പാറ്റ്ന: 2022 ഡിസംബറില്‍ സിംഗപ്പൂരില്‍വെച്ചാണ് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. മകള്‍ രോഹിണി ആചാര്യയാണ് ലാലുവിന് വൃക്ക ദാനം ചെയ്തത്. ശസ്ത്രക്രിയക്കുശേഷം അദ്ദേഹം സിംഗപ്പൂരില്‍ വിശ്രമത്തിലായിരുന്നു. ഇന്ന് അദ്ദേഹം തിരികെ ഇന്ത്യയിലേക്ക് വരികയാണ്. ഈ പശ്ചാത്തലത്തില്‍ ട്വിറ്ററില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് രോഹിണി ആചാര്യ. താന്‍ ഒരു മകളുടെ കടമ നിറവേറ്റിയെന്നാണ് കരുതുന്നതെന്നും അദ്ദേഹത്തെ ജനങ്ങളുടെ കൈകളിലേക്ക് ഏല്‍പ്പിക്കുകയാണെന്നും രോഹിണി വൈകാരികമായ കുറിപ്പില്‍ പറയുന്നു.
'നിങ്ങളെല്ലാവരോടും എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. നമ്മുടെ എല്ലാവരുടെയും നേതാവായ ശ്രീ ലാലുജീയുടെ ആരോഗ്യത്തെക്കുറിച്ചാണത്. ഫെബ്രുവരി പതിനൊന്നിന് പപ്പ സിംഗപ്പൂരില്‍നിന്ന് ഇന്ത്യയിലേക്ക് വരികയാണ്. ഒരു മകള്‍ എന്ന നിലയില്‍ ഞാന്‍ എന്റെ കടമ ചെയ്തു. പൂര്‍ണ്ണ ആരോഗ്യവാനാക്കി ഞാന്‍ അദ്ദേഹത്തെ നിങ്ങള്‍ക്കിടയിലേക്ക് അയക്കുന്നു. നിങ്ങള്‍ അദ്ദേഹത്തെ നന്നായി നോക്കണം'- രോഹിണി ആചാര്യ ട്വിറ്ററില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നേരത്തെ, ലാലു പ്രസാദ് യാദവിന് വൃക്ക നല്‍കിയതിന് രോഹിണിയെ അഭിനന്ദിച്ച് ബിജെപി നേതാക്കളുള്‍പ്പെടെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ലാലുവിന്റെ ആരോഗ്യനിലയെക്കുറിച്ചും ചികിത്സയുടെ ഓരോ ഘട്ടങ്ങളെക്കുറിച്ചും വിശദമായ കുറിപ്പുകള്‍ പങ്കുവെച്ചിരുന്നു.