ഡല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചുളള ബിബിസി ഡോക്യുമെന്ററി തടയാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി രംഗത്ത്. ബിബിസിയുടെ ഡോക്യുമെന്ററി തടയുന്ന മോദി സര്‍ക്കാര്‍ ഗോഡ്സെയെക്കുറിച്ചുളള സിനിമ നിരോധിക്കുമോ എന്നാണ് ഒവൈസി ചോദിക്കുന്നത്. മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്സെയെക്കുറിച്ചുളള നിലപാട് ബിജെപി സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
'ബ്രിട്ടീഷ് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ട്വിറ്ററിലും യൂട്യൂബിലും ബിബിസിയുടെ അഭിമുഖം മോദി സര്‍ക്കാര്‍ നിരോധിച്ചു. അപ്പോള്‍ ഗുജറാത്തില്‍ ബഹിരാകാശത്തുനിന്നും ഇറങ്ങിവന്നവരാണോ ജനങ്ങളെ കൊന്നത്? ബിബിസിയുടെ ഡോക്യുമെന്ററി നിങ്ങള്‍ നിരോധിച്ചു. പ്രധാനമന്ത്രിയോടും ബിജെപി നേതാക്കളോടും ചോദിക്കാനുളളത് ഇതാണ്, ഇപ്പോള്‍ ഗോഡ്സെയെക്കുറിച്ച് ഒരു സിനിമ ഇറങ്ങാനിരിക്കുകയാണ്. ഗോഡ്സെയെ നായകനാക്കി ഒരുങ്ങുന്ന സിനിമയെ പ്രധാനമന്ത്രി നിരോധിക്കുമോ? ബിജെപിയെ ഞാന്‍ വെല്ലുവിളിക്കുകയാണ്'- ഒവൈസി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കുറിച്ചുളള 'ഇന്ത്യ ദ മോദി ക്വസ്റ്റിയന്‍' ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കംചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനോടും യൂട്യൂബിനോടും അഭ്യര്‍ത്ഥിച്ചിരുന്നു. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നൂറിലേറെ ലിങ്കുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. അതേസമയം, ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം നാളെ യുകെയില്‍ സംപ്രേക്ഷണം ചെയ്യും. അധികാരം നിലനിര്‍ത്താനായി നരേന്ദ്രമോദി സ്വീകരിച്ച മുസ്ലീംവിരുദ്ധ നിലപാടുകളെക്കുറിച്ചാണ് രണ്ടാംഭാഗമെന്ന് ബിബിസി നേരത്തെ വ്യക്തമാക്കിയിരുന്നു.