പേടിപ്പിച്ച് ചിരിപ്പിക്കുന്ന 'രോമാഞ്ചം'- ക്രിസ്റ്റിന കുരിശിങ്കല്‍

ടിക്കറ്റ് കാശ് നഷ്ടമായെന്ന് ആര്‍ക്കും തോന്നാനിടയില്ലാത്ത സിനിമയാണ് രോമാഞ്ചം. വ്യക്തിപരമായി പറഞ്ഞാല്‍ അടുത്തകാലത്ത് കണ്ടതില്‍ ഏറ്റവും രസകരമായ ഈ സിനിമ. ബാച്ച്ലര്‍ ലൈഫില്‍ ഒരുമിച്ച് താമസിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയാണ് രോമാഞ്ചം പറയുന്നത്. ടെലിവിഷനില്‍ 'കൈരളി വിലാസം ലോഡ്ഗ്ജ്' മുതല്‍ സിനിമയില്‍ 'പാവം പാവം രാജകുമാരന്‍' വരെ ഒട്ടേറെ സിനിമകള്‍ ബാച്ച്ലര്‍ ഹോമുകളുടെയും അവിടുത്തെ രസങ്ങളുടെയും കഥ പറഞ്ഞിട്ടുണ്ട്. ആ രസങ്ങള്‍ക്കൊക്കെയിടയില്‍ ആ വീട്ടിലെയോ ലോഡ്ജിലെയോ ഓരോരുത്തരും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഉപകഥകളായും അവതരിപ്പിക്കുന്നതില്‍ പല സിനിമകളും മിടുക്ക് കാണിച്ചിട്ടുണ്ട്. ക്യാമറയോടിപ്പോയി ഒപ്പിയെടുക്കുന്ന ആ ഉപകഥകളെ ഒരു കോമണ്‍ സ്പേസില്‍ ഇതള്‍ വിടര്‍ത്തി അവസാനിപ്പിക്കുക എന്നതാണ് അത്തരം സിനിമകള്‍ ക്ലെെമാക്സില്‍ ചെയ്യുന്നത്. വ്യത്യസ്തമായൊരു ആഖ്യാനത്തിലൂടെ ആ പറ്റേണില്‍ തന്നെ മുന്നോട്ടുപോകുന്ന സിനിമ പക്ഷെ അവസാനിക്കാന്‍ കൂട്ടാക്കുന്നില്ല എന്നതാണ് രോമാഞ്ചത്തെ മുന്‍ചൊന്ന സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്.

നേരത്തെ സൂചിപ്പിച്ച കാരണങ്ങളാല്‍ രോമാഞ്ചത്തിലെ ചെറുപ്പക്കാരുടെ താമസവും ജീവിതവും സംസാരവുമെല്ലാം പ്രേക്ഷകന് വളരെ പരിചിതമാണ്. സിനിമ തുടങ്ങി അധികം താമസിയാതെ തന്നെ പ്രേക്ഷകരോരുത്തരും സിനിമയിലെ കഥാപാത്രങ്ങളായി മാറുമെന്നതാണ് സത്യം. കാണിയും സിനിമയ്ക്കകത്താണോ പുറത്താണോ എന്ന് തീര്‍പ്പാകുന്നത് തിയറ്ററിനകത്ത് വെളിച്ചം വീഴുമ്പോള്‍ മാത്രമാണ്. ബാംഗ്ലൂരിലാണ് കഥ നടക്കുന്നത്. മലയാളികളായ 7 സുഹൃത്തുക്കള്‍ ഒന്നിച്ചു താമസിക്കുന്ന ഒരു വീട്. സിനിമയുടെ പകുതിയിലധികം ഷൂട്ട്‌ ചെയ്തിരിക്കുന്നത് ഈ വീട്ടില്‍ വെച്ചാണ്. ജോലിക്ക് പോകുന്നവരും പോകാത്തവരുമടങ്ങുന്ന, കഷ്ടപ്പെട്ടും അടിച്ചുപൊളിച്ചും ജീവിക്കുന്ന സുഹൃത്തുകള്‍. ഇതിനിടയിലാണ് സൌബിന്‍ അവതരിപ്പിക്കുന്ന ജിബി എന്ന കഥാപാത്രം പുതിയ പ്രശ്നങ്ങളുമായി കയറി വരുന്നത്. തമാശയ്ക്ക് സുഹൃത്തുകളെ പറ്റിക്കുവാന്‍ വേണ്ടി ഓജോ ബോര്‍ഡ് വെച്ച് ആരംഭിക്കുന്ന കളി പിന്നീട് കാര്യമാകുന്നത് വളരെ സ്വാഭാവികമായി ഫീല്‍ ചെയ്യിക്കുന്നുണ്ട് സംവിധായകന്‍.  

