സ്വയം സമൂഹമാണെന്ന് കരുതി ജീവിച്ച പ്രസ്ഥാനത്തിന്‍റെ പേരാണ് ഇ എം എസ് - എസ് വി മെഹജൂബ്

എന്തെങ്കിലും പറയുമ്പോൾ, ചെയ്യുമ്പോൾ, ചെയ്തതിനെ കുറിച്ച് ആലോചിക്കുമ്പോൾ, ആലോചനയെ കുറിച്ച് പറയുമ്പോൾ ഉള്ളിൽ തിടംവെച്ചു വരുന്ന ഞാൻ.... ഞാൻ..... ഞാ..... ൻ പരിസരത്തുവെച്ച് ഇ എം എസിനെ re - visit ചെയ്തു. നമ്പൂതിരിപ്പാട് ഒരു സവർണ്ണ കുലോത്തമനാണ് എന്ന് തിരിച്ചറിയുന്നതിന് മുൻപ് ഇ എം എസ് നമ്പൂതിരിപ്പാട് എന്ന് ഒഴുകുന്ന മലയാള അക്ഷരത്തിൽ ഒപ്പു ചേർത്ത ലേഖനങ്ങൾ വിടാതെ വായിച്ചിരുന്നു.

സി പി ഐ എം പരിപൂർണ്ണമായി ശരിയാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലാതിരുന്നതിനാൽ അരക്കിണറിലെ നാരായണേട്ടൻ്റെ വിറക് പീടികക്ക് മുന്നിൽ, വിറക് തൂക്കുന്നതിനിടയിൽ അദ്ദേഹം തരുന്ന പിന്തുണയുടെ ബലത്തിൽ കോൺഗ്രസ്, ലീഗ് കൊലകൊമ്പൻമാരോട് മണിക്കൂറുകളുടെ വാദപ്രതിവാദം! സി പി ഐ ക്കാരനായിരുന്ന ഗോവിന്ദേട്ടൻ്റെകൂടി സഹായത്തോടെ എതിരാളികൾക്കുമേൽ അശ്വമേധം നടത്തിയും ചിലപ്പോഴൊക്കെ ഇളിഞ്ഞും അവസാനിക്കുന്ന രാഷ്ട്രീയം പറച്ചിൽ പിറ്റേന്നും തുടരും. 

എൻ്റെ വാദങ്ങളുടെ ഊർജ്ജസ്രോതസ് ദേശാഭിമാനിയിൽ വരുന്ന ഇ എം എസിൻ്റെ കോളമായിരുന്നു. പഞ്ചായത്തു മുതൽ ലോക്സഭ വരെ ഏത് തെരഞ്ഞെടുപ്പു കഴിഞ്ഞാലും ''കേരള രാഷ്ട്രീയം ഇന്നലെ ഇന്ന് നാളെ.'' എന്ന ടൈറ്റിലിൽ ഇ എം എസ് എഴുതും. അതുമുഴുവൻ വള്ളിപുള്ളി വിടാതെ വായിക്കും. ''ഇ എം എസ് കളവുപറയില്ല, സി പി ഐ എം തെറ്റു ചെയ്യുന്ന പാർട്ടിയാണെങ്കിൽ ഇ എം എസ് അതിൽ നിൽക്കില്ല. അതുകൊണ്ട് സി പി ഐ എം ശരിയാണ്.'' എട്ടിലും ഒമ്പതിലുമൊക്കെ പഠിക്കുമ്പോൾ ഇ എം എ സായിരുന്നു എൻ്റെ ശരികളുടെ കാവലാൾ. മരിക്കുന്ന ദിവസവും എഴുതിക്കൊണ്ടിരുന്ന ഒരു ലേഖന പരമ്പരയിലെ ആ ഭാഗം വായിച്ചിരുന്നു.

കാലണ കയ്യിൽവെയ്ക്കാതെ പറമ്പും വീടും വിറ്റ് പാർട്ടിക്ക് കൊടുത്തതിൻ്റെ അത്ഭുതം പറഞ്ഞു പറഞ്ഞാണ് എൻ്റെ കൗമാരം തീർന്നുപോയത്. എന്നിട്ടും ഇ എം എസ് ഒരിയ്ക്കലും തന്നെക്കുറിച്ച് വാചാലനായില്ല. നിരന്തരം തെറ്റേറ്റുപറഞ്ഞ് വിനീതനായി. 1965 ൽ ആണെന്ന് തോന്നുന്നു 'എൻ്റെ ആത്മകഥ' എന്ന അദ്ദേഹത്തിൻ്റെ ' ആത്മകഥക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. ഒരാത്മകഥക്ക് ആദ്യമായി അക്കാദമി പുരസ്കാരം ലഭിച്ചു എന്ന ബഹുമതിയുണ്ട്. 1937 വരെയുള്ള കാര്യങ്ങളേ ആത്മകഥയിൽ പറഞ്ഞിട്ടുള്ളു. പിന്നിലുള്ള തൻ്റെ ജീവിതം കേരള രാഷ്ട്രീയചരിത്രവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ അത് വിട്ടു കളയുന്നു എന്ന് പ്രസ്താവിച്ചുകൊണ്ടാണ് ആത്മകഥ അവസാനിപ്പിക്കുന്നത്. 

പുരസ്കാരത്തിന് തെരഞ്ഞെടുക്കുമ്പോൾ ആത്മകഥയിൽ ജൂറി കണ്ട ന്യൂനത അതിൽ ആത്മാംശമില്ല എന്നായിരുന്നു. അത് നികത്താനാണ്  മുതിർന്ന പത്രപ്രവർത്തകനും ദേശാഭിമാനിയിലെ എഡിറ്റർമാരിലൊരാളുമായിരുന്ന അപ്പുക്കുട്ടൻ വള്ളിക്കുന്ന് 'അറിയപ്പെടാത്ത ഇ എം എസ്' എഴുതിയത്. വെറുതെ എഴുന്നേറ്റ് നിൽക്കുമ്പോൾതന്നെ ആത്മാംശം കൂടിപ്പോകുന്ന നമുക്കിടയിലാണ് സ്വയം ഒരു സമൂഹമായിത്തീർന്ന ഇ എം എസ് ജീവിച്ചത്. വ്യക്തി എന്ന നിലയിലുള്ള സുരക്ഷിതത്വബോധത്തിനപ്പുറം സമൂഹത്തിലുള്ള വിശ്വാസമാണ് ഇ എം എസിനെ നയിച്ചത്. അതുകൊണ്ട് വ്യക്തി സുരക്ഷിതത്വത്തിൻ്റെ ഒരു മാനദണ്ഡവും അദ്ദേഹം മുഖവിലക്കെടുത്തില്ല. സ്വകാര്യങ്ങളോടുള്ള ഒരു റിയൽ കമ്യൂണിസ്റ്റിൻ്റെ നിർമമത തന്നെയാണ് ഇ എം എസിൻ്റെ ഞാനില്ലായ്മയിലും സ്വകാര്യ സ്വത്തിനോടുള്ള മനോഭാവത്തിലും തെളിഞ്ഞുനിൽക്കുന്നത്. അതുകൊണ്ടുതന്നെ മനസ്സും അനുഭവങ്ങളും സ്വകാര്യമല്ലെന്നും 'ഞാൻ' എന്നാൽ വ്യക്തിയല്ല, സമൂഹമാണെന്നും കരുതി ജീവിച്ച ഒരു പ്രസ്ഥാനത്തിൻ്റെ പേരാണ് ഇ എം എസ്.

Contact the author

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More