ഭാരത്‌ ജോഡോ യാത്രയുടെ വിജയത്തിനു പിന്നിലെ ചാലകശക്തി കെ സി വേണുഗോപാൽ - ടി സിദ്ദിഖ്

ഭാരത്‌ ജോഡോ യാത്രയുടെ വിജയത്തിനു പിന്നിലെ ചാലക ശക്തി കെ സി വേണുഗോപാലാണെന്ന് ടി സിദ്ദിഖ് എം എല്‍ എ. പാർട്ടിയുടെ ഇന്നത്തെ അവസ്ഥയിൽ ശക്തരായ പ്രാദേശിക നേതാക്കളുടേയും വിഭവങ്ങളുടെയും അവസ്ഥ ചൂണ്ടിക്കാട്ടി കോൺഗ്രസ്‌  ഒരു സുപ്രധാന രാഷ്ട്രീയ ചൂതാട്ടം നടത്താൻ പോകുന്നു എന്ന് രാഷ്ട്രീയ മാധ്യമ ബുദ്ധിജീവികൾ പ്രവചിച്ചപ്പോൾ, പരിഹസിച്ചപ്പോൾ എല്ലാവരും ഉറ്റ്‌ നോക്കിയത്‌ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും രാഹുൽ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനുമയ കെ സി വേണുഗോപാൽ എന്ന നേതാവിലേക്കായിരുന്നു. ഭാരത് ജോഡോ യാത്രയുടെ അവസാനം കെ സി വേണുഗോപാൽ എന്ന കോൺഗ്രസ്‌ രാഷ്ട്രീയക്കാരൻ ആരാണെന്നും അദ്ദേഹത്തിന്റെ മികവ്‌ എന്താണെന്നും ഇന്ത്യൻ രാഷ്ട്രീയ ലോകം തിരിച്ചറിഞ്ഞു - ടി സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

"ഭാരത്‌ ജോഡോ യാത്രയുടെ വിജയത്തിനു പിന്നിലെ ചാലക ശക്തി കെ സി വേണുഗോപാൽ”

12 സംസ്ഥാനങ്ങളും രണ്ട്‌  കേന്ദ്രഭരണ പ്രദേശവും 75 ജില്ലകളും 4008 കിലോ മീറ്ററുകളും 135 ദിവസവും പിന്നിട്ട് ഭാരത് ജോഡോ യാത്ര കശ്മീരിന്റെ മഞ്ഞ്‌ വീഴ്ചയിൽ അവസാനിച്ചിരിക്കുന്നു. അവസാനിച്ചു എന്നത്‌ സാങ്കേതിക പദം മാത്രമാണെന്ന് ഓർക്കുക. ഇതൊരു പുതിയ തുടക്കം എന്ന് പറയുന്നതാണു ശരി. ഒരിക്കൽക്കൂടി കോൺഗ്രസ്‌ എന്ന ഗ്രാൻഡ് ഓൾഡ് പാർട്ടി ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ ഉയിർത്തെഴുന്നേറ്റത്‌ രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിക്കുന്നത്‌ നാം കണ്ടു. രാഹുൽ ഗാന്ധിയെ വാനോളം പുകഴ്ത്താൻ എതിരാളികൾ പോലും തയ്യാറായതും നാം കണ്ടു. രാഹുൽ ഗാന്ധിയുടെ ടീ ഷേർട്ടിന്റെ വില പറഞ്ഞ പതിവ്‌ രീതിയിൽ പരിഹാസം തുടങ്ങിയ ബിജെപി യാത്രയുടെ വിജയം കണ്ട്‌ അമ്പരന്ന് വില കുറഞ്ഞ വിമർശനം നിർത്തി യാത്രയെ കുറിച്ച്‌ പഠിക്കാൻ തീരുമാനിക്കുന്നു. 

രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന ചിന്തൻ ശിവിറിൽ നിന്ന് പുതിയ കോൺഗ്രസ്‌ ഉദയം ചെയ്തിരിക്കുന്നു. CWC മീറ്റിംഗിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു, "ഞങ്ങൾ അഭിമുഖീകരിക്കുന്ന നിരവധി പ്രത്യയശാസ്ത്ര, തിരഞ്ഞെടുപ്പ്‌, മാനേജുമെന്റ്‌ വെല്ലുവിളികളെ നേരിടാൻ ചിന്തൻ ശിവർ ഒരു പുനഃസംഘടിപ്പിച്ച സംഘടനയെ പ്രഖ്യാപിക്കണം." എന്ന്. അവിടെ നിന്ന് തുടങ്ങുന്നു. പ്രകടനപത്രിക തയ്യാറാക്കാനല്ല ഉദയ്പൂരിലേക്ക് പോകുന്നതെന്നും കോൺഗ്രസിനെ ശക്തിപ്പെടുത്താനും പുനരുജ്ജീവിപ്പിക്കാനും രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക വെല്ലുവിളികൾ നേരിടാനുമുള്ള കർമപദ്ധതി തയ്യാറാക്കാനാണ് ഉദയ്പൂരിലേക്ക് പോകുന്നതെന്ന് കെ സി വേണുഗോപാലും ജയറാം രമേശും പറഞ്ഞതും നാം ഓർക്കണം.

സെപ്തംബർ 7 ന് യാത്ര ആരംഭിക്കുന്നതിന് മുമ്പ്, പാർട്ടിയുടെ ഇന്നത്തെ അവസ്ഥയിൽ ശക്തരായ പ്രാദേശിക നേതാക്കളുടേയും വിഭവങ്ങളുടെയും അവസ്ഥ ചൂണ്ടിക്കാട്ടി കോൺഗ്രസ്‌  ഒരു സുപ്രധാന രാഷ്ട്രീയ ചൂതാട്ടം നടത്താൻ പോകുന്നു എന്ന് രാഷ്ട്രീയ മാധ്യമ ബുദ്ധിജീവികൾ പ്രവചിച്ചപ്പോൾ, പരിഹസിച്ചപ്പോൾ എല്ലാവരും ഉറ്റ്‌ നോക്കിയത്‌ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും രാഹുൽ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനുമയ കെ സി വേണുഗോപാൽ എന്ന നേതാവിലേക്കായിരുന്നു. 

കേരളത്തിൽ നിന്നടക്കം കോൺഗ്രസിനെ സ്നേഹിക്കുന്നവരും രാഷ്ട്രീയ എതിരാളികളും കെ സി വേണുഗോപാലിനെ പരിഹസിക്കുന്നത്‌ നാം കണ്ടു. രാഹുൽ ഗാന്ധിയുടെ ചെരുപ്പ്‌ തേയും എന്നല്ലാതെ കേരളം വിട്ടാൽ യാത്ര വൻ പരാജയമാകും എന്നും ചായക്കടകളിൽ കയറി ചായയും പഫ്സും പൊറോട്ടയും വാങ്ങിക്കൊടുക്കാൻ മാത്രമേ കെ സി വേണുഗോപാലിനു കഴിയൂ എന്നും പരിഹസിച്ചു. പൊറോട്ടയല്ല; പോരാട്ടമാണു വേണ്ടത്‌ എന്ന് അവർ പരിഹസിച്ചു. 

