ഡല്‍ഹി: രാഹുല്‍ ഗാന്ധി രാജ്യവിരുദ്ധ ടൂള്‍ക്കിറ്റിന്റെ ഭാഗമാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജെ പി നദ്ദയുടെ പരാമര്‍ശത്തിന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്പ്പോലും പങ്കെടുത്തിട്ടില്ലാത്ത ബിജെപിയാണ് യഥാര്‍ത്ഥത്തില്‍ ദേശവിരുദ്ധരെന്നും തൊഴിലില്ലായ്മയും വിലക്കയറ്റവുമുള്പ്പെടെയുളള പ്രശ്നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'അവര്‍ (ബിജെപി) തന്നെ ദേശവിരുദ്ധരാണ്. അവര്‍ ഒരിക്കല്‍പ്പോലും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ല. ബ്രിട്ടീഷുകാര്ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ആ അവരാണ് മറ്റുളളവരെ ദേശവിരുദ്ധരെന്ന് വിളിക്കുന്നത്. തൊഴിലില്ലായ്മ പോലുളള പ്രശ്നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുളള ശ്രമമാണിത്. രാഹുല്‍ ഗാന്ധിക്ക് എന്നെങ്കിലും ദേശവിരുദ്ധനാവാന് സാധിക്കുമോ? ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത് ദേശവിരുദ്ധതയാണോ? ജെപി നദ്ദയുടെ പരാമര്‍ശത്തെ ഞാന്‍ അപലപിക്കുന്നു. ഇതിന് രാഹുല്‍ ഗാന്ധി തന്നെ പാര്‍ലമെന്റില്‍ ശക്തമായ മറുപടി നല്‍കും'- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കോണ്‍ഗ്രസ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും രാഹുല്‍ ഗാന്ധി ദേശവിരുദ്ധ ടൂള്‍കിറ്റിന്റെ ഭാഗമാണെന്നുമാണ് ജെപി നദ്ദ പറഞ്ഞത്. രാഹുല്‍ ഗാന്ധി സ്പീക്കര്‍ക്ക് മാപ്പെഴുതി നല്‍കിയാലേ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കൂ എന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷിയും പറഞ്ഞിരുന്നു. അതേസമയം, അദാനി വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ രാഹുല്‍ ഗാന്ധിയെ അനുവദിക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.