രാഹുല്‍ ഗാന്ധിയും ഭാരത് ജോഡോ യാത്രയും ബാക്കിവെച്ചത്- ക്രിസ്റ്റിന കുരിശിങ്കല്‍

ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാഹുല്‍ ഗാന്ധി നയിച്ച ഭാരത്‌ ജോഡോ യാത്ര ചരിത്രത്തിന്‍റെ ചുവരില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതിചേര്‍ക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ എതിരാളികളെ മുഴുവന്‍ പലതരത്തില്‍ അന്വേഷണ എജന്‍സികളെവിട്ട് വിറപ്പിക്കുകയും സിനിമ മുതല്‍ ഭക്ഷണം വരെയുള്ള കാര്യങ്ങളില്‍ മുഴുവന്‍, ഭരണകൂട തിട്ടൂരങ്ങള്‍ക്കപ്പുറം നില്‍ക്കുന്നവര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ വിധേയരാകുകയും ചെയ്യുന്ന ഇന്ത്യന്‍ സാഹചര്യത്തിലാണ് ഒരാള്‍ കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്ക് നടക്കാന്‍ തീരുമാനിച്ചത്. അതത്ര ചെറിയ കാര്യമല്ല. തെരെഞ്ഞെടുപ്പിനോടനുബന്ധിച്ചോ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടോ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പദയാത്രയും മാര്‍ച്ചും നടത്തുന്നത് പുതിയ കാര്യമല്ല. എന്നാല്‍ രാഹുല്‍ ഗാന്ധി ഇത് രണ്ടും മുന്നിര്‍ത്തിയല്ല തന്റെ യാത്ര സംഘടിപ്പിച്ചത്. രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയും വെറുപ്പും ജനാധിപത്യ വിരുദ്ധതയും അവസാനിക്കണം എന്ന ഉത്കടമായ ആഗ്രഹമാണ് അദ്ദേഹത്തെ ചരിത്രത്തിലെ ഏറ്റവും വലിയ കാല്‍നടയാത്രക്ക് പ്രേരിപ്പിച്ചത്. 

ചെറുപ്പം മുതല്‍ അധികാരം കണ്ടും കേട്ടും അനുഭവിച്ചും വളര്‍ന്ന രാഹുല്‍ ഗാന്ധി അധികാരമോഹങ്ങള്‍ ബാധിക്കാത്ത നേതാവാണ്‌ എന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്.  രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തെ പപ്പുവെന്ന് വിളിക്കുമ്പോഴും അതിനോടൊന്നും പ്രതികരിക്കാതെ രാഹുല്‍ ഗാന്ധി നിശബ്ദനായിരിക്കുകയാണ് ചെയ്തത്. ഭാരത് ജോഡോ യാത്രയുടെ ആരംഭത്തില്‍ തന്നെ ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള യാത്രയാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം സംസാരിച്ചതത്രയും ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിച്ച് ഭരിക്കാമെന്ന ലക്ഷ്യത്തോടെ, ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ് പ്രയോഗിക്കുന്ന, ശബ്ദിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന, പശുവിന്‍റെ പേരില്‍ ജനങ്ങളെ കൊല്ലുന്ന, ഓപ്പറേഷന്‍ താമരയെന്ന പേരില്‍ എം എല്‍ എമാരെ വിലയ്ക്കെടുക്കുന്ന, ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളുടെ ഭരണം ദുഷ്ക്കരമാക്കുന്ന, ഇ ഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന ബിജെപി- സംഘപരിവാര്‍ ശക്തികള്‍ക്കെതിരെയാണ്. ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് വികാരാധീനനായാണ്‌ രാഹുല്‍ ഗാന്ധി സംസാരിച്ചത്. ഒരുപക്ഷെ അദ്ദേഹം പോലും പ്രതീക്ഷിക്കാത്തത്രയും വലിയ ജനപിന്തുണയാണ് ഭാരത്‌ ജോഡോ യാത്രക്ക് ലഭിച്ചത്.

