തൂക്കിലേറ്റപ്പെടുന്നതിന് മുൻപ് മരിച്ചു പോയതിനാൽ വധശിക്ഷയിൽ നിന്നും രക്ഷപ്പെട്ട കൊലയാളിയാണ് സവർക്കർ- എം സ്വരാജ്

തൂക്കിലേറ്റപ്പെടുന്നതിന് മുൻപ് മരിച്ചു പോയതിനാൽ വധശിക്ഷയിൽ നിന്നും രക്ഷപ്പെട്ട കൊലയാളിയാണ് സവർക്കറെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഗാന്ധിവധക്കേസിൽ ജയിൽ അടയ്ക്കപ്പെട്ട ചില പ്രതികൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്ത്  പൂനെയിൽ വച്ച് ചേർന്ന യോഗത്തിലാണ് ബാലഗംഗാധര തിലകന്റെ കൊച്ചുമകൻ ഗജാനൻ വിശ്വനാഥ് കേൽക്കർ ഗാന്ധിവധത്തെ സംബന്ധിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയത്. അത് വാർത്തയായപ്പോൾ രാജ്യമെമ്പാടും ഉണ്ടായ കോളിളക്കത്തെ തുടർന്ന് ഗാന്ധിവധത്തെ സംബന്ധിച്ച ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരുന്നതിന് ഒരു കമ്മീഷനെ തന്നെ കേന്ദ്രസർക്കാർ നിയോഗിക്കുകയുണ്ടായി. ആ കമ്മീഷന്റെ ചുമതലയിലേക്ക് പിന്നീട് നിയോഗിക്കപ്പെട്ടത് ജസ്റ്റിസ് ജീവൻ ലാൽ കപൂർ ആയിരുന്നു. കമ്മീഷൻ വിശദമായ തെളിവെടുപ്പുകൾക്ക് ശേഷം 1969ൽ റിപ്പോർട്ട് സമർപ്പിച്ചു. ഗാന്ധിവധത്തിന്റെ സൂത്രധാരൻ സവർക്കർ ആയിരുന്നുവെന്ന് ജെ എൽ കപൂർ കമ്മീഷൻ അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ കണ്ടെത്തിയിട്ടുണ്ട് - എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ആരാണയാൾ ......?

കുറച്ചു വർഷങ്ങൾക്കു മുൻപ് ഗുജറാത്ത് സന്ദർശന വേളയിലാണ് ഗാന്ധിനഗറിലെ ഗാന്ധി മ്യൂസിയത്തിൽ എത്തിയത്. അവിടെ ഗാന്ധിജിയുമായി ബന്ധപ്പെട്ട ചരിത്രമുഹൂർത്തങ്ങളുടെ ആവിഷ്കാരങ്ങൾക്കൊടുവിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ കുറിച്ചുള്ള ഒരു വിവരണം കേൾക്കാം.  അതിങ്ങനെയാണ്  ''1948 ജനുവരി 30ന് പ്രാർത്ഥനാ യോഗത്തിലെത്തിയ ഗാന്ധിജിയെ ഒരാൾ വെടിവെച്ചുകൊന്നു''. 

ആരാണ് ആ ഒരാൾ ? 

ഗുജറാത്ത് സർക്കാരിനും മ്യൂസിയം അധികൃതർക്കും ആ ആളുടെ പേര് അറിയില്ല . ഏതോ ഒരാൾ അത്രതന്നെ !.  ചരിത്രത്തിൽ നിന്നും പല ഏടുകളും ബോധപൂർവ്വം മായ്ച്ചു കളയാനുള്ള ആസൂത്രിതവും സംഘടിതവുമായ നീക്കമാണ് ഇന്ത്യയിലിന്നു നടക്കുന്നത്.  ചരിത്ര സത്യങ്ങളെ മായ്ച്ചു കളഞ്ഞ് തങ്ങളുടെ താല്പര്യാർത്ഥമുള്ള കഥകൾ രചിക്കുകയാണ് സംഘപരിവാരം.നാളെ ഇത്തരം കഥകൾ ചരിത്രമായി അവതരിപ്പിക്കപ്പെടും. രാഷ്ട്രീയ അധികാരം ഉപയോഗിച്ചുള്ള ചരിത്രവധം മാത്രമല്ല അധികാരത്തിന്റെ മുന്നിൽ വിനീതരാവുന്ന വിധേയരെയും ഈ ചരിത്ര ഹത്യയ്ക്ക് ആർ എസ് എസ് ഒപ്പം കൂട്ടുന്നുണ്ട്. ഗാന്ധി മ്യൂസിയത്തിലെ അനുഭവം തീർത്തും ഒറ്റപ്പെട്ട ഒന്നല്ല. 

