായി തെറ്റിദ്ധരിച്ചുകൂടാ. അവിടെ ജനങ്ങളെ കണ്ടേക്കും. അന്തരീക്ഷവും ആത്മാവും നവലിബറൽ മുതലാളിത്ത ആശ്രിതത്തമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Sufad Subaida 1 month ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 1 month ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 1 month ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 4 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More
Dr. Azad 5 months ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 5 months ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More