ഡല്‍ഹി: പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി അവര്‍ക്കായി ഒരുക്കിയ സൌകര്യങ്ങള്‍ വിശദീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്കി. ഉദ്യോഗസ്ഥ തലത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.
വിദേശകാര്യ വികാസ് സ്വരൂപ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. പ്രവാസികള്‍ വന്നിറങ്ങുമ്പോള്‍ വിമാനത്താവളം മുതല്‍ കൈകൊണ്ടിട്ടുള്ള നടപടികള്‍ വിശദമായി വിവരിക്കാനാണ് നിര്‍ദ്ദേശം. എയര്‍പോര്‍ട്ട് മുതല്‍ വീട്ടിലോ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലോ എത്തിക്കാനുള്ള സംവിധാനങ്ങള്‍?, എത്രത്തോളം നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്?, എത്ര പ്രവാസികളെ ഉള്‍ക്കൊള്ളാനുള്ള സൌകര്യമാണ് ഓരോ സംസ്ഥാനത്തിനും ഉള്ളത്?, രോഗ പരിശോധനക്കുള്ള സംവിധാനം ? തുടങ്ങി വിശദമായ റിപ്പോര്‍ട്ടാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനങ്ങളുടെ മറുപടികള്‍ വിശദമായി ചര്‍ച്ച ചെയ്തതിനുശേഷം രാജ്യത്തെ നിലവിലുള്ള സ്ഥിതിക്ക് ഭീഷണിയാവാത്ത തരത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ആലോചന.
സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെടുന്ന കാര്യത്തിനാണ് ഇപ്പോള്‍ കേന്ദ്രം പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഈ തീരുമാനത്തിന്റെ ഫലം ഏറ്റവും നന്നായി ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. ഈ ആവശ്യം ഉന്നയിച്ച് പ്രവാസി സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ലോക്ക് ഡൌണ്‍ കഴിയുന്നതു വരേ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാന് കഴിയില്ല എന്ന നിലപാടാണ് അന്ന് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. ഇതിനിടെ നാട്ടിലേക്ക് മടങ്ങാന്‍ ത യ്യാറായിട്ടുള്ള വിദേശ പൌരന്മാരെ അതതു രാജ്യങ്ങള്‍ കൊണ്ടുപോകണമെന്ന് അമേരിക്കയും സൌദി, യു എ ഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനരാലോചന നടത്തിയത് എന്നാണ് കരുതുന്നത്.