ഭാരത് ജോഡോ യാത്രയുടെ ഉദ്ദേശം പ്രതിപക്ഷ പാര്‍ട്ടികളെയും ജനങ്ങളെയും ബോധ്യപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും വളരെയധികം സമയം ആവശ്യമായി വന്നുവെന്നത് യാഥാര്‍ഥ്യമാണ്. അതിന്‍റെ ഒരു പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഈ വിഷയം വളരെ സീരിയസായി കൈകാര്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല എന്നതാണ്. മാധ്യമങ്ങളാകട്ടെ രാഹുല്‍ ഗാന്ധി ചായ കുടിക്കുന്നതും വഴിവക്കിലിരുന്ന് ഭക്ഷണം കഴിക്കുന്നതുമൊക്കെയാണ് വിഭവങ്ങളായി വായനക്കാര്‍ക്ക് നല്‍കിയത്. രാഹുല്‍ ഗാന്ധി പഴം പൊരിയും തിന്നു നടക്കുകയാണ് എന്നതരത്തില്‍ യാത്രയെ നിസാരവത്കരിക്കുന്നതിലേക്കാണ് ഇത് കാര്യങ്ങളെ കൊണ്ടുചെന്നെത്തിച്ചത്. സിപിഎം സാമൂഹ്യമാധ്യമ പക്ഷത്തുനിന്നുണ്ടായ തീര്‍ത്തും നെഗറ്റീവായ പ്രചാരണവും കളിയാക്കലുകളും തുടക്കത്തില്‍ യാത്രയുടെ ഗൌരവം ചോര്‍ത്തുന്നതിന് കാരണമായി. കേരളത്തിലെ സി പി എം നേതാക്കളില്‍ ചിലര്‍ കണ്ടെയ്നര്‍ യാത്ര എന്ന് വിളിച്ചാക്ഷേപിച്ചു. കൂടാത ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം വിളിക്കുകയും അവലോകനം നടത്തുകയും ചെയ്യാതിരുന്നതും ഇടതുപക്ഷത്ത് നിന്ന് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ കനയ്യ കുമാര്‍ എന്ന തീപ്പൊരി നേതാവിനെക്കൊണ്ട് കേരളത്തില്‍ രണ്ടുവാക്ക് സംസാരിപ്പിക്കാതിരുന്നതും  വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച് ആരംഭിച്ച ഭാരത് ജോഡോ യാത്ര ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലൂടെ ഒരു ദിവസം പോലും കടന്നുപോയില്ല. ഉത്തര്‍പ്രദേശില്‍ ആകെ രണ്ടു ദിവസമാണ് യാത്ര ഷെഡ്യൂള്‍ ചെയ്തിരുന്നത്. വിമര്‍ശനം ഉയര്‍ന്നതോടുകൂടിയാണ് അത് അഞ്ച് ദിവസമായി ഉയര്‍ത്തിയത്. ഇക്കാര്യങ്ങളെല്ലാം രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോയുടെ രാഷ്ട്രീയത്തെ തുടക്കത്തില്‍ ചോദ്യം ചെയ്തുകൊണ്ടിരുന്നു.

എന്നാല്‍ കേരളം വിട്ട് കര്‍ണാടകയിലേക്ക് ഭാരത് ജോഡോ യാത്ര കടന്നത് മുതല്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ക്ക് വ്യക്തമായ രാഷ്ട്രീയ ദിശാബോധം കൈവരികയായിരുന്നു. രാഹുല്‍ ഗാന്ധി എന്ന മനുഷ്യന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി നടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പ്രായവ്യത്യാസമില്ലാതെ എല്ലാവരും രാഹുല്‍ ഗാന്ധിയെന്ന വ്യക്തിയെ ഒന്നു കാണാന്‍, കെട്ടിപ്പിടിക്കാന്‍ വഴിയരികില്‍ തമ്പടിച്ചുനിന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറ്റാര്‍ക്കും കൈവരിക്കാന്‍ സാധിക്കാത്ത  ഒരംഗീകാരമായിരുന്നു അത്. ഒരുപക്ഷെ പതിറ്റാണ്ടുകളോളം രാജ്യത്തിനുവേണ്ടി നിലകൊണ്ട നെഹ്‌റു കുടുംബത്തോടുള്ള ആദരമായിരിക്കാം ജനങ്ങള്‍ രാഹുല്‍ ഗാന്ധിയോട് പ്രകടിപ്പിച്ചത്. അതല്ലെങ്കില്‍ മറ്റാരുമില്ല തങ്ങള്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാന്‍ എന്നുള്ള ഇന്ത്യന്‍ ജനതയുടെ നിസഹായതയുമാവാം...

