കൊച്ചി: കളമശേരിയില്‍ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ കെ എസ് യു ജില്ലാ സെക്രട്ടറി മിവാ ജോളിയെ പുരുഷ പൊലീസ് കോളറില്‍ പിടിച്ച് വലിച്ച സംഭവത്തില്‍ കേരളാ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃക്കാക്കര എംഎല്‍എ ഉമാ തോമസ്. കാക്കിയിട്ട ക്രിമിനലിനെതിരെ പ്രതിഷേധമുയരേണ്ടതുണ്ടെന്ന് ഉമാ തോമസ് പറഞ്ഞു. ജനാധിപത്യ മാര്‍ഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പെണ്‍കുട്ടിയെ പിണറായി പൊലീസ് തെരുവില്‍ വലിച്ചിഴയ്ക്കുകയായിരുന്നെന്നും മിവാ ജോളിക്ക് അഭിവാദ്യങ്ങളെന്നും ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയത്. ഇതെന്ത് തോന്ന്യാസമാണ്. ഭീരുവായ ഭരണാധികാരിയെ പ്രീണിപ്പിക്കാനാണോ കാക്കിയിട്ട കൊളളരുതാത്തവന്റെ ഈ പ്രകടനം എന്നാണ് വിടി ബല്‍റാം ചോദിച്ചത്. ഒരു പരിധി വിട്ടാല്‍ ആ കൈ അവിടെ വേണ്ടെന്ന് വയ്ക്കുമെന്നും കളി കോണ്‍ഗ്രസിനോട് വേണ്ടെന്നുമായിരുന്നു എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഒരു ചെറിയ പെണ്‍കുട്ടിയെ കോളറില്‍ പിടിച്ചു വലിക്കുന്നതാണ് പിണറായി സര്‍ക്കാരിന്റെ പുതിയ സ്ത്രീ സുരക്ഷ. സ്വന്തം മകളുടെ പ്രായമുളള കുട്ടിയോട് ഇങ്ങനെ പെരുമാറാനുളള മാനസികാവസ്ഥയിലേക്ക് കേരളാ പൊലീസ് കൂപ്പുകുത്തി എന്നാണ് കോണ്‍ഗ്രസ് നേതാവ് വീണാ എസ് നായര്‍ പറഞ്ഞത്.
ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് കളമശേരിയില്‍വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കുനേരേ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. പൊലീസ് ഉദ്യോഗസ്ഥന്, കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരേ നീങ്ങിയ മിവയുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുവലിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.