ഹൊറര്‍ സിനിമകള്‍ ഏത് ഭാഷയിലാണെങ്കിലും അതിന് ഡിമാന്‍ഡ് കൂടുതലാണ്. പേടിപ്പിക്കുന്ന സിനിമകളെ നെഞ്ചിടിപ്പോടുകൂടിയാണ് ഓരോ പ്രേക്ഷകനും കാണുക. ഒരു മിഥ്യയെ സത്യമാണെന്ന് നമ്മുടെ മുന്‍പില്‍ സംവിധായകന്‍ കാണിച്ചു തരുമ്പോള്‍ മറ്റൊന്നും ആലോചിക്കാതെ തന്നെ സിനിമയുടെ ആത്മാവിനൊപ്പം സഞ്ചരിക്കാനാണ് ഓരോ സിനിമാ പ്രേമിയും ആഗ്രഹിക്കുക. അത്തരമൊരു കഥയാണ് രോമാഞ്ചം പറയുന്നത്. കാണികളുടെ ഉള്ളില്‍ ടെന്‍ഷന്‍ ക്രിയേറ്റ് ചെയ്യുന്നതിനോടൊപ്പം തന്നെ കുറെയധികം തമാശകള്‍ നിറയ്ക്കാനും നവാഗത സംവിധായകന്‍ ജിത്തു മാധവന് സാധിച്ചു. ഏതെങ്കിലും ഒരു ഘട്ടത്തില്‍ പണി പാളിപ്പോകാന്‍ സാധ്യയുള്ള ഒരു കഥാതന്തുവിനെ ജീവസ്സുറ്റതാക്കി നിലനിര്‍ത്തി, പ്രേക്ഷനെ ഇളക്കിമറിക്കാന്‍ രോമാഞ്ചത്തിന്‍റെ സംവിധായകനും ടീമിനും സാധിച്ചുവെന്ന് നിസ്സംശയം പറയാം.

പഴയകാല മലയാള യക്ഷിക്കഥകളിലേതുപോലെ ചിലങ്കയോ പിന്നാമ്പുറ മെലഡിയൊ രോമാഞ്ചത്തിലെ ആത്മാവിന് അകമ്പടി സേവിക്കുന്നില്ല. അത് പ്രേതങ്ങളുടെ സ്റ്റീരിയോ ടെെപ്പ് സ്വരൂപത്തെ മറികടക്കാന്‍ സിനിമയെ സഹായിക്കുന്നുണ്ട്. സിനിമയ്ക്ക് ജീവന്‍ വെക്കുന്നത് അര്‍ജുന്‍ അശോകന്‍റെ കഥാപാത്രം രംഗപ്രവേശം ചെയ്യുമ്പോഴാണ്. മനോഹരമായാണ് സിനുയെന്ന കഥാപാത്രത്തെ  അര്‍ജുന്‍ കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയുടെ ഗതിതന്നെ മാറ്റിവിടുന്ന കഥാപത്രമാണത്. സിനു എന്ന കഥാപാത്രത്തിന്‍റെ ഓരോ ആക്ഷനും വളരെ രസകരമാണ്. അതേസമയം പേടിപ്പിക്കുന്നതും പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതുമായ പ്രകടനമാണ് അര്‍ജുന്‍ കാഴ്ചവെച്ചിരിക്കുന്നത്. നടന്‍ ഇതുവരെ ചെയ്തുവെച്ച കഥാപാത്രങ്ങളില്‍ നിന്നും വളരെ വേറിട്ടുനില്‍ക്കുന്നതാണ് രോമാഞ്ചത്തിലെ സിനു. തെരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെയും അഭിനയത്തിന്‍റെയും പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സൗബിന്‍ ഇത്തവണ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നതില്‍ പക്വത കാണിച്ചിട്ടുണ്ട്.  