കഴിഞ്ഞവർഷം ജനുവരി 30ന് (2022 ജനുവരി 30 )  മാതൃഭൂമി ദിനപത്രത്തിൽ പ്രത്യക്ഷപ്പെട്ട ഗാന്ധി അനുസ്മരണ ലേഖനത്തിൽ ആരാണ് ഗാന്ധിജിയെ വധിച്ചത് എന്നോ, എന്താണ് ഗാന്ധിവധത്തിന് ആധാരമായ കാരണമെന്നോ പരാമർശിക്കുന്നതേയില്ല. ഗാന്ധി ഘാതകനെക്കുറിച്ചും ഗാന്ധിവധത്തിന്റെ കാരണത്തെക്കുറിച്ചും നിശബ്ദത പാലിച്ചുകൊണ്ടും ഗാന്ധി അനുസ്മരണം പ്രസിദ്ധീകരിക്കാനാവുമെന്ന് മാതൃഭൂമി തെളിയിക്കുകയായിരുന്നു. അതിനും കുറച്ചു മുൻപ് മോഹൻ ഭാഗവതിനെ കൊണ്ടുതന്നെ ഗാന്ധി അനുസ്മരണം നടത്തി ലോകത്തെ ഞെട്ടിച്ച പത്രം കൂടിയാണ് മാതൃഭൂമിയെന്ന് ആരും മറക്കാനിടയില്ല. 

ഇന്നലെ (2023 ജനുവരി 30 )

മലയാള മനോരമ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ ഗാന്ധി ഘാതകൻ ആരായിരുന്നുവെന്നോ എന്തിനാണ് ഗാന്ധിജിയെ കൊന്നതെന്നോ ഒരക്ഷരം പോലും ഇല്ല. മറിച്ച് മനോരമയുടെ മുഖപ്രസംഗത്തിലെ ഒരു വരി ഇങ്ങനെയാണ്. 'ആ മഹാത്മാവിനോട് നമ്മൾ ചെയ്തതോ? വെടി വെച്ചു കൊന്നു.' ഗാന്ധിജിയെ വെടിവെച്ചു കൊന്നത് നമ്മളാണ് പോലും ! ആരാണ് ഈ നമ്മൾ ?  മനോരമയുടെ നമ്മളിൽ ഞങ്ങളില്ല എന്ന്  മുഖപ്രസംഗം വായിക്കുന്ന ഓരോ മതനിരപേക്ഷവാദിയായ മലയാളിയും വിളിച്ചുപറയുന്നുണ്ടാവും. നമ്മൾ എന്ന സർവ്വനാമത്തിൽ ഗോഡ്സെയെ ഒളിപ്പിക്കാൻ മനോരമ തീരുമാനിക്കുമ്പോൾ അതൊരു രാഷ്ട്രീയ നിലപാട് കൂടിയായി മാറുന്നു. 

ഇന്നലെത്തന്നെ മനോരമയിൽ പ്രത്യക്ഷപ്പെട്ട ജോമി തോമസിന്റെ ലേഖനത്തിൽ 1948 ജനുവരി 30ന് രാവിലെ 3.30 ന്  ഗാന്ധിജി ഉറക്കമുണർന്നതു മുതൽ കൊല്ലപ്പെടുന്നത് വരെയുള്ള ഓരോ നിമിഷത്തിന്റെയും വിശദമായ വിവരണമുണ്ട്. ഗോഡ്സെ ഗാന്ധിജിയെ വെടിവെച്ച് കൊന്ന, ചരിത്രത്തിലെ രക്തപങ്കിലമായ നിമിഷങ്ങൾ പ്രസ്തുത ലേഖനത്തിൽ പരാമർശിക്കുന്നത് ഇങ്ങനെയാണ്. 

