ലക്‌നൗ: പ്രവര്‍ത്തിച്ച പൊതുസമൂഹത്തിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ച് സിദ്ദിഖ് കാപ്പന്‍. 'ജയിലിലായി ഇരുപത്തിയെട്ടാം മാസമാണിത്. ഇപ്പോഴെങ്കിലും പുറത്തിറങ്ങാനായത് പത്രപ്രവര്‍ത്തക യൂണിയനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കമുളള പൊതുസമൂഹവും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം സഹായിച്ചതുകൊണ്ടാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും നന്ദി'- എന്നാണ് സിദ്ദിഖ് കാപ്പന്‍ പറഞ്ഞത്. പൂര്‍ണമായും നീതി ലഭിച്ചുവെന്ന് പറയാനാവില്ലെന്നും തനിക്കൊപ്പമുണ്ടായിരുന്നവര്‍ക്കുകൂടെ നീതി ലഭിച്ചാലേ അത് പൂര്‍ണമാവുകയുളളു എന്നും കാപ്പന്‍ പറഞ്ഞു.
'ഒരുപാട് സഹോദരന്മാര്‍ എന്നെപ്പോലെ കളളക്കേസില്‍ കുടുങ്ങി ജയിലില്‍ കഴിയുന്നുണ്ട്. അവര്‍ക്കൊന്നും നീതി ലഭിക്കാത്ത കാലത്തോളം നീതി പൂര്‍ണ്ണമായും നടപ്പിലായെന്ന് പറയാനാവില്ല. നല്ല കാര്യത്തിനായാണ് ഞാന്‍ ജയിലില്‍ കിടന്നത്. ഒരു ദളിത് പെണ്‍കുട്ടിയുടെ നീതിക്കായി, അവരനുഭവിച്ചത് പുറംലോകത്തെ അറിയിക്കാന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവേയാണ് എന്നെ കളളക്കേസില്‍ കുടുക്കി ജയിലിലടച്ചത്. എന്റെ ബാഗില്‍നിന്ന് ഒരു നോട്ട് പാഡും രണ്ട് പേനയും മാത്രമാണ് അവര്‍ക്ക് ലഭിച്ചത്'- സിദ്ദിഖ് കാപ്പന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. യുപിയിലെ ഹഥ്രാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പന്‍ കഴിഞ്ഞ 28 മാസമായി ജയിലില്‍ കഴിയുകയായിരുന്നു.
2022 സെപ്റ്റംബര്‍ ഒന്‍പതിന് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചു. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിസംബര്‍ 24-ന് ജാമ്യം ലഭിച്ചു. എന്നാല്‍ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് ജയില്‍മോചനം നീണ്ടുപോവുകയായിരുന്നു. ജാമ്യവ്യവസ്ഥ പ്രകാരം ജയില്‍മോചിതനായി ആറ് ആഴ്ച്ച ഡല്‍ഹിയില്‍ തങ്ങിയതിനുശേഷം മാത്രമേ കാപ്പന് കേരളത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കുകയുളളു.