ഹോഷിയാര്‍പൂര്‍: തലപോയാലും ആര്‍എസ്എസ് ഓഫീസിന്റെ പടിപോലും ചവിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസുമായി ഒരുതരത്തിലുളള കൂടിക്കാഴ്ച്ചയ്ക്കും തയാറല്ലെന്നും അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ നല്ലത് മരണമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ ഹോഷിയാര്‍പൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ബിജെപി എംപിയും പിതൃസഹോദര പുത്രനുമായ വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് മടങ്ങിവരുമെന്ന അഭ്യൂഹത്തെക്കുറിച്ചുളള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'വരുണ്‍ ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രത്തെ അംഗീകരിച്ചയാളാണ്. പക്ഷെ എനിക്ക് ഒരിക്കലും അതിന് സാധിക്കില്ല. അദ്ദേഹം ഇപ്പോള്‍ ബിജെപിയിലാണ്. അതിനാല്‍ ഇവിടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്താല്‍ അത് അദ്ദേഹത്തിന് പ്രശ്നമായേക്കും. എന്റെ പ്രത്യയശാസ്ത്രം അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടില്ല. എനിക്കൊരിക്കലും ആര്‍എസ്എസ് ഓഫീസിലേക്ക് പോകാനാവില്ല. അതിന് എന്റെ ശിരച്ഛേദം ചെയ്യേണ്ടിവരും. എന്റെ കുടുംബത്തിന് ഒരു പ്രത്യയശാസ്ത്രമുണ്ട്. വരുണ്‍ പക്ഷെ മറ്റൊന്നാണ് സ്വീകരിച്ചത്. ആ പ്രത്യയശാസ്ത്രത്തെ എനിക്ക് അംഗീകരിക്കാനാവില്ല'- രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തനിക്ക് വരുണ്‍ ഗാന്ധിയെ കാണാനും ആലിംഗനം ചെയ്യാനും സാധിക്കുമെന്നും അദ്ദേഹം ഇപ്പോള്‍ നില്ക്കുന്ന പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രമാണ് അംഗീകരിക്കാനാവാത്തതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. വരുണ്‍ ഗാന്ധി ബിജെപിക്കെതിരെ നിരന്തരം വിമര്ശനങ്ങളുന്നയിച്ചതോടെയാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങിവരുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.