'ഒരാൾ നമസ്തെ ഗാന്ധിജി എന്നു പറഞ്ഞു കുമ്പിടുന്നു. അയാൾ ഗാന്ധിജിയുടെ കാലുകൾ തൊട്ടു വന്ദിക്കാൻ ശ്രമിക്കുകയാണെന്നു കരുതി മനു തടയുന്നു ' ........ ' അയാൾ ഇടതു കൈ കൊണ്ട് മനുവിനെ തട്ടി മാറ്റി വലതു കൈ കൊണ്ട് ബെററ്റ  പിസ്റ്റൾ എടുത്ത് രാഷ്ട്ര പിതാവിന്റെ നെഞ്ചിലേക്ക് മൂന്ന് വെടിയുണ്ടകൾ ഉതിർക്കുന്നു'. ഇവിടെയും ഗാന്ധി ഘാതകന് പേരില്ല.''ഒരാൾ', "അയാൾ" അത്ര തന്നെ.!  ഗാന്ധിനഗറിലെ മ്യൂസിയത്തിൽ അന്നു കേട്ട അതേ വാക്കുകൾ ഇന്നലെ മനോരമയിലൂടെ നാം വീണ്ടും  കേൾക്കുന്നു. 

ടൈംസ് ഓഫ് ഇന്ത്യയും , ഹിന്ദുസ്ഥാൻ ടൈംസും , ദി ഹിന്ദുവും, ടെലഗ്രാഫും ഉൾപ്പെടെയുള്ള പ്രധാന പത്രങ്ങളും ഇന്നലെ ഏറക്കുറെ മൗനം പാലിച്ചു. ചിലർ ഉൾപ്പേജിൽ കൊടുത്ത കുറിപ്പുകളിൽ എവിടെയും ആർ എസ് എസിന് അലോസരമുണ്ടാക്കുന്ന ഒരക്ഷരം പോലും കടന്നുവരാതിരിക്കാൻ ജാഗ്രത പാലിച്ചു. ഗാന്ധിവധത്തിൽ നിന്ന് ഗാന്ധിജിയുടെ ഘാതകനെയും രാഷ്ട്രപിതാവിനെ കൊന്നുതള്ളിയ ഹിംസോന്മുഖമായ വർഗീയ രാഷ്ട്രീയത്തെയും രക്ഷിച്ചെടുക്കാനുള്ള ആർഎസ്എസ് തീരുമാനത്തിന്റെ വിനീതരായ നടത്തിപ്പുകാരായി പ്രമുഖ മാധ്യമങ്ങൾ മാറുന്നതിന്റെ ദയനീയമായ കാഴ്ചയാണ് ഇപ്പോൾ നാം കാണുന്നത്. 

ഗുജറാത്തിലെ സ്കൂളുകളിൽ ഗാന്ധിജി ആത്മഹത്യ ചെയ്തത് എന്തുകൊണ്ട് എന്ന ചോദ്യം പരീക്ഷയ്ക്ക് തയ്യാറാക്കിയതിനെ കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ ദിവസമാണ് മലയാള മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടത് .  ആർ എസ് എസിന്റെ പുതിയ ചരിത്ര നിർമിതിയുടെ ദിശ വ്യക്തമാക്കുന്ന സംഭവമാണിത്. ഗാന്ധിജിയെ കൊന്നതാര് എന്നതുപോലെ പ്രാധാന്യമുള്ള ചോദ്യമാണ് കൊലപാതകത്തിന്റെ കാരണമെന്തായിരുന്നു എന്നതും. പ്രമുഖ മാധ്യമങ്ങളിലെ ഗാന്ധി അനുസ്മരണ ലേഖനങ്ങളിൽ നിന്നും മുഖപ്രസംഗങ്ങളിൽ നിന്നും ഗാന്ധി ഘാതകന്റെ പേര് മാത്രമല്ല ഗാന്ധിജിയെ കൊന്നുകളഞ്ഞത് എന്തിനായിരുന്നു എന്നതും സൗകര്യപൂർവ്വം മറച്ചുവയ്ക്കപ്പെടുകയാണ്. ഗോഡ്സെ എന്ന ചിന്താ രഹിതനായ 

