തിരുവനന്തപുരം: പഞ്ഞി മിഠായില്‍ ക്യാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക പരിശോധന ആരംഭിച്ചുവെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. അടുത്തിടെ രൂപം നല്കിയ സ്റ്റേറ്റ് സ്പെഷ്യല്‍ ടാസ്ക് ഫോര്ഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. കരുനാഗപള്ളിയിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ ആറ് വര്‍ഷത്തോളമായി കരുനാഗപ്പള്ളി കേന്ദ്രമാക്കി മിഠായി നിര്‍മാണം നടക്കുന്നുണ്ട്. വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് മിഠായി നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. 25ലധികം ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. മിന്നല്‍ പരിശോധനയില്‍ നിരോധിത നിറങ്ങള്‍ ചേര്‍ക്കുന്നത് കണ്ടെത്തിയതിനാലാണ് സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചത്. വില്പനയ്ക്കായി തയ്യാറാക്കിയിരുന്ന കവര്‍ മിഠായികള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.