ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്നും മഞ്ജു വാര്യരുള്പ്പെടെയുളള ആളുകളെ പ്രോസിക്ക്യൂഷന് വീണ്ടും വിസ്തരിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് ജിതേന്ദ്ര കുമാര്‍ മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിന് പ്രോസിക്ക്യൂഷന് ഉന്നയിക്കുന്ന കാരണം കഴമ്പില്ലാത്തതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.
പ്രോസിക്ക്യൂഷന് മുന്നോട്ടുവെച്ച എല്ലാ സാക്ഷികളുടെയും വിസ്താരം തുടരാമെന്നും വിസ്താരമുള്പ്പെടെയുളള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി പറഞ്ഞു. ഒരുമാസത്തിനുളളില്‍ വിചാരണ പൂര്‍ത്തിയാക്കാമെന്ന് സര്‍ക്കാര്‍ മറുപടി നല്കി. കേസിലെ പ്രധാന സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് പ്രതിഭാഗമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കേസിന്റെ വിചാരണ എത്രയുംവേഗം പൂര്‍ത്തിയാകണമെന്നാണ് അതിജീവിത ആഗ്രഹിക്കുന്നതെന്നും ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് ദിലീപ് തീരുമാനിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പോകരുതെന്നും അതിജീവിതയ്ക്കായി ഹാജരായ അഭിഭാഷകന് ആര് ബസന്ത് കോടതിയില്‍ പറഞ്ഞു. മാര്‍ച്ച് 24-ന് കേസ് വീണ്ടും പരിഗണിക്കും.