ഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ക്ഷണം സ്വീകരിച്ചാണ് സിപിഐ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കുചേരുക. ബിനോയ് വിശ്വം എം പി സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മികച്ച ഇന്ത്യയെ രൂപപ്പെടുത്താന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തില്‍ അനിവാര്യമാണെന്ന് ഡി രാജ പറഞ്ഞു.
അതേസമയം, ഭാരത് ജോഡോ യാത്രയുടെ സമാപനത്തിലേക്ക് 23 പാര്‍ട്ടികളെ ക്ഷണിച്ചതായി കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. സിപിഐയെ കൂടാതെ സിപിഎം, ഡിഎംകെ, ജെഡിയു തുടങ്ങിയ പ്രതിപക്ഷ കക്ഷികളും പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഈ മാസം 30 - നാണ് ഭാരത് ജോഡോ യാത്ര അവസാനിക്കുന്നത്. ശ്രീനഗറില്‍ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തില്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ ശക്തി തെളിയിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, നിലവില്‍ പഞ്ചാബില്‍ പര്യടനം നടത്തുന്ന യാത്ര ജനുവരി 19-ന് ജമ്മു കശ്മീരില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. തമിഴ്നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് ഭാരത് ജോഡോ യാത്ര കശ്മീരിലെത്തുക. ജനുവരി 25-ന് ബനിഹാലില്‍ ത്രിവര്‍ണ പതാകയുയര്‍ത്തും. 27-ന് അനന്ത്നാഗ് വഴിയാണ് ശ്രീനഗറില്‍ പ്രവേശിക്കുക.