തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സ്പീക്കര്‍ എ എന്‍ ഷംസീര്‍. കലോത്സവത്തിന് വെജിറ്റേറിയന്‍ ഭക്ഷണം നല്‍കുന്നതാണ് പ്രാക്ടിക്കലെന്നും നോണ്‍ വെജ് കഴിക്കണമെന്നുളളവര്‍ പുറത്തുനിന്നും വാങ്ങിക്കഴിക്കട്ടെയെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുളള വാര്‍ത്താ സമ്മേളനത്തിലായിരുന്നു സ്പീക്കറുടെ പ്രതികരണം.
'വെജിറ്റേറിയനാണ് പ്രാക്ടിക്കല്‍. ബിരിയാണി കഴിച്ചിട്ട് ആര്‍ക്കെങ്കിലും ഡാന്‍സ് കളിക്കാന്‍ കഴിയുമോ? ഞാന്‍ ഒരു നോണ്‍ വെജിറ്റേറിയനാണ്. പക്ഷെ നമ്മള് പ്രാക്ടിക്കലായി ചിന്തിക്കണ്ടേ? ഒരുപാട് ആളുകള്‍ വരുന്ന സ്ഥലത്ത് വെജിറ്റേറിയനാണ് നല്ലത്. മാത്രമല്ല, കുട്ടികള്‍ ഭക്ഷണം കഴിക്കാനല്ല വരുന്നത്. അവരുടെ പൂര്‍ണമായ ഫോക്കസ് ഡാന്‍സിലും മറ്റ് പരിപാടികളിലുമായിരിക്കും. ഏതെങ്കിലും സമയത്താണ് വന്ന് ഭക്ഷണം കഴിക്കുക. അപ്പോള്‍ കുറച്ചുകൂടി അഭിമാക്യം വെജിറ്റേറിയനാണ്'- എ എന്‍ ഷംസീര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കലോത്സവത്തിന് വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിളമ്പുന്നതിനും പഴയിടം മോഹനന് നമ്പൂതിരിക്ക് മാത്രം ടെന്‍ഡര്‍ നല്കുന്നതിനുമെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് സ്കൂള്‍ കലോത്സവത്തിന് ഭക്ഷണം പാകംചെയ്യാനില്ലെന്ന് മോഹനന് നമ്പൂതിരി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം മുതല്‍ കലോത്സവത്തിന് മാംസാഹാരം വിളമ്പുന്ന കാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കലോത്സവത്തിന് മാംസാഹാരം വിളമ്പുന്നുണ്ടെങ്കില്‍ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നല്‍കാമെന്ന് പോള്‍ട്രി ഫാര്‍മേഴ്സ് ട്രേഡേഴ്സ് സമിതി സംസ്ഥാന ഭാരവാഹികളും വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് നോണ്‍ വെജ് വിളമ്പുന്നതിനെതിരായ നിലപാട് സ്പീക്കര്‍ വ്യക്തമാക്കിയത്.