കൊച്ചി: മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തെലുങ്കിലെ യുവതാരം അഖില്‍ അക്കിനേനിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഏജന്റ് ' സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. അഖില്‍ അക്കിനേനിയും സാക്ഷി വൈദ്യയുമാണ് 'മല്ലി മല്ലി' എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ചുവട് വെച്ചിരിക്കുന്നത്. ഹിപ്ഹോപ് തമിഴയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും. അദിത്യ ഐയ്യങ്കാറാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്.
ഏപ്രില്‍ 28-നാണ് ചിത്രം തിയേറ്ററിലെത്തുക. ആക്ഷന്‍ ഡ്രാമ വിഭാഗത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ചിത്രം റിലീസാകും. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായിയാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നത്. ഏജന്റ് കേരളത്തിൽ വിതരണം നിർവഹിക്കുന്നത് അഖിൽ, ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ്.
സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റസൂൽ എല്ലൂരാണ്. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്. എ.കെ. എന്റർടൈൻമെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ദേശീയ അവാർഡ് ജേതാവ് നവീൻ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്.
ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥപറഞ്ഞ യാത്ര എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ ഈ ചിത്രവും മികച്ച വിജയം കൈവരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക