വയനാട്ടില്‍ ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ഇതോടെ വയനാട് കൊവിഡ് മുക്ത ജില്ലയായി. ഇതുവരെ മൂന്നുപേര്‍ക്കാണ് വയനാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നേരത്തേ രണ്ടുപേര്‍ ആശുപത്രി വിട്ടിരുന്നു. സംസ്ഥാനത്ത് രോഗികളില്ലാതിരുന്നത് തൃശൂരും ആലപ്പുഴയിലുമായിരുന്നു.
നിലവില്‍ വയനാട് ജില്ല ഓറഞ്ച് സോണാണ്. മറ്റു ജില്ലകളിൽനിന്നുള്ള പ്രവേശനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുട ആദ്യഘട്ടത്തിൽ തന്നെ നിരോധിച്ചിരുന്നു. കർണാടക, തമിഴ്നാട് അതിർത്തിയും അടച്ചിട്ടിരിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വയനാട്ടിലേക്കുള്ള കടന്നുകയറ്റം തുടര്‍ന്നാല്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ അടച്ചിടേണ്ടി വരുമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല മുന്നറിയിപ്പ് നല്‍കി. ഇതിനകം അതിര്‍ത്തി കടന്നെത്തിയ 118 പേരെ പിടികൂടി കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.