സിനിമയിലെ ഓരോ കഥാപാത്രത്തെയും ആരെ ഏല്‍പ്പിക്കണം എന്ന കാര്യത്തില്‍ ജിത്തു മാധവന്‍ എന്ന സംവിധായകന്‍ കാണിച്ച സൂക്ഷ്മത വളരെയധികം പ്രശംസ അര്‍ഹിക്കുന്നുണ്ട്. സൗബിന്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ ചിരപരിചിതരായ നടന്മാരെ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. എന്നാല്‍ എല്ലാവരും അവരവരുടെ പ്രകടനത്തില്‍ സിനിമയോട് നൂറുശതമാനം നീതി പുലര്‍ത്തിയിട്ടുണ്ട് എന്ന് പറയാന്‍ സാധിക്കും. എടുത്തുപറയാവുന്ന ഒരു കാര്യം തമാശ ജനിപ്പിക്കാന്‍ വേണ്ടി സാധാരണ ഉപയോഗിക്കാറുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്ലായെന്നതാണ്. സ്ത്രീയെ വെറും വസ്തുവല്‍ക്കരിക്കുന്നതോ ദ്വയാര്‍ത്ഥ പ്രയോഗങ്ങളാലുള്ള തമാശകളോ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ 'അനാമിക'യെന്ന പേരില്‍ ഒരു നായിക സൂചിതമായുണ്ടെങ്കിലും  ആ കഥാപാത്രം ഒരിക്കല്‍ പോലും സിനിമയില്‍ ഉടല്‍ എടുക്കുന്നില്ല. അനാമികയുടെ മുഖം ഓരോ പ്രേക്ഷനും അവരവരുടെ സങ്കല്പക്കണ്ണാടിയില്‍ കാണാനുള്ള അവസരം സിനിമ ശേഷിപ്പിക്കുന്നുണ്ട്. 

തുടക്കത്തില്‍ പറഞ്ഞതുപോലെ ഒരു 'ഹൊറര്‍ കോമഡി' വിഭാഗത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തെ വേറിട്ടുനിര്‍ത്തുന്നത് സുഷിന്‍ ശ്യാമിന്‍റെ ബാക്ക്ഗ്രൌണ്ട് സ്കോറാണ്. സിനിമയുടെ റിലീസിന് മുന്‍പ് ഹിറ്റായ 'നിങ്ങള്‍ക്ക് ആദരാഞ്ജലികള്‍ നേരട്ടെ'യെന്ന പാട്ടിലാണ് സിനിമ അവസാനിക്കുന്നത്. ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്‍റെയുള്ളില്‍ നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ടാകും. അതിനുള്ള ഉത്തരം സിനിമയുടെ രണ്ടാം ഭാഗം തരും. രോമാഞ്ചം 2- വും ഇതുപോലെ പ്രേക്ഷകന് എല്ലാം മറന്ന് ഉറക്കെ ചിരിക്കാനുള്ള ഒരു വിഭവമായി മാറുമെന്ന് പ്രതീക്ഷിക്കാം. പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ തിയേറ്ററില്‍ പോകുന്ന പ്രേക്ഷകന് വളരെ രസകരമായി കണ്ടിറങ്ങാന്‍ സാധിക്കുന്ന സിനിമയാണ് രോമാഞ്ചം.

Contact the author

Christina Kurisingal

Recent Posts

Web Desk 4 months ago
Reviews

ഈ സംവിധായകനിലേക്ക് ലോകം പ്രതീക്ഷയോടെ നോക്കും; കാതല്‍ റിവ്യു | ആസാദ് മലയാറ്റില്‍

More
More
Dr. Azad 1 year ago
Reviews

വീണ്ടും ചെങ്കൊടിയില്‍ ചോരയിരമ്പി തിരയിളക്കുന്നതുപോലെ: തുറമുഖം റിവ്യൂ- ആസാദ് മലയാറ്റില്‍

More
More
Reviews

പക്വമായ പ്രകടനംകൊണ്ട് അമ്പരപ്പിക്കുന്ന ഭാവന; 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' റിവ്യൂ

More
More
Reviews

'പുഴു' വെറുമൊരു മുഖ്യധാരാ പടമല്ല- കെ കെ ബാബുരാജ്

More
More
Dr. Azad 2 years ago
Reviews

പട ഒരു പടപ്പുറപ്പാടാണ്, അതിമനോഹരമായ സിനിമയാണ്- ഡോ. ആസാദ്

More
More
Web Desk 2 years ago
Reviews

‘തിങ്കളാഴ്ച നിശ്ചയം‘ ഹൃദ്യമായ ഒരു ചലച്ചിത്രാനുഭവം- രേണു രാമനാഥ്

More
More