വർഗീയഭ്രാന്തൻ എന്തിനാണ് രാഷ്ട്രപിതാവിനെ കൊന്നത് ?. വ്യക്തിപരമായ എന്തെങ്കിലും വിരോധത്തിന്റെ പേരിൽ ആയിരുന്നുവോ ആ കൊലപാതകം? അങ്ങനെയല്ലെന്ന് ആധികാരികമായി പറഞ്ഞത് കൊലയാളി ഗോഡ്സേ തന്നെയാണ്. 1948 ജനുവരി 30ന് ഗാന്ധിജി കൊല്ലപ്പെട്ട ശേഷം ഗോഡ്സെയെയും മറ്റും പാർലമെൻറ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തന്റെ പിതാവ് കൊലചെയ്യപ്പെട്ടതറിഞ്ഞ് പരിഭ്രാന്തനായ ഗാന്ധിജിയുടെ ഇളയ മകൻ ദേവദാസ് ഗാന്ധി അവിടേക്ക് ഓടിക്കിതച്ചെത്തുന്നുണ്ട്. പാർലമെൻറ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ വച്ച് രാഷ്ട്ര പിതാവിൻറെ ഘാതകനും രാഷ്ട്രപിതാവിൻറെ പുത്രനും നേർക്കുനേർ കാണുന്നു. ചരിത്രത്തിലെ ഏറെ പ്രത്യേകതകളുള്ള ഒരു കൂടിക്കാഴ്ച . 

ദേവദാസ് ഗാന്ധിയെ കണ്ട ഉടനെ ഗോഡ്സെ അദ്ദേഹത്തിൻറെ സമീപത്തേക്ക് ചെന്നു. യാതൊരു മനസാക്ഷിക്കുത്തും ഇല്ലാതെ സ്വയം പരിചയപ്പെടുത്തി. അതിനു ശേഷം ദേവദാസ് ഗാന്ധിയോട് ദയവായി തന്നെ വിശ്വസിക്കണമെന്നും ദേവദാസ് ഗാന്ധിയുടെ പിതാവ് ഗാന്ധിയുമായി തനിക്ക്  വ്യക്തിപരമായ യാതൊരു വിരോധവും ഉണ്ടായിരുന്നില്ല എന്നും ഗോഡ്സേ ആവർത്തിച്ചു പറയുന്നുണ്ട്. ഇത്രയുമായപ്പോൾ ഇടറിയ ശബ്ദത്തിൽ ദേവദാസ് ഗാന്ധി ചോദിച്ചത് ഒരേയൊരു കാര്യമാണ് "നിങ്ങൾ പിന്നെയെന്തിന് എന്റെ പിതാവിനെ കൊന്നു ?" ഈ ചോദ്യത്തിന് കൊലയാളിയായ ഗോഡ്സെ പറഞ്ഞ മറുപടി ഒരുകാലത്തും ഇന്ത്യ മറന്നു പോകാൻ പാടില്ലാത്ത മറുപടിയാണ്. അത് ഇങ്ങനെയായിരുന്നു "The reason is political , purely political and political alone" . 

ഗാന്ധിജിയെ വധിക്കാൻ ഏക കാരണം രാഷ്ട്രീയമാണ് എന്ന് വ്യക്തമാക്കിയത് കൊലയാളിയായ ഗോഡ്സേ തന്നെയാണ്. രാഷ്ട്രപിതാവിനെ കൊന്നുകളഞ്ഞ കൊടിയ വർഗ്ഗീയ വാദിയായ ഗോഡ്സെ എന്ന ഘാതകനെയും ,  കൊലയാളിയുടെ രക്തഗന്ധിയായ മലിന രാഷ്ട്രീയത്തെയും  തുറന്നുകാട്ടാതെയുള്ള ഗാന്ധി അനുസ്മരണങ്ങൾ ഒക്കെയും അപഹാസ്യമാണ്. രാഷ്ട്ര പിതാവിനെ കൊന്നുകളയാൻ ഗോഡ്സെയ്ക്ക് പ്രേരണയായ ആ രാഷ്ട്രീയം എന്തായിരുന്നു ? ആരാണ് അതയാൾക്ക് പകർന്നു നൽകിയത് ? വർത്തമാന ഇന്ത്യയിൽ സവിശേഷ പ്രാധാന്യമുള്ള ചോദ്യങ്ങളാണിത്. 

