മുംബൈ: ഇന്ത്യയിലെ സ്ത്രീകള്‍ അലസരവും മറ്റുളളവരെ ആശ്രയിക്കുന്നവരുമാണെന്ന് നടി സൊണാലി കുല്‍ക്കര്‍ണി. അവര്‍ക്ക് നന്നായി സമ്പാദിക്കുന്ന കാമുകനെയോ ഭര്‍ത്താവിനെയോ ആണ് വേണ്ടതെന്നും സ്വന്തമായി വീടും ജോലിയുമുളള പുരുഷന്മാരെ തേടുന്നതിനിടെ അവര്‍ സ്വയം നിലപാടെടുക്കാന്‍ മറന്നുപോവുകയാണെന്നും സൊണാലി പറഞ്ഞു.
'ഇന്ത്യയിലെ സ്ത്രീകള്‍ അലസരാണെന്ന വസ്തുത നമ്മള് മറന്നുപോകുന്നു. നന്നായി സമ്പാദിക്കുന്ന കാമുകനെയോ ഭര്‍ത്താവിനെയോ ആണ് അവര്‍ക്കുവേണ്ടത്. സ്വന്തമായി വീടും സ്വത്തും ജോലിയുമുളള പുരുഷന്മാരെ... അതിനിടെ അവര്‍ സ്വന്തം നിലപാടുകള്‍ മറന്നുപോകുന്നു. സ്വയം പര്യാപ്തരാകണമെന്ന ചിന്തപോലും അവര്‍ക്കില്ല. അവര്‍ എന്താണെന്ന് അവര്‍ക്കുതന്നെ അറിയില്ല. സ്ത്രീകളെ സ്വയം പര്യാപ്തരാക്കാന്‍ എല്ലാവരും ശ്രമിക്കണം. എങ്കില്‍ മറ്റുളളവരെ ആശ്രയിക്കാതെ വീട്ടുചെലവുകള് പങ്കുവെയ്ക്കാന്‍ അവര്‍ക്കാകും'-എന്നായിരുന്നു സൊണാലി പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സൊണാലിയുടെ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. സ്വന്തം കാലില്‍ നില്‍ക്കുകയും സമ്പാദിക്കുകയും ചെയ്യുന്ന സ്ത്രീകളെ സൊണാലിക്ക് അറിയില്ലേ എന്നാണ് ചിലര്‍ ചോദിക്കുന്നത്. വീട്ടുജോലികള്‍ മുഴുവന്‍ ചെയ്ത് കുടുംബം നോക്കുന്ന സ്ത്രീകള്‍ എങ്ങനെയാണ് അലസരാവുക എന്നും ചിലര്‍ ചോദിച്ചു. സംഭവം വിവാദമായതോടെ നടി ക്ഷമചോദിച്ച് രംഗത്തെത്തി.
'ഞാനൊരു സ്ത്രീയാണ്. മറ്റൊരു സ്ത്രീയെ വേദനിപ്പിക്കുക എന്നതായിരുന്നില്ല എന്റെ ഉദ്ദേശം. നമ്മുടെ പരിധികളും കഴിവുകളും തിരിച്ചറിഞ്ഞാല്‍ മാത്രമേ മുന്നേറാന്‍ സാധിക്കുകയുളളു എന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. എന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നു. ഈ സംഭവത്തില്‍നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. നമുക്ക് കൂടുതല്‍ ചിന്തകള്‍ കൈമാറാന്‍ സാധിക്കുമെന്ന് കരുതുന്നു' -എന്നാണ് സൊണാലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.