പിന്നീട് തെലങ്കാനയില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ യുവജന നേതൃത്വം ഭാരത് ജോഡോ യാത്രയെ സ്വീകരിച്ചത് ദേശിയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട്‌ ചെയ്തു. രോഹിത് വെമുലയുടെ അമ്മ, കമല്‍ ഹാസന്‍, ഗൗരി ലങ്കേഷിന്‍റെ കുടുബം, ആദിത്യ താക്കറെ, സഞ്ജയ്‌ റാവത്ത്, രഘുറാം രാജന്‍, സ്വര ഭാസ്ക്കര്‍  തുടങ്ങി വ്യത്യസ്ത രംഗങ്ങളിലെ പ്രമുഖര്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചുകൊണ്ട് ഭാരത് ജോഡോയ്ക്കൊപ്പം നടന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ ഗുലാം നബി ആസാദും കപില്‍ സിബലും ഭാരത് ജോഡോ യാത്രയെ അഭിനന്ദിച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. കൂടാതെ മെഹബൂബ മുഫ്തിയും, ഒമര്‍ അബ്ദുള്ളയും രാഹുല്‍ ഗാന്ധിക്കൊപ്പം നടന്നത് പുതിയ ഒരു പ്രതീക്ഷയാണ്. ഭാരത് ജോഡോ യാത്ര രാഷ്ട്രീയ ലക്‌ഷ്യം വെച്ചുള്ളതല്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഇതിലൂടെ വീണ്ടും തെളിയിക്കപ്പെട്ടു. 

രാഹുല്‍ ഗാന്ധിയുടെ രണ്ടാം ജന്മമാണിതെന്ന മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ പ്രസ്താവനയും ഗുജറാത്ത് കലാപത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പങ്കുണ്ടെന്ന ബിബിസിയുടെ ഡോക്യുമെന്ററിയും അദാനിക്കെതിരെ ഹിന്‍ഡന്‍ബെര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടുമെല്ലാം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ദിശാമാറ്റത്തിന്‍റെ സൂചനയായി വായിക്കപ്പെടുന്നുണ്ട്‌. ഗാന്ധി മരണപ്പെട്ടതല്ല കൊന്നതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയും ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്ന എം കെ സ്റ്റാലിനും മരിച്ചാലും ബിജെപിയിലേക്ക് തിരിച്ചു പോകില്ലെന്ന് പറഞ്ഞ നിതീഷ് കുമാറും മോദിയ്ക്കും അമിത് ഷായ്ക്കുമെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ഉദ്ദവ് താക്കറെയും ഭാരത് ജോഡോ യാത്രയെ അനുകൂലിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി നടത്തിയ പ്രസ്താവനയുമെല്ലാം ജോഡോ യാത്രയോട് ചേര്‍ത്തുവെക്കാവുന്നതാണ്‌. ഇത് ഒരനുകൂല രാഷ്ട്രീയ കാലാവസ്ഥയായി പ്രതിപക്ഷ പാര്‍ട്ടികളെല്ലാം കാണാന്‍ ശ്രമിച്ചാല്‍  ഇന്ത്യയില്‍ ജനാധിപത്യം അതിജീവിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Christina Kurisingal

Recent Posts

Dr. Azad 1 month ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 2 months ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 2 months ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 4 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 4 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 4 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More