എന്നാൽ യാത്രയുടെ പ്രതികരണം ഹൃദ്യമായിരുന്നു. അവസാനം കെ സി വേണുഗോപാൽ എന്ന കോൺഗ്രസ്‌ രാഷ്ട്രീയക്കാരൻ ആരാണെന്നും അദ്ദേഹത്തിന്റെ മികവ്‌ എന്താണെന്നും ഇന്ത്യൻ രഷ്ട്രീയ ലോകം തിരിച്ചറിഞ്ഞു. കോൺഗ്രസ് സംവിധാനത്തെ ഊണും ഉറക്കുമൊഴിഞ്ഞ്‌ അദ്ദേഹം ഏകോപിപ്പിക്കുന്നത്‌ കണ്ട്‌ കോൺഗ്രസ്‌ നേതാക്കളടക്കം അത്ഭുതം കൂറി. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യവും മിടുക്കും  എത്ര ശക്തമാണെന്ന് ശത്രുക്കൾ പോലും സമ്മതിച്ചു.പ്രൊഫഷണലുകളോ, ബുദ്ധിജീവികളോ, കർഷകരോ, ചെറുകിട വ്യവസായികളോ, സ്ത്രീകളോ, കുട്ടികളോ, മുതിർന്ന പൗരന്മാരോ ആകട്ടെ, തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന് പുറത്ത് അപൂർവമായി മാത്രം കാണുന്ന വേഗത്തിലും താഴേത്തട്ടിലുള്ള ആളുകളെയും യാത്രയുടെ ഭാഗമാക്കാൻ കെ സി വേണുഗോപാലിനും കോൺഗ്രസിനും കഴിഞ്ഞു. വിവിധ വിഭാഗം ജനങ്ങളെ ചേർത്ത്‌ നിർത്തി. പാർട്ടിയുടെ അടിത്തറയും കേഡറും നേതൃത്വവും, അവർ ഒരുമിച്ച് പ്രവർത്തിച്ചാൽ കോൺഗ്രസ്‌ ശക്തമായി പുനർജ്ജനിക്കുമെന്ന് യാത്ര തെളിയിച്ചു കഴിഞ്ഞു. യാത്രയ്ക്കിടെ അദ്ദേഹം തൊട്ടടുത്ത സംസ്ഥാനത്ത്‌ പോയി മുതിർന്ന നേതാക്കൾ മുതൽ ബൂത്ത്‌ തല നേതാക്കളെ വരെ യാത്രയ്ക്കൊരുക്കുന്നു. അതിനിടയിൽ ഡൽഹിയിൽ പോയി ദേശീയ രാഷ്ട്രീയ കാര്യങ്ങൾക്ക്‌ കോൺഗ്രസിന്റെ നിലപാട്‌ ചർച്ച ചെയ്യുന്നു. ഓരോ സംസ്ഥാനങ്ങളിലേയും രാഷ്ട്രീയ കാര്യങ്ങൾ വിലയിരുത്തുന്നു. വീണ്ടും രാഹുൽ ഗാന്ധിക്കൊപ്പം നടക്കാനും ഏകോപിപ്പിക്കാനും ഓടിയെത്തുന്നു. കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ ഇങ്ങനെയൊരു പ്രവർത്തനം നിങ്ങൾ മുമ്പ്‌ കണ്ടിട്ടോ? സോണിയാജി ചിന്തൻ ശിവറിൽ പറഞ്ഞ കാര്യം അക്ഷരാർത്ഥത്തിൽ നടപ്പിൽ വരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. 

ഭാരതീയ ജനതാ പാർട്ടി-രാഷ്ട്രീയ സ്വയംസേവക് സംഘ് കൂട്ടുകെട്ടിന് എതിരായ ഒരു പൊതു ദേശീയ പ്ലാറ്റ്‌ഫോമിലേക്ക് ബൗദ്ധികവും ആക്ടിവിസ്റ്റ് വീക്ഷണങ്ങളുടെ വിശാലമായ ശ്രേണിയും ഒത്തുചേരുന്നത് നമ്മൾ കണ്ടു. ഐക്യം, നാനാത്വം, സഹിഷ്ണുത എന്നിവയെ കുറിച്ചുള്ള യാത്രയുടെ കാതലായ പ്രത്യയശാസ്ത്രം സാമുദായികവും സാമൂഹികവുമായ വിഭജനത്തിന്റെ ചുറ്റുപാടിൽ സ്വാധീനം ചെലുത്തിയത് മാത്രമല്ല, അക്കാദമിക് വിദഗ്ധർ, എഴുത്തുകാർ, തൊഴിലാളി യൂണിയൻ നേതാക്കൾ, അഭിനേതാക്കൾ തുടങ്ങി മാധ്യമപ്രവർത്തകർ, ഡോക്ടർമാർ, നിയമജ്ഞർ തുടങ്ങി വിവിധ വ്യക്തികളെ കോൺഗ്രസ് സജീവമായി ഉൾപ്പെടുത്തിയതുകൊണ്ട്‌ കൂടിയാണത്‌. അടിച്ചമർത്തപ്പെട്ടവർക്ക്‌ ഭരണകൂട ഭീകരതയുടെ വേട്ടയാടൽ അനുഭവിച്ചവർക്ക്‌ നിരാലംബരായ സാധാരണക്കാർക്ക്‌ ഒരു പൊതുവേദിയുണ്ടാക്കാൻ ഭാരത്‌ ജോഡോ യാത്രയ്ക്ക്‌ കഴിഞ്ഞു. അങ്ങനെയൊരു യാത്ര ഓരോ സംസ്ഥാനത്തും സംഘടിപ്പിക്കാനും അതോടോപ്പം യാത്രയുടെ ഭാഗമാകാനും ഒരേ സമയം കെ സി വേൺഗുഗോപാലിനു കഴിഞ്ഞത്‌ ഒരു രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ അത്ഭുതത്തോടെ നിരീക്ഷിക്കുകയായിരുന്നു. അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ അടക്കം അപമാനിച്ചവർ കഴിവ്‌ കെട്ടവൻ എന്ന് പറഞ്ഞവർ ഇപ്പോൾ യാത്രയെ പുകഴ്ത്തുന്ന തിരക്കിലാണു. എന്നാൽ കെ സി വേണുഗോപാലിനെ കുറിച്ച്‌ അവർ ഓർത്തോ? തിരുത്തിപ്പറയാൻ പലരും അന്തസ്സ്‌ കാണിക്കണം എന്ന് പറയാതെ വയ്യ. 

