കശ്മീര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്ത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ മാറ്റമുണ്ടാക്കിയെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. രാജ്യത്തെ അനിതീക്കെതിരെ ശബ്ദമുയര്‍ത്തുന്ന നേതാവായിട്ടാണ് രാഹുല്‍ ഗാന്ധിയെ താന്‍ കാണുന്നതെന്നും ഭാരത് ജോഡോ യാത്രയില്‍ അണി ചേരുന്നതിനിടെ ശിവസേന നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നാണ് ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിച്ചത്. യാത്ര കത്വയിലൂടെ കടന്നുപോകുമ്പോഴാണ് സഞ്ജയ് റാവത്ത് ജോഡോ യാത്രയുടെ ഭാഗമായത്.
'ശിവസേനയുടെ ഭാഗമായാണ് താന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത്. രാഹുല്‍ ഗാന്ധി മികച്ച ഒരു നേതാവാണെന്നും അദ്ദേഹം അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ആളാണെന്നും' സഞ്ജയ് റാവത്ത് പറഞ്ഞു. 'ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ കാണുമ്പോള്‍ ആവേശഭരിതരാകുകയും അദ്ദേഹത്തിന് പിന്തുണയറിക്കുകയും ചെയ്യുന്നത് മാധ്യമങ്ങളിലൂടെ നമ്മള് കാണുന്നുണ്ട്. ഈ യാത്ര ഒരു പുതിയ തുടക്കമായാണ് തനിക്ക് അനുഭവപ്പെടുന്നത്'- സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കര്‍ശന സുരക്ഷയാണ് രാഹുല്‍ ഗാന്ധിക്ക് ഒരുക്കിയിരിക്കുന്നത്. ചില പ്രദേശങ്ങളില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും കാറില്‍ യാത്ര ചെയ്യണമെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും മുഴുവന്‍ ദൂരവും കാല്‍നടയായി സഞ്ചരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുളള, സിപിഎം നേതാവ് തരിഗാമി എന്നിവര്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും. ഈ മാസം 30- നാണ് ഭാരത് ജോഡോ യാത്ര അവസാനിക്കുന്നത്.