ആറാമത്തെ മാപ്പപേക്ഷക്കുശേഷം അൻഡമാനിലെ സെല്ലുലാർ ജയിലിൽ നിന്നും വിട്ടയക്കപ്പെട്ട സവർക്കർ ബ്രിട്ടീഷ് പെൻഷൻ കൈപ്പറ്റി ജീവിക്കുന്നതിനിടയിൽ  രചിച്ച 'എസൻഷ്യൽസ് ഓഫ് ഹിന്ദുത്വ 'എന്ന കൃതിയാണ് ഇന്ത്യൻ വർഗീയതയുടെ വേദപുസ്തകം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്‌.  പ്രസ്തുത പുസ്തകം മുന്നോട്ടുവെക്കുന്ന തീവ്ര വർഗീയ - മതരാഷ്ട്ര ചിന്തകളിൽ  ആകൃഷ്ടനായാണ് 1925 ഏപ്രിലിൽ ഹെഡ്ഗേവാർ സവർക്കറെ സന്ദർശിക്കുന്നത്. ആ കൂടിക്കാഴ്ചയിൽ സവർക്കറുടെ വർഗീയ രാഷ്ട്രീയ പദ്ധതികളെ സ്വീകരിച്ചുകൊണ്ടാണ് അക്കൊല്ലം ഒക്ടോബറിൽ ആർഎസ്എസ് രൂപീകരിക്കുന്നത്. ഇതേ സവർക്കർ ആണ് ഗോഡ്സെയ്ക്ക് വർഗീയ രാഷ്ട്രീയ പദ്ധതികൾ പകർന്നു നൽകിയത്. ഗാന്ധിജിയെ കൊല്ലാൻ പ്രേരണ നൽകിയതും ഗാന്ധിജിയെ വധിക്കാനായി ഗോഡ്സെയെ  ആശിർവദിച്ച് യാത്രയാക്കിയതും സവർക്കർ തന്നെയായിരുന്നു. 

ഗാന്ധിവധക്കേസിലെ പ്രതിയായിരുന്ന സവർക്കറെ കുറ്റവിമുക്തനാക്കി എന്നാണ് മലയാള മനോരമ ഇന്നലെയും ആവർത്തിക്കുന്നത്. ഇത് സംഘപരിവാരത്തിന്റെ ഒരു നിരന്തര പ്രചരണ വിഷയവുമാണ്. വിചാരണാ കോടതി സവർക്കറെ ശിക്ഷിച്ചില്ല എന്നത് ആർഎസ്എസും മനോരമയും ആവർത്തിക്കുമ്പോൾ ചരിത്രം ആ ബിന്ദുവിൽ സ്തംഭിച്ചു പോയിട്ടില്ലെന്നും പിന്നീട് ഗാന്ധിവധ ഗൂഢാലോചന സംബന്ധിച്ച അന്വേഷണങ്ങളുടെ പരിണതി എന്തായിരുന്നുവെന്നും ഓർമിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളൊക്കെ ബോധപൂർവ്വം മായ്ച്ചു കളയാനാണ് ഇക്കൂട്ടർ പരിശ്രമിക്കുന്നത് . 

