ഡല്‍ഹി: നിരന്തരം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി ട്വീറ്ററില്‍ പ്രത്യക്ഷപ്പെടാറുള്ള ബാഡ്മിന്റൺ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു. സഹോദരിയോടൊപ്പമാണ് സൈന ബിജെപി അംഗത്വം എടുത്തത്. ബിജെപി അഖിലേന്ത്യാ സെക്രട്ടറി അരുണ്‍ സിംഗ് സൈനക്ക് പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ചു.
ദേശീയതലത്തിലും, ഹരിയാനയില്‍ പ്രത്യേകിച്ചും, പാര്‍ട്ടിയുടെ മുഖം മിനുക്കാന്‍ സൈനയുടെ സാന്നിധ്യം ഉപയോഗപ്പെടും എന്ന കണക്കുകൂട്ടലില്‍ നടത്തിയ നീക്കത്തിനൊടുവിലാണ് സൈന നേവാളിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപിക്കായത്. ഹരിയാനയില്‍ ജനിച്ച് ലോകോത്തര ബാറ്റ്മിന്റണ്‍ താരമായി ഉയര്‍ന്ന സൈന നേവാള്‍ 24 ലോകചാമ്പ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
2015-ല്‍ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയ സൈന ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. രാജീവ്ഗാന്ധി ഖേല്‍രത്ന, അര്‍ജുന തുടങ്ങിയ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. സൈനയെ എത്തിച്ചതുവഴി ബിജെപിയുടെ ജനപ്രീതി കുത്തനെ ഉയരുമെന്ന് പാര്‍ട്ടിവക്താവ് പ്രത്യാശപ്രകടിപ്പിച്ചു.