ഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തെ രാഹുല്‍ ഗാന്ധി അപമാനിച്ചുവെന്ന ബിജെപിയുടെ ആരോപണത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി വിദേശരാജ്യങ്ങളില്‍ച്ചെന്ന് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അവഹേളിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെയാണ് നരേന്ദ്ര മോദി ഇന്ത്യയെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
മോദി അധികാരത്തിലെത്തിയ ആദ്യ കാലങ്ങളില്‍ അദ്ദേഹം നടത്തിയ വിദേശ പര്യടനങ്ങളിലെല്ലാം മന്മോഹന് സിംഗ് സര്‍ക്കാരിനെ അധിക്ഷേപിച്ചുകൊണ്ട് നിരവധി പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. അതില്‍ നിന്നും കുറച്ച് ഉദാഹരണങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിടുന്നതെന്ന് 9 വീഡിയോ ക്ലിപ്പുകള്‍ പുറത്തുവിട്ടുകൊണ്ട് സുപ്രിയ ട്വീറ്റ് ചെയ്തു. ചൈന, സൗത്ത് കൊറിയ, ജര്‍മ്മനി, ഓസ്ട്രേലിയ, യുഎസ്, കാനഡ, യു കെ തുടങ്ങിയ രാജ്യങ്ങളില്‍ മോദി സംസാരിച്ച വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം, ലണ്ടനിലെ സെമിനാറില്‍ താന്‍ രാജ്യവിരുദ്ധമായി ഒന്നുംതന്നെ പറഞ്ഞിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. ബിജെപി അനുവദിക്കുകയാണെങ്കില്‍ ലണ്ടനില്‍ പറഞ്ഞതെല്ലാം പാര്‍ലമെന്റിലും പറയാന്‍ താന്‍ തയാറാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയില്‍ ജനാധിപത്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയാണ് ബിജെപി വിമര്‍ശനം ഉന്നയിക്കുന്നത്.