കോൺഗ്രസിന്റെ ചരിത്രത്തിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു പ്രധാന വ്യത്യാസം രാഹുൽ ഗാന്ധി ക്ഷമയോടെ നടത്തിയ ഇടപെടലുകളാണു. മാധ്യമ മേഖലയേയും ജനകീയതയെ ചേർത്ത്‌ പിടിക്കുന്നതിലും അത്‌ പ്രകടമായി. രാഹുൽ ഗാന്ധിയുടെ ഷെഡ്യൂൾ നോക്കൂ. ദിവസവും 20-30 കിലോമീറ്റർ നടക്കുന്നതിനു പുറമേ, കോർണർ മീറ്റിംഗ്, പത്രസമ്മേളനങ്ങൾ, പൊതുയോഗം എന്നിവയ്ക്ക് അദ്ദേഹം സമയം കണ്ടെത്തിയിട്ടുണ്ട്‌. ഏത് മാനദണ്ഡമനുസരിച്ചും അത് കഠിനമായ ഷെഡ്യൂളാണ്. രാഹുൽ ഗാന്ധി അത്‌ ആസ്വദിച്ച്‌ തന്നെ രാജ്യത്തിനു വേണ്ടി ഒരു മടുപ്പും പ്രകടിപ്പിച്ചില്ല. രാഹുൽ ഗാന്ധിയെ വിമർശിക്കാൻ കോടികൾ ചെലവാക്കി ചില മാധ്യമങ്ങൾ കഠിനമായി ശ്രമിച്ചിട്ടും അവർക്ക്‌ പോലും അദ്ദേഹത്തെ പുകഴ്ത്തേണ്ടി വന്നു. ജോഡോ വാർത്തകൾ കൊടുക്കേണ്ടി വന്നു. രാഹുൽ ഗാന്ധിയെ പപ്പുവാക്കി ചിത്രീകരിക്കാൻ കോടികൾ പൊടിക്കുന്ന അടവും നിലംപരിശായി. ഇങ്ങനെ രാഹുൽ ഗാന്ധിയെ മാറ്റിപ്പണിതതിൽ, ഈ ഷെഡ്യൂൾ രാജ്യത്തെ കോൺഗ്രസിന്റെ ഏറ്റവും താഴെ തട്ട്‌ മുതൽ നിയന്ത്രിച്ചത്‌ ആരാണെന്ന് നമ്മൾ സമ്മതിച്ച്‌ കൊടുക്കണ്ടേ? പരിഹസിച്ചവരുടെ നാവ്‌ കൊണ്ട്‌ തന്നെ അത്‌ തിരുത്തിപ്പറയണ്ടേ? 

