ഇടുക്കി: മാമ്പഴം മോഷ്ടിച്ച കേസിലെ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിടും. ഇടുക്കി എ ആര് ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി വി ഷിഹാബിനെതിരെയാണ് നടപടി. ഇയാള്‍ക്ക് ഡിജിപി കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ക്രിമിനല്‍ പശ്ചാത്തലമുളള പൊലീസുകാര്‍ക്കെതിരായ നടപടിയെടുക്കലിന്റെ തുടര്‍ച്ചയായാണ് തീരുമാനം.
2022 സെപ്റ്റംബറിലാണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മുണ്ടക്കയത്തെ പഴക്കടയില്‍നിന്ന് ഷിഹാബ് പത്തുകിലോയിലേറേ മാമ്പഴം മോഷ്ടിച്ചത്. പരാതിയില്ലെന്ന് കടക്കാരന് അറിയിച്ചതോടെ കേസ് ഒത്തുതീര്‍പ്പായി. എന്നാല്‍ സംഭവം പൊലീസ് നേതൃത്വത്തിന് നാണക്കേടുണ്ടാക്കിയതോടെയാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മാമ്പഴ മോഷണക്കേസില്‍ മാത്രമല്ല, ഷിഹാബ് ബലാത്സംഗക്കേസിലും പ്രതിയാണ്. 2019-ല്‍ മുണ്ടക്കയം പൊലീസാണ് ഇയാള്‍ക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിനും ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും ഷിഹാബിനെതിരെ കേസെടുത്തിരുന്നു. ക്രിമിനല്‍ പശ്ചാത്തലത്തിന്റെ പേരില്‍ ഒരു മാസത്തിനുളളില്‍ പിരിച്ചുവിടല്‍ നടപടി നേരിടുന്ന ആറാമത്തെ പൊലീസുകാരനാണ് ഷിഹാബ്.