ഗാന്ധിവധക്കേസിൽ ജയിൽ അടയ്ക്കപ്പെട്ട ചില പ്രതികൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്ത്  പൂനെയിൽ വച്ച് ചേർന്ന യോഗത്തിലാണ് ബാലഗംഗാധര തിലകന്റെ കൊച്ചുമകൻ ഗജാനൻ വിശ്വനാഥ് കേൽക്കർ ഗാന്ധിവധത്തെ സംബന്ധിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയത്. അത് വാർത്തയായപ്പോൾ രാജ്യമെമ്പാടും ഉണ്ടായ കോളിളക്കത്തെ തുടർന്ന് ഗാന്ധിവധത്തെ സംബന്ധിച്ച ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരുന്നതിന് ഒരു കമ്മീഷനെ തന്നെ കേന്ദ്രസർക്കാർ നിയോഗിക്കുകയുണ്ടായി. ആ കമ്മീഷന്റെ ചുമതലയിലേക്ക് പിന്നീട് നിയോഗിക്കപ്പെട്ടത് ജസ്റ്റിസ് ജീവൻ ലാൽ കപൂർ ആയിരുന്നു. കമ്മീഷൻ വിശദമായ തെളിവെടുപ്പുകൾക്ക് ശേഷം 1969ൽ റിപ്പോർട്ട് സമർപ്പിച്ചു . ഗാന്ധിവധത്തിന്റെ സൂത്രധാരൻ സവർക്കർ ആയിരുന്നുവെന്ന് ജെ എൽ കപൂർ കമ്മീഷൻ അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ കണ്ടെത്തിയിട്ടുണ്ട്. പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനന്തര നിയമ നടപടികൾ സ്വീകരിക്കുകയും സവർക്കറെ ഗോഡ്സെയെ പോലെ തൂക്കിലേറ്റുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല. അതിന് കാരണം കപൂർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരുന്നതിനു മുൻപ് സവർക്കർ മരിച്ചുപോയി എന്നതാണ്. തൂക്കിലേറ്റപ്പെടുന്നതിന് മുൻപ് മരിച്ചു പോയതിനാൽ വധശിക്ഷയിൽ നിന്നും രക്ഷപ്പെട്ട കൊലയാളിയാണ് സവർക്കർ എന്നതാണ് വസ്തുത. എന്നാൽ ആർഎസ്എസിനും ആർഎസ്എസ് വിധേയത്വത്തിനാൽ ആർജ്ജവം നഷ്ടപ്പെട്ടവർക്കും സവർക്കർ കോടതി കുറ്റവിമുക്തനാക്കിയ ആൾ മാത്രമാണ്. ഇങ്ങനെയൊക്കെയാണ് ചരിത്രത്തെ വിപരീത ദിശയിൽ പ്രതിഷ്ഠിക്കുന്നത്. 

ആർഎസ്എസിന്റെ വർഗീയ രാഷ്ട്രീയത്തെ മുഖം മിനുക്കിയെടുക്കാനുള്ള സംഘടിത നീക്കം ഏതൊക്കെ ഹീനമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഓരോ ദിവസവും പുറത്തു വരുന്ന ഇത്തരം വാർത്തകൾ തെളിയിക്കുന്നു. ഗാന്ധിജി കൊല്ലപ്പെട്ടതാണെന്ന്, അതൊരു രാഷ്ട്രീയ കൊലപാതകമായിരുന്നുവെന്ന് , കൊന്നത് " ആരോ ഒരാളല്ല "  "നമ്മളുമല്ല "  ഗോഡ്സെ എന്ന വർഗ്ഗീയ വാദിയാണെന്ന്  ഉറക്കെ വിളിച്ചു പറയേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്. ഗാന്ധി അനുസ്മരണം ആണ്ടുതോറുമുള്ള ഉപചാര കീർത്തനങ്ങളുടെ യാന്ത്രികാവർത്തനമല്ല.  മതരാഷ്ട്ര വാദികൾക്കെതിരായ സമര പ്രഖ്യാപനമാണ്.

ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും കടുത്ത വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് മൂർച്ചയേറിയ ചരിത്രസത്യങ്ങൾ നിർഭയം ജനങ്ങളെ ഓർമിപ്പിക്കുവാനുള്ള ആർജ്ജവം മാധ്യമങ്ങൾക്ക് ഇല്ലാതെ പോകുന്നത് തീർത്തും നിരാശാജനകമാണ് .

Contact the author

Web Desk

Recent Posts

Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 1 week ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 2 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More
National Desk 3 weeks ago
Social Post

'പുതുമുഖങ്ങളെ സഹായിച്ച് സമയം കളഞ്ഞു, ഇനി എന്നെ കാണാന്‍ പണം നല്‍കണം'; കൂടിക്കാഴ്ച്ചയ്ക്ക് ഫീസ് നിശ്ചയിച്ച് അനുരാഗ് കശ്യപ്‌

More
More