ആശയവൽക്കരണം മുതൽ അത്‌ പ്രായോഗികമായി പൂർത്തീകരിച്ചതിൽ കോൺഗ്രസിന്റെ സംഘടനാപരമായ കഴിവിന്റെ ശ്രദ്ധേയമായ തെളിവാണ് ഭാരത്‌ ജോഡോ യാത്ര. യാത്രയിലൂടെ, രാഹുൽ ഗാന്ധിയുടെ കൂടുതൽ സൂക്ഷ്മമായ ഒരു ചിത്രം ഉദയം ചെയ്യുന്നതും നമ്മൾ കണ്ടു. അദ്ദേഹത്തിന്റെ കഠിനമായ ഷെഡ്യൂൾ, വ്യക്തികളുമായുള്ള ആശയവിനിമയങ്ങൾ, കോർണർ മീറ്റിംഗുകൾ, പത്രസമ്മേളനങ്ങൾ എന്നിവ ഒരു നേതാവെന്ന നിലയിൽ ഒരു പുതിയ ഇമേജ് വരയ്ക്കുന്നു. ഗോത്രവർഗക്കാർ, കർഷകർ, ബുദ്ധിജീവികൾ എന്നിവരുമായി അടച്ചിട്ട വാതിലിലൂടെയുള്ള ആശയവിനിമയത്തിൽ അദ്ദേഹത്തെ നിരീക്ഷിച്ചവർക്ക്, അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ വിശാലതയും ആശയവിനിമയത്തിന്റെ ഒഴുക്കും വെളിവാക്കുന്നതായിത്തീരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ബിജെപി ചിത്രീകരിക്കുന്ന പപ്പു അല്ല എന്ന് അവർക്ക്‌ പോലും സമ്മതിക്കേണ്ടി വന്നു. കശ്മീരിലെ ചിനാർ മരങ്ങളിൽ മഞ്ഞ്‌ വീഴുമ്പോൾ രാഹുൽ ഗാന്ധി പുതിയ ഒരു ഇന്ത്യൻ രാഷ്ട്രീയ ചരിത്രമെഴുതിയപ്പോൾ കടുത്ത മഞ്ഞ്‌ വിഴ്ചയിലും ഒരു നീല ജാക്കറ്റ്‌ ധരിച്ച മനുഷ്യൻ മഞ്ഞ്‌ വക വെക്കാതെ പരിപാടി നിയന്ത്രിക്കുന്നത്‌ നാം കണ്ടു. സോണിയാജിയും പ്രിയങ്കാജിയും ആഗ്രഹിച്ചത്‌ പോലെ യാത്ര അവസാനിക്കുമ്പോൾ കളിക്കൂട്ടുകാരനോടെന്ന പോലെ കെ സി വേണുഗോപാലിന്റെ തലയിൽ രാഹുൽ ഗാന്ധി മഞ്ഞ്‌ വാരിയിടുമ്പോൾ ഒരു മഹാ യജ്ഞം വിജപ്പിച്ച ആ മനുഷ്യനെ അവർ അത്രമേൽ സ്നേഹിക്കുന്നു.

ഭാരത്‌ ജോഡോ യാത്രയുടെ ഈ മഹാ വിജയത്തിനു പിന്നിലെ ശിൽപിയെ, വരാൻ പോകുന്ന കോൺഗ്രസിന്റെ പോരാട്ടങ്ങളെ ഏകോപിപ്പിക്കാൻ പോകുന്ന കെ സി വേണുഗോപാൽ എന്ന ഉജ്ജ്വലനായ പാരമ്പര്യവും കരുത്തുമുള്ള നേതാവിനെ വിമർശിച്ച്‌ നടന്നവർ അംഗീകരിക്കാൻ തയ്യാറാകണം... അല്ലെങ്കിൽ അത്‌ ആത്മവഞ്ചനയാകുമെന്ന് ഭാരത്‌ ജോഡോ യാത്ര തെളിയിച്ച്‌ കഴിഞ്ഞു. രാഹുൽ ഗാന്ധിക്ക്‌ അദ്ദേഹം നൽകിയ ആത്മബലവും ഊർജ്ജവും എത്രത്തോളമായിരുന്നു എന്ന് നമ്മൾ കണ്ട്‌ കഴിഞ്ഞു. അതോടൊപ്പം ജയറാം രമേശ്‌, ദിഗ്‌വിജയ്‌ സിംഗ്‌ എന്നിവർ യാത്രയെ വിജയിപ്പിക്കുന്നതിൽ നടത്തിയ പങ്കും നമുക്ക്‌ വിസ്മരിക്കാനാവില്ല. പാർട്ടിയോടുള്ള കൂറൂം കോൺഗ്രസിനെ തിരിച്ച്‌ കൊണ്ട്‌ വരാൻ ഈ പ്രായത്തിലും അവർ നടത്തിയ പോരാട്ടം ആർക്കും വിസ്മരിക്കാൻ കഴിയില്ല... എല്ലാത്തിലുമുപരി കോൺഗ്രസ്‌ പ്രസിഡണ്ട്‌ ശ്രീ മല്ലികാർജ്ജുന ഖാർഗ്ഗെയുടെ ഇടപെടലുകളും ഭാരത്‌ ജോഡോ യാത്രയിൽ നിർണ്ണായകമായി. ചിനാർ മരങ്ങൾ പോലും നിന്ന് വിറയ്ക്കുന്ന മഞ്ഞ്‌ പെയ്ത്തിൽ എൺപത്‌ വയസ്സ്‌ പിന്നിട്ട ഖാർഗ്ഗെ ഒരു വിറയലുമില്ലാതെ പ്രസംഗിക്കുന്നത്‌ കണ്ടപ്പോൾ പ്രായം തളർത്താത്ത പോരാളിയാണദ്ദേഹമെന്ന് പലർക്കും ബോധ്യമായിട്ടുണ്ടാകും.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 9 hours ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 4 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 6 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More