തിരുവനന്തപുരം: സമരം ചെയ്യുന്നവരെ ശത്രുക്കളായി കാണുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാ സമരങ്ങളും തനിക്കെതിരാണെന്ന ഏകാധിപതിയുടെ ചിന്തയാണ് പിണറായി വിജയനെന്നും സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷം ഇനിയും പ്രതിഷേധിച്ചുകൊണ്ടേയിരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സെക്രട്ടറിയേറ്റ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ സന്ദര്‍ശിച്ചതിനുശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പി കെ ഫിറോസിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ പ്രതിരോധ നടപടിയാണെന്നും ജനകീയ സമരങ്ങളുടെ മുന്‍നിരയില്‍ കേരളത്തിലെ പ്രതിപക്ഷം ഇനിയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലൂടെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനുളള നഷ്ടപരിഹാരം കെട്ടിവച്ചതിനെത്തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. 14 ദിവസമായി പ്രവര്‍ത്തകര്‍ ജയിലിലായിരുന്നു. പികെ ഫിറോസ് ഇതുവരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല.